കാസർകോട്
മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും നവകേരള മിഷന്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന ഹരിത വിദ്യാലയം ഇ വെയ്സ്റ്റ് നിർമാർജന ക്യാമ്പയിനുവേണ്ടി കൈറ്റ് തയ്യാറാക്കിയ ഇ വെയ്സ്റ്റ് മാനേജ്മെന്റ് ആൻഡ് ഡിസ്പോസൽ സിസ്റ്റം നിലവിൽ വന്നു. സ്‌കൂളുകൾക്ക് ഇ പോർട്ടലിൽ തങ്ങളുടെ പഞ്ചായത്ത് സെലക്ട് ചെയ്ത് ഇ വേസ്റ്റായ സാമഗ്രിയുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാം.
പോർട്ടലിലേക്ക് അപ്‌ലോഡ് ചെയ്യുന്ന ഓരോ ഉപകരണത്തിന്റെയും സ്റ്റോക്ക് രജിസ്റ്ററിലെ പേജ് നമ്പർ, സീരിയൽ നമ്പർ, ഏകദേശ തൂക്കം എന്നിവയും രേഖപ്പെടുത്താനുള്ള സൗകര്യമുണ്ട്. കംപ്യൂട്ടറുകൾ, പ്രിന്ററുകൾ, ജനറേറ്റർ, യുപിഎസ് പ്രോജക്ടർ, ക്യാമറ, സ്പീക്കർ, സൗണ്ട് സിസ്റ്റം, ടിവി, റേഡിയോ തുടങ്ങിയ ഉപയോഗശൂന്യമായതും വാറണ്ടിയോ എഎംസിയോ നിലവില്ലാത്തതുമായ ഉപകരണങ്ങളും പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ പ്രകാരമുള്ള സ്‌കൂൾതല സമിതി പരിശോധിച്ച് ഇ വെയ്സ്റ്റ് ആണെന്ന് ഉറപ്പുവരുത്തിയശേഷം പോർട്ടലിലേയ്ക്ക് അപ്‌ലോഡ് ചെയ്യുകയും ക്ലീൻ കേരള കമ്പനിക്ക് കൈമാറി നിർമാർജനം ചെയ്യാം.
ജില്ലാതലത്തിൽ ഓരോ പഞ്ചായത്തിലും ക്രമീകരിച്ച കലക്ഷൻ പോയിന്റിലേക്ക് നിശ്ചിത ദിവസം പോർട്ടലിലേക്ക് ഉൾപ്പെടുത്തിയ ഇ- വെയ്സ്റ്റുകൾ എത്തിക്കേണ്ടതും അന്നുതന്നെ അത് ക്ലീൻ കേരള കമ്പനിക്ക് കൈമാറേണ്ടതുമാണ്.
കൈമാറിയ തൂക്കത്തിനനുസരിച്ചുള്ള രശീതി ക്ലീൻ കേരള കമ്പനി സ്‌കൂളുകൾക്ക് നൽകും. ജില്ലയിലെ 38 പഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലുമായി ഇത്തരത്തിലുള്ള 41 കളക്ഷൻ പോയിന്റുകളുമുണ്ടാകും. ജില്ലയിലെ മുഴുവൻ സ്‌കൂളുകൾക്കും ഹരിത വിദ്യാലയം എന്ന പദവിയിലേക്കുയരാൻ ഈ സൗകര്യം ഉപയോഗപ്രദമാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..