21 August Wednesday

നവമാധ്യമങ്ങളിൽ പറക്കുന്നു ‘രക്തപതാക’

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020
എഴുകോൺ
‘പോയിടാം ഇനിയുമേറെ ദൂരമുണ്ടാകിലും 
ഏന്തിടാം നെഞ്ചിലെന്റെ ജീവനാകുമീ പതാകയും 
നാടിതിന്റെ നന്മയായ്‌ തീർന്നിടാം സഖാക്കളെ 
നാട്ടൊരുമ കൂട്ടമായ്‌ കൂടിടാം സഖാക്കളെ’
നാടൊട്ടുക്ക്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണം പൊടിപൊടിക്കുമ്പോൾ കിഴക്കൻമേഖലയിലെ ഭൂരിഭാഗം എൽഡിഎഫ്‌ സ്ഥാനാർഥികളുടെയും പ്രൊമോ വീഡിയോയിൽ ഉയരുന്ന വരികൾ ഇതാണ്‌. വാനോളം ആവേശം നിറയ്‌ക്കുന്ന വിപ്ലവഗാനം സാമൂഹ്യമാധ്യമങ്ങളിൽ സ്റ്റാറ്റസുകളായും നിറയുന്നു. പാറിപ്പറക്കുന്ന ചെങ്കൊടി പാട്ടിന്‌ അകമ്പടിയാകുന്നു.   
പുരോഗമന കലാസാഹിത്യസംഘം നെടുവത്തൂർ ഏരിയ കമ്മിറ്റി ചിത്രീകരിച്ച ‘രക്തപതാക’യെന്ന വിപ്ലവഗാനം മന്ത്രി കെ ടി ജലീലിന്റെ ഫെയ്‌സ്‌ബുക്ക്‌ പേജിലൂടെയാണ്‌ റിലീസ് ചെയ്തത്‌. വീഡിയോ ഇതിനകം കണ്ടത്‌ ആയിരക്കണക്കിനു പേർ. നൂറുകണക്കിന് ഷെയറും. 
പുരോഗമന കലാസാഹിത്യ സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി എഴുകോൺ സന്തോഷാണ് ഗാനരചന നിർവഹിച്ചത്. ആദ്യമായി എഴുതിയ വിപ്ലവഗാനം തെരഞ്ഞെടുപ്പുരംഗത്ത് മുതൽക്കൂട്ടാകും വിധം പ്രവർത്തകർ ഏറ്റെടുത്തതിന്റെ ആവേശത്തിലാണ് സന്തോഷ്. ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡന്റും സിഐടിയു ജില്ലാ കമ്മിറ്റി അംഗവുമായ സന്തോഷിന്‌ ഡിസിസി ജനറൽ സെക്രട്ടറി പദവി ഉപേക്ഷിച്ച് അടുത്തിടെ ഇടതുപക്ഷത്തേക്ക്‌ എത്തിയ ആളെന്ന പ്രത്യേകതയുമുണ്ട്. 
കവിതയും പാട്ടും എഴുതുന്ന സന്തോഷ് സംഗീത ആൽബങ്ങളുടെ ദൃശ്യ സംവിധായകനെന്ന നിലയിലും ശ്രദ്ധേയനാണ്.
ആദ്യ കവിതാ സമാഹാരത്തിന്റെ പ്രസിദ്ധീകരണം കോവിഡ് പ്രതിസന്ധിയെ തുടർന്ന് മാറ്റിവച്ചതോടെയാണ് സംഗീത ആൽബം എന്ന ആശയത്തിന്റെ പിറവി. ആൽബങ്ങൾ വിജയിച്ചതോടെയാണ് ആർ പ്രഭാകരൻപിള്ള പ്രസിഡന്റും മുന്നൂർ ഗോപാലകൃഷ്ണൻ സെക്രട്ടറിയുമായ പുരോഗമന കലാസാഹിത്യസംഘം നെടുവത്തൂർ ഏരിയ കമ്മിറ്റി സന്തോഷിന്റെ രചനയിലുള്ള വിപ്ലവഗാനമെന്ന ആശയവുമായി മുന്നോട്ടുവന്നത്. പാങ്ങോട് രാധാകൃഷ്ണൻ സംഗീതവും അഞ്ചൽ വേണു ഓർക്കസ്ട്രയും ഒരുക്കിയ ഗാനം ചന്ദ്രഗുപ്തൻ കുഴിമതിക്കാടാണ് ആലപിച്ചത്‌. നാടക പ്രവർത്തകനായ അമൽ മുട്ടറയുടെ നേതൃത്വത്തിൽ ഒരുക്കിയ ദൃശ്യങ്ങൾ ഏറെ പ്രശംസ നേടിക്കഴിഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top