വടക്കാഞ്ചേരി
കുറാഞ്ചേരി മലയിലെ മണ്ണിടിഞ്ഞ സ്ഥലത്ത് ജിയോളജി വകുപ്പ് പരിശോധന നടത്തി. നിലവിൽ ആശങ്ക ആവശ്യമില്ലെന്നും ജാഗ്രത പുലർത്തണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. സംസ്ഥാന പാതയിലൂടെ സഞ്ചരിച്ചിരുന്ന വഴിയാത്രക്കാരാണ് മണ്ണിടിച്ചിൽ ഉണ്ടായതായി വെള്ളിയാഴ്ച അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. 2018 ൽ 19 പേരുടെ ജീവനെടുത്ത ദുരന്ത സ്ഥലത്തിന് മുകൾ ഭാഗത്തായി 150 മീറ്റർ അകലെ വനഭൂമിയിലാണ് വീണ്ടും മണ്ണ് ഇടിഞ്ഞത്. 2018ൽ ഉണ്ടായ മണ്ണിടിച്ചിലിന്റെ പാർശ്വ പാളികളാണ് ശക്തമായ മഴയിൽ മരത്തോടൊപ്പം താഴെക്ക് നിരങ്ങി വന്നതെന്ന് മൈനിങ് ജിയോളജി സംഘം അറിയിച്ചു. ഉരുൾപൊട്ടലിൽ സർവസ്വവും തകർന്ന പ്രദേശത്ത് റീബിൽഡ് കേരള പദ്ധതിയിലൂടെ റോഡുകളും നീർച്ചാലുകളും നിർമിച്ച് സൗകര്യങ്ങൾ ഒരുങ്ങുന്നതിനിടെയാണ് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായത്. ജില്ലാ ജിയോളജിസ്റ്റ് എസ് സൂരജിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘമാണ് മലയിൽ പരിശോധന നടത്തിയത്. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ, ഫോറസ്റ്റ് മച്ചാട് ഡെപ്യൂട്ടി റെയ്ഞ്ചർ വി വിനോദ്, നഗരസഭാ ചെയർമാൻ പി എൻ സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി വി സുനിൽകുമാർ, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ എം ആർ അനൂപ് കിഷോർ എന്നിവരും സ്ഥലത്തുണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..