05 November Tuesday

റിയാസിനായുള്ള മാൽപെയുടെ തിരച്ചിലും വിഫലം നേവി കപ്പലും സ്കൂബാ ടീമും ഇന്നെത്തും

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2024

കാണാതായ റിയാസിനായി തെരച്ചിൽ നടക്കുന്ന കീഴൂർ ഹാർബർ പരിസരത്ത്‌ തടിച്ചുകൂടിയ ജനങ്ങൾ

കാസർകോട്‌
കീഴൂർ കടപ്പുറം അഴിമുഖത്ത് കഴിഞ്ഞ ശനിയാഴ്‌ ചൂണ്ട ഇടുന്നതിനിടെ കാണാതായ കല്ലുവളപ്പിൽ വീട്ടിൽ മുഹമ്മദ് റിയാസിനെ (37) കണ്ടെത്താൻ വ്യാഴാഴ്‌ച രാവിലെ നേവിയുടെ സ്കൂബ ഡൈവിങ്‌ ടീം എത്തും. 
നേവിയുടെ ഒരു കപ്പൽ വ്യാഴാഴ്‌ച കീഴൂർ മുതൽ തലശേരി വരെയും തിരിച്ച്‌, മറ്റൊരു കപ്പൽ തലശേരി മുതൽ കീഴൂർ വരെയും തിരച്ചിൽ നടത്തും. 
ബുധനാഴ്‌ച രാവിലെ മുതൽ ഉഡുപ്പിയിലെ മുങ്ങൽ വിദഗ്‌ധൻ ഈശ്വർ മാൽപെ എത്തി തപ്പിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. ഈ സാഹചര്യത്തിലാണ്‌ മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം തിരച്ചിലിന്‌  ഇന്ത്യൻ നേവിയുടെ സഹായം തേടിയത്‌. അഞ്ചു ദിവസമായി റവന്യു വകുപ്പും പൊലീസും അഗ്നിരക്ഷാസേനയും തീരദേശ പൊലീസും ഫിഷറീസ് വകുപ്പും നാട്ടുകാരും തിരച്ചിൽ നടത്തുകയാണ്‌. 
ബുധൻ രാവിലെ മുതൽ കടലിനോട്‌ ചേർന്നുള്ള അഴിമുഖത്താണ്‌ മാൽപെ തെരച്ചിൽ നടത്തിയത്‌. പകൽ 12 മുതൽ മൂന്നുവരെ തെരച്ചിൽ തുടർന്നു. പുഴക്കരയോട്‌ ചേർന്നുള്ള പാറക്കൂട്ടങ്ങളിൽ ഇരുന്ന്‌ ചൂണ്ടയിടുന്നതിനിടയിൽ പുഴയിൽ വീണതാകാം എന്നാണ്‌ നിഗമനം. റിയാസ്‌ ഉപയോഗിച്ചിരുന്ന ചൂണ്ടയും കാണാതായിട്ടുണ്ട്‌. വലിയ മീനുകളുള്ള സ്ഥലമായതിനാൽ കൊത്തി വലിച്ചപ്പോൾ റിയാസ്‌ പുഴയിലേക്ക്‌ വീണതാകാമെന്ന്‌ പ്രദേശത്തെ മത്സ്യത്തൊഴിലാളികളും പറഞ്ഞു. 
പാറയിടുക്കിൽ കാൽകുടുങ്ങാനുള്ള സാധ്യതയുമുണ്ട്‌. അതിനാൽ റിയാസ്‌ ചൂണ്ടയിടാൻ ഇരുന്നു എന്ന്‌ സംശയിക്കുന്ന പാറക്കൂട്ടത്തിന്‌ അടിവശം കേന്ദ്രീകരിച്ചാണ്‌ മാൽപെ തെരച്ചിൽ നടത്തിയത്‌. പത്തുതവണ പുഴയിൽ മുങ്ങി കടൽ വരെയുള്ള ഭാഗം പരിശോധിച്ചു. സംശയാസ്‌പദമായി ഒന്നും കണ്ടെത്തിയില്ല. 
അഴിമുഖമായതിനാൽ താരതമ്യേന അടിയൊഴുക്ക്‌ കൂടിയ പ്രദേശമാണ്‌. കടലിലേക്ക്‌ ഒഴുകിപ്പോയിരിക്കാം എന്ന നിഗമനത്തിലാണ്‌ അധികൃതർ. ഇതേ തുടർന്നാണ്‌ നേവിയുടെ സഹായം തേടിയത്‌.
കാണാതായ കഴിഞ്ഞ ശനി പകൽ 12ന്‌ തന്നെ റവന്യു വകുപ്പ്, കോസ്റ്റ് ഗാർഡ്, ഫിഷറീസ് വകുപ്പ്, കോസ്റ്റൽ പൊലീസ്, അഗ്നി രക്ഷാസേന ടീമുകൾ ഏകോപിച്ചു ശക്തമായ മഴയെയും അടിയോഴുക്കിനെയും അവഗണിച്ചു  തിരച്ചിൽ നടത്തിയെങ്കിലും വിവരം ലഭിച്ചില്ല.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top