കരുനാഗപ്പള്ളി
ഉരുൾപൊട്ടലിൽ തകർന്ന വയനാടിന് സഹായഹസ്‌തവുമായി കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ. പുനരധിവാസ പ്രവർത്തനത്തിന്റെ ഭാഗമായി ഒരു വീടും 10,000 പുസ്തകശേഖരമുള്ള ലൈബ്രറിയും നിർമിച്ചു നൽകും. തെരഞ്ഞെടുക്കപ്പെട്ട ഒരോ ഹയർ സെക്കൻഡറി, ഹൈസ്കൂൾ, യുപി, എൽപി സ്കൂളുകളിൽ എന്നിവിടങ്ങളിൽ വായനയെ പരിപോഷിപ്പിക്കാൻ കുട്ടികൾക്ക് സ്കോളർഷിപ്പും നൽകും. ‘കൈവിടില്ല, കരുനാഗപ്പള്ളി' ക്യാമ്പയിനിലൂടെയാണ് സഹായം നൽകുകയെന്ന് ഭാരവാഹികൾ അറിയിച്ചു. ധനസമാഹരണം ഗ്രന്ഥശാലാപ്രവർത്തകർ നടത്തും. താലൂക്കിലെ എല്ലാ ഗ്രന്ഥശാലകളിലും ക്യാമ്പയിൻ സമയബന്ധിതമായി പൂർത്തീകരിക്കാൻ കോർ കമ്മിറ്റികളും രൂപീകരിച്ചു. പഞ്ചായത്ത് മുനിസിപ്പൽ തലത്തിൽ വിപുലമായ നേതൃയോഗങ്ങളും ചേർന്നു.
കേരളത്തെ നടുക്കിയ പ്രളയദുരന്തത്തിൽ 50 ലോഡ് സാധനങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10,80,000 രൂപയും കോവിഡ് വാക്സിൻ ചലഞ്ചിൽ 5,45,000രൂപയും താലൂക്ക് ലൈബ്രറി കൗൺസിൽ നൽകിയിരുന്നു. ‘കൈവിടില്ല കരുനാഗപ്പള്ളി ' ക്യാമ്പയിൻ വിജയിപ്പിക്കാൻ ചേർന്ന താലൂക്കുതല സംഘാടകസമതി യോഗത്തിൽ ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് പി ബി ശിവൻ അധ്യക്ഷനായി.
സെക്രട്ടറി വി വിജയകുമാർ പദ്ധതി വിശദീകരിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം വി പി ജയപ്രകാശ്‌മേനോൻ, സംസ്ഥാന കൗൺസിൽ അംഗം എ പ്രദീപ്, താലൂക്ക് വൈസ് പ്രസിഡന്റ് മണപ്പള്ളി ഉണ്ണിക്കൃഷ്ണൻ, ജോയിന്റ് സെക്രട്ടറി പി കെ ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
പത്തനാപുരം
ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന വയനാടിന് പത്തനാപുരം ഇ എം എസ് സഹകരണ ആശുപത്രി ജീവനക്കാരുടെ കൈതാങ്ങ്. കേരള കോ–-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ ആശുപത്രി ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പള വിഹിതം ചേര്‍ത്ത് 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. ആശുപത്രിയിൽ നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് ശബ്നയും ഭാരവാഹികളും ചേർന്ന് യൂണിയൻ സംസ്ഥാന സെക്രട്ടറി പി ഷിബുവിനു തുക കൈമാറി. ചടങ്ങിൽ ആശുപത്രിസംഘം പ്രസിഡന്റ് ബി ദസ്തഗീർ സാഹിബ്, സിപിഐ എം ഏരിയ സെക്രട്ടറി എൻ ജഗദീശൻ, യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എം ഷാജി എന്നിവർ പങ്കെടുത്തു.
പുനലൂർ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിപിഐ പുനലൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റി സമാഹരിച്ച 61,625 രൂപ സംസ്ഥാന കൗൺസിൽ അംഗം കെ രാജുവിന് ലോക്കൽ സെക്രട്ടറി വി വിഷ്ണുദേവ് കൈമാറി. എം സലിം, സി അജയപ്രസാദ്, കെ രാധാകൃഷ്ണൻ, വി പി ഉണ്ണിക്കൃഷ്ണൻ, ജോബോയ് പെരേര, ഇ കെ റോസ് ചന്ദ്രൻ, പി എ അനസ് എന്നിവർ പങ്കെടുത്തു.
ശാസ്താംകോട്ട
വെൺമണി ഗ്രാമസേവാ സമിതി നെടിയവിള അംബികോദയം ഹയർ സെക്കൻഡറി സ്കൂൾ ജൂനിയർ റെഡ് ക്രോസിന്റെ നേതൃത്വത്തിൽ വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യവസ്തുക്കള്‍ സമാഹരിച്ചു. കുട്ടികളിൽനിന്ന് സമാഹരിച്ച ഉൽപ്പന്നങ്ങൾ പ്രിൻസിപ്പൽ എസ് ലേഖ, പ്രധാനാധ്യാപിക ജി പ്രസീത എന്നിവർ ഏറ്റുവാങ്ങി. ഉൽപ്പന്നങ്ങൾ ശാസ്താംകോട്ട ഉപജില്ലാ കേന്ദ്രത്തിൽ എത്തിക്കുകയും അവിടെനിന്ന് കലക്ടർക്ക് കൈമാറുകയുംചെയ്യും. കെ ഒ ദീപക് കുമാർ, ധനീഷ് ആർ ശർമ, സൂര്യ, ഗിരീഷ്, രാഹുൽ, ശ്യാം, മഹേഷ്, ശ്രീജിത്ത്, ഹരി എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..