തൃശൂർ
ഇതാ തപാൽവകുപ്പിന്റെ പേരിൽ ഓൺലൈൻ പണതട്ടിപ്പ് സംഘം രംഗത്ത് "നിങ്ങളുടെ പാഴ്സൽ വെയർഹൗസിൽ എത്തിയിട്ടുണ്ട്. പാഴ്സൽ നിങ്ങൾക്കെത്തിക്കാൻ രണ്ടുതവണ ശ്രമിച്ചു, വിലാസം തെറ്റായതിനാൽ കൈമാറാനായില്ല. അതിനാൽ 12 മണിക്കൂറിനകം വിലാസം പുതുക്കി നൽകിയില്ലെങ്കിൽ പാഴ്സൽ തിരിച്ചയക്കേണ്ടിവരും. വിലാസം നൽകാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക' ഇങ്ങനൊരു സന്ദേശം ഫോണിൽ വന്നാൽ ലിങ്കിൽ കയറി വിലാസം നൽകരുത്. ഓൺലൈൻ തട്ടിപ്പുകളിലെ പുതിയ രൂപമാണ് ഈ പാഴ്‌സൽ സന്ദേശം.
പോസ്റ്റൽ വകുപ്പിന്റെ പേരിലുള്ള സന്ദേശമാണ് ഇത്തരത്തിൽ പ്രചരിപ്പിച്ച് തട്ടിപ്പ് നടത്തുന്നത്. ഇത്തരത്തിൽ ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ തപാൽ വകുപ്പിന്റേതിനു സമാനമായ വെബ്സൈറ്റിലാണ് ചെന്നെത്തുന്നത്. അതിൽ വ്യക്തി വിവരങ്ങൾ നൽകാനും പാഴ്സൽ ലഭിക്കാൻ 25 രൂപ നൽകാനും അവർ ആവശ്യപ്പെടും. പണം അയക്കാനായി നൽകുന്ന ബാങ്ക് അക്കൗണ്ട് ലോഗിൻ വിവരങ്ങൾ തട്ടിപ്പുകാർക്ക് ലഭിക്കും.
ഇതുപയോഗിച്ച് ബാങ്കിന്റെ വെബ്സൈറ്റിൽ ലോഗിൻ ചെയ്യുകയും നിങ്ങളുടെ അക്കൗണ്ടിലെ മുഴുൻ തുക തട്ടിപ്പുകാർ പിൻവലിക്കുകയും ചെയ്യും.
വ്യക്തിവിവരങ്ങൾ ആവശ്യപ്പെട്ട് തപാൽ വകുപ്പ് ഇത്തരത്തിൽ ആർക്കും സന്ദേശങ്ങൾ അയക്കാറില്ല. ഇത്തരം വ്യാജ ലിങ്കുകൾ വഴി വ്യക്തി വിവരങ്ങൾ ചോർത്തുകയും അക്കൗണ്ടുകളിൽ നിന്ന് പണം തട്ടുകയും ചെയ്യുന്നത് പതിവാകുകയാണ്. ഇതിൽ ജാഗ്രത വേണമെന്ന് സിറ്റി പൊലീസ് അറിയിച്ചു.
ഇത്തരം ഓൺലൈൻ സാമ്പത്തികത്തട്ടിപ്പുകൾ ശ്രദ്ധയിപ്പെട്ടാൽ 1930 എന്ന നമ്പറിൽ അറിയിക്കണം. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ നഷ്ടപ്പെട്ട തുക തിരികെ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..