കണ്ണൂർ
നിടുംപൊയിൽ–--മാനന്തവാടി പാതയിലെ പേര്യ ചുരം റോഡ് ഡിസംബർ പകുതിയോടെ ഗതാഗതയോഗ്യമാകും. ചുരത്തിൽ പലയിടത്തും സോയിൽ പൈപ്പിങ് ഉണ്ടായതിനെ തുടർന്നാണ് റോഡ് അടച്ചത്. അതിനിടെ റോഡിന്റെ ഒരുഭാഗം മണ്ണിടിഞ്ഞ് തകരുകയും ചെയ്‌തിരുന്നു. തുടർന്നാണ് റോഡ് പുനർനിർമിക്കേണ്ടിവന്നത്. പുനർനിർമാണത്തിനിടെ മണ്ണിടിഞ്ഞ് ഒരു തൊഴിലാളി മരിച്ചിരുന്നു.
നിലവിലുള്ള റോഡിലെ മണ്ണ് നീക്കി സംരക്ഷണ ഭിത്തി നിർമിച്ചാണ് റോഡ് നിലവിൽ പുനർനിർമിച്ചത്. റോഡ് ഉടൻ തുറന്നുകൊടുക്കുമെന്ന് ജില്ലാ ദുരന്തനിവാരണ സമിതി യോഗത്തിൽ പൊതുമരാമത്ത് വകുപ്പ് എക്‌സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു. പേര്യ ചുരംറോഡ് അടച്ചതോടെ കണ്ണൂർ –-വയനാട് യാത്രക്ക് കൊട്ടിയൂർ പാൽചുരം വഴിയാണ് ഏറെ വാഹനങ്ങളും പോകുന്നത്.
ജില്ലയിലെ ദേശീയപാതയിലെ വെള്ളക്കെട്ട് നീക്കിയതായും മണ്ണിടിച്ചിൽ സാധ്യത നിരീക്ഷിക്കുന്നതായും കരാറുകാർ അറിയിച്ചു. ദേശീയപാത വളപട്ടണം- –-താഴെ ചൊവ്വ റോഡ് മഴ മാറിയാലുടൻ അറ്റകുറ്റപ്പണി നടത്തുമെന്നും കരാറുകാർ യോഗത്തിൽ ഉറപ്പുനൽകി. മഴ മുന്നറിയിപ്പിന്റെ പശ്‌ചാത്തലത്തിൽ ജില്ലയിലെ ക്വാറി പ്രവർത്തനങ്ങൾ നിർത്തിയതായി ജിയോളജിസ്റ്റ് അറിയിച്ചു. ബീച്ചുകളിൽ വിനോദസഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ലൈഫ് ഗാർഡുകൾ ശ്രദ്ധ പുലർത്തണമെന്ന് ഡിടിപിസിയോട് നിർദേശിച്ചു.
പഴശ്ശി റിസർവോയറിൽ ഡാമിന്റെ ഷട്ടറുകൾ അഞ്ച് സെന്റീമീറ്റർ തുറന്ന് അധികജലം ഒഴുക്കിവിടുന്നുണ്ടെന്ന് പ്രൊജ്ക്ട് ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. താലൂക്കുകളിൽ കൺട്രോൾ റൂമുകൾ സജീവമാണെന്ന് തഹസിൽദാർമാർ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കാനുള്ള മുന്നൊരുക്കം റവന്യു, ആരോഗ്യം, തദ്ദേശ സ്വയംഭരണം ഉൾപ്പെടെയുള്ള വകുപ്പുകൾചെയ്തിട്ടുണ്ട്. മുന്നറിയിപ്പ് അവഗണിച്ച് മീൻപിടിത്തത്തിന് പോകുന്ന സാഹചര്യം ഒഴിവാക്കാൻ നടപടിയെടുക്കണമെന്ന് ഫിഷറീസ് വകുപ്പിനോട് നിർദേശിച്ചു.
എഡിഎം സി പത്മചന്ദ്രകുറുപ്പ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്നകുമാരി, ഡിസാസ്റ്റർ മാനേജ്മെന്റ് ഡെപ്യൂട്ടി കലക്ടർ കെ വി ശ്രുതി തുടങ്ങീ ഉദ്യോഗസ്ഥർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..