17 September Tuesday

ആടിയുലഞ്ഞ്‌ ഭരണസമിതി കോട്ടത്തറയിൽ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ രാജിവച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2024

 

കോട്ടത്തറ
തൊഴിലുറപ്പ്‌ പദ്ധതിയിലെ അഴിമതിയിലും ക്രമക്കേടിലും ആടിയുലഞ്ഞ്‌ കോട്ടത്തറ പഞ്ചായത്ത്‌ ഭരണസമിതി. സംഭവവുമായി ബന്ധപ്പെട്ട്‌ വികസനകാര്യ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഹണി ജോസ്‌ രാജിവച്ചു.  യുഡിഎഫ്‌ ഭരണസമിതിയുടെ ഒത്താശയോടെയുള്ള  അഴിമതി തൊഴിലുറപ്പ്‌ പദ്ധതി അവതാളത്തിലാക്കിയതായാണ്‌ ആക്ഷേപം. പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ്‌ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ  രാജിവച്ചത്‌. കോൺഗ്രസ്‌ അംഗത്തിന്റെ രാജി പാർടിക്കും തലവേദനയായി.
ഹണി ജോസിനെ അനുനയിപ്പിക്കാൻ നേതാക്കൾ നടത്തിയ ശ്രമം  വിജയിച്ചില്ല. മൊബൈൽ സ്വിച്ച്‌ ഓഫ്‌ ആണ്‌. സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സ്ഥാനത്തുനിന്നുള്ള   രാജി സ്വീകരിച്ചതായി പഞ്ചായത്ത്‌ സെക്രട്ടറി പറഞ്ഞു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉൾപ്പെടെയുള്ളവരുടെ നിലപാടിൽ പ്രതിഷേധിച്ചാണ്‌ സ്ഥാനം ഒഴിഞ്ഞത്‌. 
പദ്ധതി നടത്തിപ്പിൽ എൻആർഇജി എൻജിനിയർ ഗുരുതര വീഴ്‌ച വരുത്തുന്നതായി നേരത്തെമുതൽ ആക്ഷേപമുണ്ട്‌. പ്രസിഡന്റുൾപ്പെടെയുള്ളവരെ എൻജിനിയർ  തെറ്റിദ്ധരിപ്പിക്കുകയാണെന്നും പഞ്ചായത്ത്‌ അംഗങ്ങൾ ആരോപിച്ചു.  
തൊഴിലുറപ്പ്‌ പണി യഥാസമയം നടത്തുന്നതിൽ യുഡിഎഫ്‌ ഭരണസമിതി പരാജയപ്പെട്ടതായി എൽഡിഎഫ്‌ അംഗങ്ങൾ ആരോപിച്ചു.
അതിനിടെ കോട്ടത്തറ പഞ്ചായത്തിന്റെ തൊഴിലുറപ്പ്‌ പദ്ധതിയുടെ അഡീഷണൽ ആക്‌ഷൻ പ്ലാൻ അംഗീകരിക്കാൻ മാത്രമായി കൽപ്പറ്റ ബ്ലോക്ക്‌ പഞ്ചായത്തിൽ ചൊവ്വാഴ്‌ച ബോർഡ്‌ യോഗം ചേർന്നു. രണ്ട്‌ കോടി രൂപയുടെ പദ്ധതിയാണ്‌ അംഗീകാരത്തിനായി നൽകിയത്‌. കാലവർഷത്തിന്റെ വീടുകൾക്കും മറ്റും അപകടഭീഷണിയിലുള്ള മണ്ണ്‌ തൊഴിലുറപ്പ്‌ പദ്ധതിയിൽ നീക്കാൻ സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു. യഥാസമയം ഇത്‌ നിർവഹിക്കാതെ വൈകി പ്ലാൻ സമർപ്പിച്ചതാണ്‌. കാലവർഷത്തിന്റെ അവസാനം  മണ്ണ്‌ നീക്കാനുള്ള പദ്ധതികൾ അഴിമതിക്കുവേണ്ടിയാണെന്നും  ആക്ഷേപം ഉയർന്നു. പലയിടങ്ങളിലും ഇതിനകം  മണ്ണ്‌ നീക്കിയതായും പഞ്ചായത്ത്‌ അംഗങ്ങൾതന്നെ ചൂണ്ടിക്കാണിച്ചു. 
 ആക്‌ഷൻ പ്ലാൻ അംഗീകരിക്കുന്നത്‌ ബ്ലോക്ക്‌ ഭരണസമിതി യോഗത്തിൽ എൽഡിഎഫ്‌  അംഗങ്ങൾ എതിർത്തു. പരിശോധനകൂടാതെ അംഗീകാരം നൽകരുതെന്ന്‌ ആവശ്യപ്പെട്ടു. തുടർന്ന്‌ പ്ലാൻ അംഗീകരിക്കാതെ മാറ്റിവച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top