കൊല്ലം
തന്ത്രപ്രധാനമായ കാര്യങ്ങളിൽ അമേരിക്കയുമായുള്ള സഹകരണത്തിൽ ഇന്ത്യൻ ഭരണാധികാരികൾ പുനരാലോചന നടത്തണമെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. മറ്റ് രാജ്യങ്ങളുമായി സഹകരണം വേണ്ടിവരും. എന്നാൽ, സഹകരണം രാജ്യ താൽപര്യത്തിനു വിരുദ്ധമാകരുതെന്നും കാരാട്ട് പറഞ്ഞു. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി അന്താരാഷ്ട്ര സാഹിത്യ സാംസ്കാരികോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച "മാറുന്ന ലോകവും ഇന്ത്യൻ നിലപാടുകളും’ പാനൽ ചർച്ചയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ് (ക്വാഡ്) ചതുർരാഷ്ട്രസഖ്യം അമേരിക്കയുടെ കെണിയാണ്. ചൈനയ്ക്ക് എതിരായ വ്യാപാരയുദ്ധത്തിൽ പരോക്ഷമായി ഇന്ത്യയെക്കൂടി പങ്കാളിയാക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. ഹൈദരാബാദിൽ ചൈനീസ് കമ്പനി ഇലക്‌ട്രിക് കാറും ലിഥിയം ബാറ്ററിയും നിർമിക്കാൻ അനുമതി തേടിയിരുന്നു. സുരക്ഷാ കാരണങ്ങൾ പറഞ്ഞ് കേന്ദ്രം അനുമതി നിഷേധിച്ചു. അമേരിക്കൻ കമ്പനിക്കു വേണ്ടിയായിരുന്നുഒഴിവാക്കലെന്നു പിന്നീടാണു വെളിപ്പെട്ടത്. യുദ്ധ കാര്യങ്ങളിൽ ഉൾപ്പെടെ നിഷ്‌പക്ഷത പറയുകയും അതേ സമയം അമേരിക്കയെ സന്തോഷിപ്പിക്കാനുള്ള നിലപാടുകൾ തുടർച്ചയായി സ്വീകരിക്കുകയുമാണ് മോദി ഭരണകൂടം. റഷ്യ–- -ഉക്രയ്ൻ വിഷയത്തിൽ സ്വീകരിച്ച നിലപാട് ഇസ്രയേൽ -–- പലസ്തീൻ പ്രശ്നത്തിൽ എടുക്കാനായില്ല. അത് അമേരിക്കയെ തൃപ്‌തിപ്പെടുത്താനാണ്. ലോകരാഷ്ട്രങ്ങൾ ഉറ്റുനോക്കുന്ന ഇന്ത്യയ്ക്കു സ്വതന്ത്ര നിലപാടുകൾ സ്വീകരിക്കാൻ കഴിയണം. സാമ്പത്തികമായി തകർച്ച നേരിടുന്ന അമേരിക്ക ഡോളറിനെ ശക്തിപ്പെടുത്താനുള്ള തത്രപ്പാടിലാണ്. ഇതിന്റെ ഭാഗമാണ് പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനകൾ. ട്രംപ് വിശ്വസിക്കാൻ കൊള്ളാത്ത നേതാവാണ്–- പ്രകാശ് കാരാട്ട് പറഞ്ഞു.
വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ ജി എസ് പ്രദീപ് മോഡറേറ്ററായി. ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ സ്വാഗതവും ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി സിൻഡിക്കറ്റ് അംഗം കെ അനുശ്രീ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..