22 November Friday

ആറളം ആനമതിൽ മാർച്ചിൽ പൂർത്തിയാക്കണം: മന്ത്രി ഒ ആർ കേളു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2024

കരിവെള്ളൂർ കൂക്കാനം അംബേദ്കർ ഗ്രാമപദ്ധതി മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ
ആറളത്തെ ആനമതിൽ നിർമാണം മാർച്ചിൽ പൂർത്തിയാക്കണമെന്ന് മന്ത്രി ഒ ആർ കേളു നിർദേശിച്ചു.  കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ  പട്ടികജാതി–-പട്ടികവർഗ, പിന്നാക്ക വിഭാഗ വികസനവകുപ്പിന്റെ ജില്ലാ അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറളം ഫാമിൽ ഹാങ്ങിങ് ഫെൻസിങ്‌ പദ്ധതിയുടെ സാധ്യത പരിശോധിക്കാൻ വനം വകുപ്പിന് നിർദേശം നൽകി. 
പട്ടികജാതി പട്ടികവർഗ വകുപ്പുകളിലെ പൊതുവായ പദ്ധതികൾ നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർ കൂടുതൽ ജാഗ്രത കാണിക്കണം. ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയിൽ എല്ലാമാസവും പദ്ധതികളുടെ പുരോഗതി അവലോകനം നടത്തണം. ഇതിന്‌ നിർവഹണ ഉദ്യോഗസ്ഥരെയും  യോഗങ്ങളിലേക്ക് വിളിക്കണം. അംബേദ്കർ ഗ്രാമം പദ്ധതിയിൽ പൂർത്തിയാക്കാതെ കിടക്കുന്ന ഹാബിറ്റാറ്റിന്റെ പ്രവൃത്തികൾ പരിശോധിച്ച് അന്തിമമായി തീർപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു. പട്ടികജാതി–-പട്ടികവർഗ നഗറുകളിലെ ശോചനീയ  വീടുകൾ നവീകരിക്കാൻ പ്രത്യേകപദ്ധതി വേണമെന്ന് എംഎൽഎമാർ  ആവശ്യപ്പെട്ടു. 
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി. എംഎൽഎമാരായ കെ വി സുമേഷ്, കെ പി മോഹനൻ, എം വിജിൻ, സണ്ണി ജോസഫ്,  സജീവ് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ,  കലക്ടർ അരുൺ കെ വിജയൻ, റൂറൽ ജില്ലാ പൊലീസ് മേധാവി അനൂജ് പലിവാൽ, അസി. കലക്ടർ ഗ്രന്‌ഥേ സായികൃഷ്ണ, എസ്‌സി വകുപ്പ് ജോ. ഡയറക്ടർ കെ എസ് ശ്രീരേഖ, എസ്ടി വകുപ്പ് ജോ. ഡയറക്ടർ സിന്ധു പരമേഷ് എന്നിവർ സംസാരിച്ചു.
 
കൂക്കാനം അംബേദ്കർ ഗ്രാമപദ്ധതി ഉദ്ഘാടനം
പയ്യന്നൂർ
സംസ്ഥാന പട്ടികജാതി വികസനവകുപ്പ് നവീകരിച്ച കരിവെള്ളൂർ –- പെരളം പഞ്ചായത്തിലെ കൂക്കാനം അംബേദ്കർ ഗ്രാമപദ്ധതി  മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്‌തു. ടി ഐ മധുസൂദനൻ എംഎൽഎ അധ്യക്ഷനായി. ജില്ലാ നിർമിതി കേന്ദ്രം പ്രൊജക്ട് എൻജിനിയർ യു ജീന റിപ്പോർട്ട് അവതരിപ്പിച്ചു.  കരിവെള്ളൂർ –- പെരളം പഞ്ചായത്ത് പ്രസിഡന്റ് എ വി ലേജു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം വി അപ്പുക്കുട്ടൻ,  പി പങ്കജാക്ഷി,  പി ശ്യാമള, കെ നാരായണൻ, പി രമേശൻ, പി ശശി, കെ രാഘവൻ, കെ ഇ മുകുന്ദൻ എന്നിവർ സംസാരിച്ചു.  ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ മനോഹരൻ സ്വാഗതവും കെ രതീഷ് നന്ദിയും പറഞ്ഞു.  അംബേദ്കർ ഗ്രാമ വികസന പദ്ധതി പ്രകാരം 50ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് പൂർത്തിയാക്കിയത്. വീടുകളുടെ അറ്റകുറ്റപ്പണി, ഓവുചാൽ നിർമാണം, കമ്മ്യൂണിറ്റി ഹാൾ നവീകരണം എന്നീ പ്രവൃത്തികളാണ് ഉൾപ്പെട്ടിരുന്നത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top