17 September Tuesday

ക്വാറി ലൈസൻസ് അഴിമതി മുള്ളൻകൊല്ലി പഞ്ചായത്തിലേക്ക്‌ സിപിഐ എം മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2024

മുള്ളൻകൊല്ലി പഞ്ചായത്ത്‌ ഓഫീസിലേക്ക്‌ സിപിഐ എം നേതൃത്വത്തിൽ നടത്തിയ മാർച്ച്‌ പുൽപ്പള്ളി ഏരിയാ സെക്രട്ടറി എം എസ് സുരേഷ് ബാബു ഉദ്‌ഘാടനംചെയ്യുന്നു

 

മുള്ളൻകൊല്ലി
 ക്വാറി ലൈസൻസ് അനുമതിയുമായി ബന്ധപ്പെട്ട്‌  ലക്ഷങ്ങളുടെ അഴിമതി ആരോപണം നേരിടുന്ന മുള്ളൻകൊല്ലി പഞ്ചായത്ത് ഭരണസമിതി രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ സിപിഐ എം നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ്‌ മാർച്ച്‌ നടത്തി. ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന പഞ്ചായത്താണ് മുള്ളൻകൊല്ലി.  പ്രദേശത്തിന്റെ നിലനിൽപ്പുതന്നെ അപകടത്തിലാക്കിയാണ്‌ ക്വാറികൾക്ക്‌ ലൈസൻസ്‌ നൽകുന്നത്‌.  ലൈസൻസ്‌ നൽകാൻ കോൺഗ്രസിലെ ഗ്രൂപ്പ് നേതാക്കൾ മത്സരിക്കുകയാണ്‌. 
ഡിസിസി ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പറും പഞ്ചായത്ത് മെമ്പർമാരും വാർത്താസമ്മേളനം നടത്തി പഞ്ചായത്ത്‌ പ്രസിഡന്റിനും സ്ഥിരംസമിതി അധ്യക്ഷനുമെതിരെ ലക്ഷങ്ങളുടെ കോഴ ആരോപണം ഉന്നയിച്ചു.  പഞ്ചായത്ത് ഭരണകക്ഷി നേതാക്കൾ 60 ലക്ഷം രൂപകോഴ വാങ്ങിയെന്ന് കോൺഗ്രസ്‌ പ്രവർത്തകർതന്നെ സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചു.
ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ ക്വാറിയുടെ പ്രവർത്തനം പുനഃപരിശോധിക്കാൻ തയ്യാറാകണം. അടിയന്തരമായി സർവകക്ഷി യോഗം വിളിക്കണം. അഴിമതി പുറത്തുവന്നപ്പോൾ  ഭരണസമിതി യോഗം വിളിച്ചുചേർക്കാതെ നിലവിലുള്ള ക്വാറികൾക്ക് സ്റ്റാേപ്പ്‌ മെമ്മോ നൽകിയത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്. ലൈസൻസ് അപേക്ഷ ഭരണസമിതി മുമ്പാകെവന്ന ഘട്ടങ്ങളിൽ എൽഡിഎഫ് അംഗങ്ങൾ വിയോജനക്കുറിപ്പ്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഡിസിസി നേതൃത്വവും എംഎൽഎയുമുൾപ്പടെയുള്ള ഉന്നത നേതാക്കളുടെ അറിവോടെയാണ് കോഴ ഇടപാട്. ഒരു കോടിയോളം രൂപയുടെ അഴിമതി ആരാേപണം ഉയർന്നിട്ടും നേതൃത്വം മൗനം പാലിക്കുന്നത് ദുരൂഹമാണ്.
മാർച്ച്‌  സിപിഐ എം പുൽപ്പള്ളി ഏരിയാ സെക്രട്ടറി എം എസ്‌ സുരേഷ് ബാബു ബാബു ഉദ്‌ഘാടനംചെയ്‌തു. കെ കെ ചന്ദ്രബാബു അധ്യക്ഷനായി. പി എ മുഹമ്മദ്, അമ്മിണി സന്തോഷ്, സുധ നടരാജൻ, കെ വി ജോബി, സി പി വിൻസന്റ്‌, പി എസ് കലേഷ്, കെ ടി ജോളി എന്നിവർ സംസാരിച്ചു. പി ജെ പൗലോസ് സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top