കാസർകോട്
അവർ ചെയ്യാത്ത ജോലിയില്ല; പാട്ട പെറുക്കി, ചുമടെടുത്ത്, ചായയടിച്ച് നാടിന്റെ യുവത്വം വയനാടിനായി ശേഖരിച്ച് കൈമാറിയത് 1.31 കോടി. കൃത്യമായി പറഞ്ഞാൽ 1,31,37,595 രൂപ.
ആക്രി ശേഖരണം, തെയ്യം കെട്ടിയാടിയ വകയിൽ, ബിരിയാണി ചലഞ്ച്, ബൾബ് ചലഞ്ച്, അച്ചാർ ചലഞ്ച്, പായസം വിൽപ്പന, തേങ്ങ ശേഖരണം, സമ്പാദ്യ കുടുക്ക, സിമന്റ് ചലഞ്ച്. പലഹാരം, മുണ്ട്, മീൻ വിൽപ്പന. ചായക്കട, ബസ് യാത്ര, പന്നി ഇറച്ചി ചലഞ്ച്, ഷട്ടിൽ ടൂർണമെന്റ്, ചുമടെടുപ്പ് തുടങ്ങിയ പണികളെടുത്ത് ഡിവൈഎഫ്‌ഐ ബ്ലോക്കുകമ്മിറ്റികളാണ് വയനാടിനെ പുനർ നിർമിക്കാൻ ഇത്രയും പണം കണ്ടെത്തിയത്.
ആഗസ്ത് ഒന്നിനാണ് പ്രത്യേക പരിപാടി ഡിവൈഎഫ്‌ഐ ആരംഭിച്ചത്. കാഞ്ഞങ്ങാട്ടെ അതിജീവന ചായക്കടയുൾപ്പടെ ജില്ലയിലെ 12 ബ്ലോക്കുകളിൽ നടന്ന വിവിധപ്രവർത്തനങ്ങൾ ജനശ്രദ്ധയാകർഷിച്ചു. ജില്ലയിൽ 12 ബ്ലോക്കുകളിൽനിന്നാണ് ഇത്രയും തുക കണ്ടെത്തിയത്. ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ടിൽനിന്നും സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഫണ്ട് ഏറ്റുവാങ്ങി. ജില്ലാ പ്രസിഡന്റ് ഷാലുമാത്യു അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം കെ സബീഷ്, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ പി ശിവപ്രസാദ്, എ വി ശിവപ്രസാദ്, ജില്ലാ വൈസ് പ്രസിഡന്റ് കെ കനേഷ്, ജില്ലാസെക്രട്ടറിയറ്റംഗങ്ങളായ എം വി രതീഷ്, നാസറുദ്ദീൻ മലങ്കര എന്നിവർ പങ്കെടുത്തു.
ഒരേ മനസോടെ അണിചേർന്നു
ഒരേ മനസോടെയാണ് നാടാകെ ഞങ്ങളുടെ ദൗത്യത്തിൽ അണിചേർന്നു. അവരോടെല്ലാം ഈ സമയത്ത് ഐക്യപ്പെടുകയാണ്. കാഞ്ഞങ്ങാട്ട് ഞങ്ങളൊരുക്കിയ ചായക്കടയിൽ വന്ന് ചായ കുടിച്ചവർ മുതൽ മുണ്ട് ചാലഞ്ചിൽ മുണ്ട് വാങ്ങിയവർ വരെ ഡിവൈഎഫ്‌ഐയുമായി കൈകോർത്തു. മുമ്പെങ്ങുമില്ലാത്ത കൂട്ടായ്‌മ, തേങ്ങുന്ന വയനാടിനായി ഒരുക്കാൻ ഞങ്ങൾക്കായി.
ഷാലു മാത്യു
ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്
നാടിനോടുള്ള
ജൈവബന്ധത്തിന്റെ
അടയാളം
സമാനതകളില്ലാത്ത പ്രവർത്തനമാണ് ഡിവൈഎഫ്‌ഐ വയനാടിനായി താഴേത്തട്ടിൽ നടത്തിയത്. നേരിട്ട് പണം വാങ്ങാതെ സേവനമായും ആക്രിപെറുക്കിയും ചുമടെടുത്തും ആകർഷകമായ രീതിയിലാണ് വിഭവങ്ങൾ ശേഖരിച്ചത്. കർക്കടക തെയ്യം മുതൽ മുത്തപ്പൻ തെയ്യം വരെ ഞങ്ങളോട് സഹകരിച്ചു. നാടിനോടുള്ള ഡിവൈഎഫ്‌ഐയുടെ ജൈവബന്ധത്തിന്റെ അടയാളമാണ് ഈ 1.31 കോടി.
രജീഷ് വെള്ളാട്ട്
ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..