പാലക്കാട്
ആലപ്പുഴ കളർകോട്ടിലുണ്ടായ വാഹനാപകടത്തിൽ മരിച്ച പാലക്കാട് ശേഖരീപുരം കാവ് സ്‌ട്രീറ്റ് ശ്രീവിഹാറിൽ ശ്രീദീപ് വത്സന് നാടിന്റെ കണ്ണീരഞ്ജലി. ഭാരത്‌മാതാ സ്‌കൂളിലെ റിട്ട. മലയാളം അധ്യാപകൻ ശ്രീവത്സന്റെയും ജില്ലാ കോടതിയിലെ അഭിഭാഷക പി ബിന്ദുവിന്റെയും ഏകമകനാണ്.സുഹൃത്തുക്കൾക്കൊപ്പം കാറിൽ സഞ്ചരിക്കവേയുണ്ടായ അപകടത്തിലാണ് ആലപ്പുഴ ഗവ. മെഡിക്കൽ കോളേജിലെ ഒന്നാംവർഷ എംബിബിഎസ് വിദ്യാർഥിയായ ശ്രീദീപിനെ മരണം കവർന്നത്. തിങ്കൾ രാത്രി 9.30ന് കെഎസ്‌ആർടിസി ബസുമായി കാർ കൂട്ടിയിടിച്ചായിരുന്നു അപകടം.
പോസ്‌റ്റ്‌മോർട്ടത്തിനുശേഷം ശ്രീദീപ് അടക്കം മരിച്ച അഞ്ച് വിദ്യാർഥികളുടെയും മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൊതുദർശനത്തിനുവച്ചു. ചൊവ്വ വൈകിട്ട് 5.50നാണ് ശ്രീദീപിന്റെ മൃതദേഹം വീട്ടിലെത്തിച്ചത്. അധ്യാപകരും കൂട്ടുകാരും സഹപാഠികളും വിദ്യാർഥികളും നാട്ടുകാരുമടക്കം വൻജനാവലി അവസാനമായി പ്രിയപ്പെട്ടവനെ ഒരുനോക്ക് കാണാനെത്തി. ജീവനറ്റ മുഖത്തേക്ക് നോക്കാനാകാതെ കൂട്ടുകാരും ബന്ധുക്കളും അധ്യാപകരും വാപൊത്തി കരയുന്ന കാഴ്‌ച ഹൃദയഭേദകമായി.
സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു, സംസ്ഥാന കമ്മിറ്റി അംഗം എൻ എൻ കൃഷ്‌ണദാസ്, ഡോ. പി സരിൻ, രാഹുൽ മാങ്കൂട്ടത്തിൽ, സുബൈദ ഇസഹാഖ്, പ്രമീള ശശിധരൻ, ജിഞ്ചു ജോസ്, വിനോദ് കയ്‌നാട്ട് തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു. അരമണിക്കൂർ പൊതുദർശനത്തിനുവച്ചശേഷം വിലാപയാത്രയോടെ ചന്ദ്രനഗർ വൈദ്യുതി ശ്‌മശാനത്തിൽ മൃതദേഹം സംസ്‌കരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..