കാഞ്ഞങ്ങാട്
ഏരിയാസമ്മേളനങ്ങൾ പൂർത്തിയാക്കി, കാഞ്ഞങ്ങാട്ട് ഫെബ്രുവരി ആദ്യവാരം നടക്കുന്ന സിപിഐ എം ജില്ലാസമ്മേളനത്തിന് വിപുലമായ ഒരുക്കങ്ങൾ. 12 ഏരിയകളിലും സെമിനാർ, ചരിത്ര പ്രദർശനം, വർഗ ബഹുജന സമ്മേളനങ്ങൾ എന്നിവ സംഘടിപ്പിക്കും. പരിപാടികൾ ആസൂത്രണം ചെയ്യാൻ കാഞ്ഞങ്ങാട്ട് സംഘാടകസമിതി യോഗം ചേർന്നു.
ജനുവരി 15ന് എല്ലാ പാർടി അംഗങ്ങളുടെയും വീട്ടുമുറ്റത്ത് ചെമ്പതാക ഉയർത്തി പതാകദിനം ആചരിക്കും. ഏരിയ, ജില്ലാ അടിസ്ഥാനത്തിൽ പ്രചാരണക്കുടിൽ, ശിൽപ നിർമാണം എന്നിവയിൽ മത്സരം സംഘടിപ്പിക്കും.
കാഞ്ഞങ്ങാട് ഏരിയയിൽ മാത്രം ബ്രാഞ്ചുകളിൽ 20 മുതൽ ജനുവരി 20 വരെ ചരിത്ര സ്‌മരണ സദസ്സുകൾ സംഘടിപ്പിക്കും. ഇതിനായി വിപുലമായ സംഘാടക സമിതികൾ വിളിച്ചുചേർക്കും. വിദ്യാർഥി, യുവജന സമ്മേളനം, മാധ്യമ സമ്മേളനം, സാഹിത്യ, ചരിത്ര ക്വിസ് മത്സരങ്ങൾ, കായിക മത്സരങ്ങൾ, നവമാധ്യമ മത്സരങ്ങൾ എന്നിവ യും സംഘടിപ്പിക്കും.
പൊതുസമ്മേളന ദിവസം കാഞ്ഞങ്ങാട് നഗരത്തിൽ ആറായിരം ചുവപ്പുവളണ്ടിയർമാരുടെ പരേഡ് നടക്കും. പ്രതിനിധി സമ്മേളന നഗരിക്ക് അന്തരിച്ച ജില്ലാ സെക്രട്ടറിമാരായ എ കെ നാരായണന്റെയും കെ കുഞ്ഞിരാമന്റെയും പേരുകൾ നൽകും. പൊതുസമ്മേളന നഗരിക്ക് സീതാറാം യെച്ചൂരിയുടെയും - കോടിയേരി ബാലകൃഷ്‌ണന്റെയും പേര് നൽകും. അനുബന്ധ സെമിനാർ വേദികൾക്ക് പി രാഘവന്റെയും പേര് നൽകും.
പ്രതിനിധി സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക പൈവളികെ രക്തസാക്ഷി നഗറിൽ നിന്നും കൊടിമരം കയ്യൂരിൽ നിന്നും എത്തിക്കും. പൊതുസമ്മേളന നഗരിയിലേക്കുള്ള പതാക മുനയൻകുന്നിൽ നിന്നും കൊടിമരം ചീമേനി രക്തസാക്ഷി മണ്ഡപത്തിൽനിന്നും എത്തിക്കും. ജില്ലയിലെ എല്ലാ രക്തസാക്ഷി മണ്ഡപത്തിൽനിന്നും ദീപശിഖയും എത്തിക്കും.
സംഘാടകസമിതി യോഗത്തിൽ ചെയർമാൻ വി വി രമേശൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ, മുതിർന്ന നേതാവ് പി കരുണാകരൻ, പി അപ്പുക്കുട്ടൻ, പി കെ നിഷാന്ത്, അഡ്വ. സി ഷുക്കൂർ, പി വി കെ പനയാൽ, സി ബാലൻ, ജയചന്ദ്രൻ കുട്ടമത്ത്, കെ സബീഷ്, വി വി പ്രസന്നകുമാരി, എം രാഘവൻ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ കെ രാജ്‌മോഹൻ സ്വാഗതം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..