22 December Sunday

മണ്ണിടിച്ചിൽ: 585 കുടുംബങ്ങൾ ഭീഷണിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Aug 4, 2024
സ്വന്തം ലേഖകൻ
തൃശൂർ
 ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ  മണ്ണിടിച്ചിൽ സാധ്യതയെന്ന്‌  റിപ്പോർട്ട്‌.  മലയോര  പ്രദേശങ്ങളിലാണ്‌ അപകട ഭീഷണി കൂടുതലുള്ളത്‌.  ഈ പ്രദേശങ്ങളിൽനിന്ന്‌   585 കുടുംബങ്ങളെ  മാറ്റിപാർപ്പിക്കണമെന്നും റിപ്പോർട്ട്‌.  2018ൽ ഉരുൾപ്പൊട്ടി നാശംസംഭവിച്ച പ്രദേശങ്ങളിൽ നിരവധി  വീട്ടുകാർക്ക്‌ പകരം ഭൂമിയും വീടും നൽകി മാറ്റി പാർപ്പിച്ചിട്ടുണ്ട്‌.  ചിലയിടങ്ങളിൽ വീടും സ്ഥലവും വാങ്ങാൻ സർക്കാർ തുക അനുവദിച്ചെങ്കിലും മാറ്റി പാർപ്പിക്കാനായിട്ടില്ല.   വീട്ടുകാർ മാറാൻ വിമുഖത കാട്ടിയതായും റിപ്പോർട്ടിലുണ്ട്‌. പുതുതായി ചില  വനപ്രദേശങ്ങളിൽ നീരൊഴുക്കും മണ്ണിടിച്ചിൽ സാധ്യത കണ്ടെത്തിയിട്ടുണ്ട്‌.  ഇത്തരം സ്ഥലങ്ങളിൽ വിദഗ്‌ദ പഠനം ആവശ്യമാണെന്നും നിർദേശമുണ്ട്‌.   സംസ്ഥാന ദുരന്തനിവാരണവകുപ്പിന്റെ   നിർദേശപ്രകാരം ജില്ലാ മണ്ണ്‌ സംരക്ഷണ വകുപ്പ്‌   പരിശോധന നടത്തിയാണ്‌ റിപ്പോർട്ട്‌   തയ്യാറാക്കിയിട്ടുള്ളത്‌. 
     തലപ്പിള്ളി താലൂക്കിലെ പുല്ലൂർ  വില്ലേജ്‌,  വരവൂർ,  പുലാക്കോട്‌, കൊണ്ടാഴി, എങ്കക്കാട്‌, വടക്കാഞ്ചേരി, ദേശമംഗലം, ചേലക്കര, കിള്ളിമംഗലം,  മുകുന്ദപുരം താലൂക്കിലെ ആമ്പല്ലൂർ, പുത്തൻചിറ, മാടായിക്കോണം, തെക്കുംകര, പൊറിത്തിശ്ശേരി, പൊയ്യ, മടത്തുംപടി, പള്ളിപ്പുറം,  കാറളം, ചാവക്കാട്‌ താലൂക്കിലെ മുല്ലശേരി, ബ്രഹ്മക്കുളം,  എളവള്ളി, ചാലക്കുടി താലൂക്കിലെ പരിയാരം,  അതിരപ്പിള്ളി, കുറ്റിച്ചിറ, മറ്റത്തൂർ, കോടശേരി, മലക്കപ്പാറ,  തൃശൂർ താലൂക്കിൽ മുളയം, പുത്തുർ, പീച്ചി, മാടക്കത്തറ, കിള്ളന്നൂർ,  വെങ്ങിണിശേരി, കുന്നംകുളം താലൂക്കിലെ ആളൂർ, പോർക്കുളം എന്നീ വില്ലേജുകളിലെ ചില പ്രദേശങ്ങളിലാണ്‌ അപകടഭീഷണിയുള്ളതായാണ്‌  റിപ്പോർട്ട്‌.  
      പല വീടിനു മുകളിലും ഇളകി നിൽക്കുന്ന പാറകളുണ്ട്‌. ഇടിയാൻ സാധ്യതയുള്ള മൺത്തിട്ടകളുമുണ്ട്‌. ചിലയിടങ്ങളിൽ രുക്ഷമായ മണ്ണിടിച്ചിൽ പ്രശ്‌നങ്ങളുള്ളതായും റിപ്പോർട്ടുണ്ട്‌.  2018ലെ പ്രളയത്തിനു ശേഷം റവന്യൂ, ജിയോളജി, മണ്ണ്‌ സംരക്ഷണ വകുപ്പ്‌, പഞ്ചായത്ത്‌ സംയുക്തമായി പരിശോധന നടത്തി  കലക്ടർക്ക്‌ റിപ്പോർട്ട്‌ സമർപ്പിച്ചിരുന്നു.  ആ റിപ്പോർട്ടിലെ പ്രദേശങ്ങൾ പരിശോധനയ്‌ക്ക്‌ വിധേയമാക്കി. പുനരധിവാസ പ്രവൃത്തികളും വിലയിരുത്തിയിട്ടുണ്ട്‌.
Highlights : പുതുതായി ചില  വനപ്രദേശങ്ങളിൽ നീരൊഴുക്കും മണ്ണിടിച്ചിൽ സാധ്യത കണ്ടെത്തി

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top