22 December Sunday
പ്രാഥമിക നടപടികള്‍ ആരംഭിച്ചു

ചവറയില്‍ പ്രകൃതിവാതക പൈപ്പ് ലൈന്‍ പ്ലാന്റ്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2024

ജില്ലയില്‍ ആദ്യത്തെ പ്രകൃതിവാതക പൈപ്പ് ലൈന്‍ പ്ലാന്റ് ചവറയില്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ക്കായി 
ചവറ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ സുജിത് വിജയൻപിള്ള എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം

 

ചവറ
ജില്ലയില്‍ ആദ്യത്തെ പ്രകൃതിവാതക പൈപ്പ് ലൈന്‍ പ്ലാന്റ് ചവറയില്‍ ആരംഭിക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചു. സിംഗപ്പൂര്‍ ആസ്ഥാനമായ എജി ആന്‍ഡ് പി എന്ന കമ്പനിയാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. 30 വര്‍ഷത്തേക്കാണ് കരാര്‍. മീതൈല്‍ഗ്യാസ് ദ്രാവകരൂപത്തില്‍ പ്ലാന്റിലെത്തിച്ച് ഗ്യാസാക്കി മാറ്റി പൈപ്പ് ലൈനിലൂടെ വീടുകളിലെത്തിക്കുന്നതാണ് പദ്ധതി.
ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന എല്‍പിജിയേക്കാള്‍ അപകടസാധ്യത വളരെ കുറഞ്ഞതാണ് പ്രകൃതിവാതകം. ഭാരക്കുറവുള്ളതുമൂലം പൈപ്പ് ലൈന്‍ പൊട്ടിയാലും മുകളിലേക്ക് ഉയര്‍ന്ന് മൂന്നുമീറ്റര്‍ പരിധിയില്‍ അന്തരീക്ഷത്തില്‍ ലയിക്കും. ഗാര്‍ഹികാവശ്യങ്ങള്‍ക്ക് എല്‍പിജി ഗ്യാസ് ഉപയോഗിക്കുന്നവര്‍ക്ക് 15 ശതമാനം വിലക്കുറവില്‍ വീടുകളില്‍ പൈപ്പ് ലൈന്‍ വഴി പ്രകൃതിവാതക ഗ്യാസ് എത്തും. വാണിജ്യ, വ്യവസായ, വാഹന ഗതാഗതം എന്നീ മേഖലകളും പ്രകൃതിവാതക ഉപയോഗത്തിലേക്ക് മാറും. ഭാവിയില്‍ മത്സ്യമേഖലയിലെ യന്ത്രവൽക്കൃതബോട്ടുകളിലും ലിക്വിഡ് നാച്വറല്‍ ഗ്യാസ് ഉപയോഗിക്കാന്‍ കഴിയും. സിഎന്‍ജി ഉപയോഗിക്കുന്ന ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് 40 ശതമാനം ഇന്ധനച്ചെലവ് കുറയും. ഗ്യാസിലേക്ക് മാറുന്ന വിവിധ മേഖലയിലുള്ളവര്‍ക്ക് ചെലവ് ഗണ്യമായി കുറയും. 
ചവറ ടൈറ്റാനിയത്തിനു സമീപമുള്ള സ്ഥലത്താണ് പ്ലാന്റ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിട്ടുള്ളത്. തുടര്‍നടപടികള്‍ കെഎംഎംഎല്ലും പഞ്ചായത്തുകളും സ്വീകരിക്കും. പദ്ധതിയെ സംബന്ധിച്ച് ജനപ്രതിനിധികളും കമ്പനി പ്രതിനിധികളുമായി ചര്‍ച്ചചെയ്തു. ഗ്യാസ് പൈപ്പ് കടന്നുപോകുന്ന റോഡുകള്‍ കമ്പനി ഉത്തരവാദിത്വത്തില്‍ അറ്റകുറ്റപ്പണി നടത്തി പൂര്‍വസ്ഥിതിയിലേക്ക് മാറ്റും. 
ചവറ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന യോ​ഗത്തില്‍ സുജിത് വിജയന്‍പിള്ള എംഎല്‍എ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, പന്മന പഞ്ചായത്ത് പ്രസിഡന്റ് ജയചിത്ര, വൈസ് പ്രസിഡന്റ് പന്മന ബാലകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രസന്നന്‍ ഉണ്ണിത്താന്‍, പഞ്ചായത്ത് അംഗങ്ങളായ മാമൂലയില്‍ സേതുക്കുട്ടന്‍, രാജീവ് കുഞ്ഞുമണി, സുകന്യ, കേരളത്തിലെ എജി ആൻഡ് പി കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ അജിത് നാഗേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top