22 December Sunday

പഴയ ചട്ടം മാറ്റാൻ അദാലത്ത്‌: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2024

 കാസർകോട്‌

കാലഹരണപ്പെട്ട ചട്ടങ്ങളും നിയമങ്ങളും പുനപരിശോധിക്കുന്നതിന് തദ്ദേശ അദാലത്തിൽ ലഭിച്ച പരാതികൾ സഹായമായെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. തദ്ദേശ അദാലത്ത് കാസർകോട് ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഇതുവരെ വിവിധ ജില്ലകളിൽ നടന്ന അദാലത്തുകളിൽ പ്രധാനപ്പെട്ട 30 തീരുമാനം പ്രഖ്യാപിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളിൽ വസ്തുനികുതിക്കും വാടകയ്ക്കും കുടിശിക, കൂട്ടുപലിശ നിരക്കിൽ ഈടാക്കുന്നത്‌ അവസാനിപ്പിക്കും.  ഇനി എല്ലായിടത്തും ക്രമപലിശ മാത്രമാകും ഈടാക്കുക.
കെട്ടിടത്തെ സംബന്ധിച്ച് പാലിക്കേണ്ട നിബന്ധനകൾ എല്ലാം പാലിച്ചിട്ടുണ്ടെങ്കിൽ, പ്ലോട്ട് ഏരിയയിൽ കുറവോ കൂടുതലോ വന്നുവെന്ന കാരണത്താൽ പെർമിറ്റ് റദ്ദാക്കുന്ന ചട്ടവും ഇളവ് ചെയ്‌തു. പെർമിറ്റ് പ്രകാരം വീട് നിർമിക്കുകയും പിന്നീട്‌ നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടുകയും ചെയ്യുന്ന കേസുകളിൽ പൊതുവായ സമീപനമുണ്ടാകും. 
 കോർപ്പറേഷൻ, നഗരസഭാ അതിർത്തിക്കുള്ളിൽ രണ്ട് സെന്റ് വരെയുള്ള ഭൂമിയിൽ നിർമ്മിക്കുന്ന 100 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്ക് മുന്നിൽ മൂന്ന് മീറ്റർ വരെയുള്ള വഴിയാണെങ്കിൽ, ഫ്രണ്ട് യാർഡ് സെറ്റ് ബാക്ക് ഒരു മീറ്റർ ആയി കുറക്കുന്ന ഭേദഗതി കൊണ്ടുവരും.  
എൺപത്‌ ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്ക് 2024-–-25 വരെയുള്ള വസ്തുനികുതി പിഴപ്പലിശ ഒഴിവാക്കും. ഈ കുടുംബങ്ങൾ നികുതി കുടിശ്ശിക മാത്രം അടച്ചാൽ മതിയാവും. 60 ചതുരശ്ര മീറ്ററിൽ താഴെ വിസ്തീർണമുള്ള വീടുകൾക്ക് താൽക്കാലിക നമ്പറാണെങ്കിലും വസ്തുനികുതി ഉണ്ടാകില്ല. താൽക്കാലിക നമ്പറുള്ള കെട്ടിടങ്ങൾക്ക് നിലവിൽ മൂന്ന് ഇരട്ടി നികുതിയാണ് ചുമത്തുന്നത്.  
ലൈഫ് ഭവന പദ്ധതി പ്രകാരം ലഭിച്ച വീടുകൾക്ക് താൽക്കാലിക നമ്പറാണ് ലഭിക്കുന്നതെങ്കിൽ പോലും അവസാന ഗഡു അനുവദിക്കും. ഇത്തരം വീടുകളുടെ ഉടമസ്ഥാവകാശവും നിബന്ധനകൾക്ക് വിധേയമായി കൈമാറാം. 
കെട്ടിട നിർമാണ ചട്ടം നിലവിൽ വരുന്നതിനു മുമ്പ്‌ നിർമിച്ച കെട്ടിടങ്ങളിലെ നിലവിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് ലൈസൻസ് തുടർന്നും പുതുക്കി നൽകും. 
വീഡിയോ കോൺഫറൻസിലൂടെ വിവാഹ രജിസ്ട്രാർക്ക് മുമ്പിൽ ഹാജരാകാനുള്ള സൗകര്യം എല്ലാവർക്കും ഒരുക്കാൻ നിർദ്ദേശം നൽകി.  പഞ്ചായത്തിൽ വിവാഹിതരാവുന്ന ദമ്പതികൾക്കും അപേക്ഷ നൽകിയാൽ രജിസ്ട്രാർക്ക് മുൻപിൽ ഓൺലൈനായി ഹാജരാകാം.
 ഭവന ആനുകൂല്യം ലഭിച്ച എല്ലാവർക്കും വീട് വിൽക്കാനുള്ള സമയപരിധി ഏഴ് വർഷമായി കുറച്ചു. ആനുകൂല്യം ലഭിച്ച വീടുകൾ 10 വർഷം കഴിഞ്ഞു മാത്രമേ കൈമാറാൻ അനുവാദമുണ്ടായിരുന്നുള്ളൂ. തദ്ദേശ സ്ഥാപനം വീട്‌ നിർമാണത്തിനായി വാങ്ങി ഗുണഭോക്താവിന് നൽകുന്ന ഭൂമി, നിർമാണ പ്രവർത്തനത്തിന് യോഗ്യമാണെന്ന് ഉറപ്പുവരുത്തി മാത്രമേ കൈമാറാവൂ. 
ഒറ്റയ്ക്ക് താമസിക്കുന്നവരും അനാരോഗ്യം കാരണം പെൻഷൻ നേരിട്ട് വാങ്ങാൻ കഴിയാത്തവരുമായ ആളുകൾക്ക് പെൻഷൻ തുക വീട്ടിലെത്തിച്ച് നൽകുമെന്നും മന്ത്രി പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top