21 December Saturday

ആസ്വാദകരുടെ മനസിൽ ചേക്കേറി ബിജിയുടെ 
കവിതക്കുഞ്ഞുങ്ങൾ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 4, 2024
പാനൂർ
വാക്കുകളുടെ കൂടുവിട്ട്‌ കൈക്കുമ്പിളിൽനിന്ന്‌ പറന്നകന്ന ബിജിയുടെ കവിതക്കുഞ്ഞുങ്ങൾ പലരുടെയും മനസിൽ കൂടുകൂട്ടിക്കഴിഞ്ഞു. മൊകേരി വളള്യായി സ്വദേശിനിയായ വി കെ ബിജിയുടെ കവിതകൾ കേൾക്കാനായി സമൂഹമാധ്യമങ്ങളിൽ ആസ്വാദകർ കാത്തിരിപ്പാണ്‌. വയനാട്ടിന്റെ നോവായ ഉരുൾപൊട്ടൽ വിഷയമായ ‘മലതുരന്ന പുഴയും’,  മക്കളെ ഉപേക്ഷിക്കുന്ന മാതൃത്വത്തെ ചോദ്യം ചെയ്യുന്ന ‘കർണനും’  ലക്ഷ്‌മണനെ പ്രതിക്കൂട്ടിൽ നിർത്തുന്ന  ‘ഊർമിള’യും അക്ഷരവഴികളിൽ വെളിച്ചം വിതറുന്നു. 
കുഞ്ഞുനാൾ മുതലേ എഴുത്തിൽ മുഴുകിയ ബിജി കവിതകളും കഥകളും ഒരുപോലെ സൃഷ്‌ടിച്ചു. വായനയ്‌ക്കൊപ്പം എഴുത്തിന്റെ ലോകം വിശാലമായപ്പോഴും അവയൊന്നും പ്രസിദ്ധീകരിച്ചിരുന്നില്ല. ബിരുദപഠനം പൂർത്തിയാകുന്നതിന്‌ മുന്നേ വിവാഹിതയായി. ബിസിനസുകാരനായ ഭർത്താവ്‌ ഭരതൻ നല്ലൊരു വായനക്കാരനാണ്‌. അതോടൊപ്പം ബിജിയുടെ എഴുത്തിനെയും പ്രോത്സാഹിപ്പിച്ചു. തുടർന്നു പഠിക്കാനും ഭരതൻ  പിന്തുണനൽകിയതോടെ ബിരുദാനന്തരബിരുദവും ബിഎഡും പൂർത്തിയാക്കി. 
2013ൽ  സിവിൽ സപ്ലൈസിൽ ജോലിയിൽ പ്രവേശിച്ചു. 2015ൽ ഓഡിറ്റ്‌ വകുപ്പിൽ എൽഡി ക്ലർക്കായി. ഇപ്പോൾ തലശേരിയിൽ ജിഎസ്ടി ഓഫീസിൽ അസിസ്‌റ്റന്റ്‌ ഓഡിറ്റ് ഓഫീസറാണ്.  മക്കളായ അഭിഷേകും ആഗ്നേയും എഴുത്തിൽ പൂർണ പിന്തുണ നൽകുന്നു. ഇതിനിടെ കത്തുന്ന പേന, വാക്കുകളുടെ ചുംബനം  എന്നീ കവിതാസമാഹാരങ്ങളും പുറത്തിറങ്ങി. പ്രസവാനന്തര മാനസികാവസ്ഥയുടെ  കഥപറയുന്ന  ‘പേറ്റ്‌ പെരാന്ത്‌’ അടുത്തിടെയാണ്‌ പ്രസിദ്ധീകരിച്ചത്‌. ഗസയിൽ നടക്കുന്ന കൂട്ടക്കുരുതി ഉൾപ്പെടെ വിഷയമായ പത്തോളം കഥകളാണ്‌ ഈ പുസ്‌തകത്തിലുള്ളത്‌.
കവിതകൾ സംഗീതം നൽകി പുറത്തിറക്കിയിട്ടുമുണ്ട്‌. സമൂഹമാധ്യമങ്ങളിൽ ഇതിനും ആരാധകരേറെ. ജീവിതയാത്രയിൽ ഒറ്റപ്പെട്ടുപോകുന്ന നാട്ടിൻപ്രദേശത്തെ സാധാരണക്കാരായ മനുഷ്യരെക്കുറിച്ചുള്ള നോവലിന്റെ പണിപ്പുരയിലാണ് ബിജിയിപ്പോൾ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top