19 December Thursday

തെരുവുനായ പ്രശ്‌നം കോർപറേഷൻ കൗൺസിലിൽ എൽഡിഎഫ്‌ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 4, 2024

എൽഡിഎഫ് കണ്ണൂർ‌ കോർപറേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ
തെരുവുനായ ശല്യം പരിഹരിക്കാൻ നടപടിയെടുക്കാത്ത കോർപറേഷൻ ഭരണത്തിനെതിരെ പ്രതിഷേധിച്ച്‌ എൽഡിഎഫ്‌ കൗൺസിലർമാർ. റെയിൽവേ സ്‌റ്റേഷനിലെത്തിയ 15 പേരെയാണ്‌ ഭ്രാന്തൻ നായ കടിച്ചു പരിക്കേൽപ്പിച്ചത്‌. സംഭവം നടന്ന്‌ ഒരാഴ്‌ച പിന്നിട്ടിട്ടും നായകളെ പിടികൂടാൻ നടപടിയില്ലാത്തതിൽ പ്രതിഷേധിച്ച്‌ കൗൺസിൽ യോഗത്തിൽനിന്ന്‌ എൽഡിഎഫ്‌ കൗൺസിലർമാർ ഇറങ്ങിപ്പോയി.   
തെരുവുനായശല്യം അടിയന്തര പ്രമേയമായി നൽകിയെങ്കിലും അജണ്ടയിൽ ഉൾപ്പെടുത്തിയില്ല. തെരുവുനായശല്യം പരിഹരിക്കണമെന്ന്‌ കക്ഷിരാഷ്‌ട്രീയ ഭേദമന്യേ നേരത്തെ കൗൺസിൽ യോഗത്തിൽ ഉന്നയിച്ചതാണ്‌. ഒരു നടപടിയും സ്വീകരിച്ചില്ല. കുറ്റകരമായ അനാസ്ഥ തുടരുകയാണെന്നും എൻ സുകന്യ പറഞ്ഞു.  തെരുവുനായ വിഷയവുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞദിവസം നടന്ന യോഗത്തിൽ പ്രതിപക്ഷത്തെ അകറ്റിനിർത്തിയെന്ന്‌ ടി രവീന്ദ്രൻ പറഞ്ഞു. 
യോഗവിവരം വാട്‌സാപ് ഗ്രൂപ്പിൽ അറിയിച്ചെന്നും വീട്ടിലെത്തി അറിയിക്കേണ്ട ആവശ്യമില്ലെന്നും ഡെപ്യൂട്ടി മേയർ പി ഇന്ദിര പറഞ്ഞതൊടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഡെപ്യൂട്ടി മേയറുടെ പരാമർശം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. മേയറുടെ ഡയസിന്‌ മുന്നിൽ പ്രതിഷേധിച്ചശേഷമാണ്‌ കൗൺസിലർമാർ ഇറങ്ങിപ്പോയത്‌. തിരിച്ചെത്തിയശേഷവും ഭരണ–-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാഗ്വാദം തുടർന്നു. 
തെരുവുനായശല്യം എല്ലായിടത്തും ഉള്ളതാണെന്ന്‌ ടി ഒ മോഹനൻ പറഞ്ഞു. നഗരത്തിൽ അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടികൂടാൻ കാണിച്ച തിടുക്കമൊന്നും അക്രമകാരികളായ തെരുവുനായകളെ പിടികൂടാൻ കോർപറേഷൻ കാണിക്കുന്നില്ലെന്ന്‌ കെ പ്രദീപൻ പറഞ്ഞു. നായകളെ പിടികൂടുന്നതിനായി പ്രത്യേക സ്‌ക്വാഡ്‌ രൂപീകരിക്കാൻപോലും ഇതുവരെ ശ്രമിച്ചിട്ടില്ല. 
കാൽനടയാത്രപോലും ദുഷ്‌കരമാവുകയാണെന്ന്‌ എൻ ഉഷയും എസ്‌ ഷഹീദയും പറഞ്ഞു. തെരുവുനായകളെ പിടികൂടി വന്ധ്യംകരണം നടത്തിയശേഷം മൂന്നുദിവസം പാർപ്പിക്കാനുള്ള കൂടില്ലാത്തതിനാലാണ്  പിടികൂടാത്തതെന്ന്‌ സ്ഥിരംസമിതി ചെയർമാൻ എം പി രാജേഷ്‌ പറഞ്ഞു. രണ്ടുദിവസമായി 13 നായകളെ പിടികൂടി വന്ധീകരിച്ചിട്ടുണ്ട്‌. ഷെൽട്ടർഹോമിനുള്ള സ്ഥലം കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണെന്നും രാജേഷ്‌ പറഞ്ഞു.
 
കോർപറേഷൻ ഓഫീസിലേക്ക്‌ എൽഡിഎഫ്‌ മാർച്ച്‌
കണ്ണൂർ
പേപ്പട്ടികളിൽനിന്ന്‌ ജനങ്ങളെ രക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ എൽഡിഎഫ്‌ കോർപറേഷൻ ഓഫീസിലേക്ക്‌ മാർച്ച്‌ നടത്തി. റെയിൽവേ സ്‌റ്റേഷനിൽനിന്നും ആരംഭിച്ച മാർച്ചിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്‌ഘാടനംചെയ്‌തു. കെ വി പ്രശോഭ്‌ അധ്യക്ഷനായി. വി വി സുമേഷ്‌, കെ എം സപ്‌ന, സി ജമാൽ, എം ഉണ്ണികൃഷ്‌ണൻ, അശോകൻ എന്നിവർ സംസാരിച്ചു. എം പ്രകാശൻ സ്വാഗതം പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top