16 September Monday

കേന്ദ്രം നൽകിയത് പുഴുവരിച്ച അരി

സ്വന്തം ലേഖികUpdated: Thursday Sep 5, 2024

 

കൊല്ലം
ഓണത്തിന്‌ കേന്ദ്രം നൽകിയത്‌ ഭക്ഷ്യയോഗ്യമല്ലാത്ത പച്ചരി. അതും കിലോയ്‌ക്ക്‌ 28 രൂപയ്‌ക്കു നൽകാമെന്ന്‌ സമ്മതിച്ചശേഷം എടുക്കാനെത്തിയപ്പോൾ 31.67 രൂപയാക്കി. 18.59 രൂപയ്‌ക്ക്‌ നൽകുന്ന ഭാരത്‌ അരിയാണിത്‌. സപ്ലൈകോ ഉദ്യോഗസ്ഥരാണ്‌ അരിയെടുക്കാൻപോയത്‌. കൊല്ലംകാർക്ക്‌ ഓണം ആഘോഷിക്കാൻ ഉത്സവച്ചന്തകളിലേക്കും മാവേലി, സപ്ലൈകോ ഔട്ട്‌ലെറ്റിലേക്കുമായി അനുവദിച്ചത്‌ പഴകി ദുർഗന്ധം വമിക്കുന്ന പച്ചരിയാണ്‌. പൊതുവിപണി വിൽപ്പന പദ്ധതി (ഒഎംഎസ്എസ്) വഴി ഫുഡ്‌ കോർപറേഷൻ ഓഫ്‌ ഇന്ത്യ (എഫ്‌സിഐ) സപ്ലൈകോയ്‌ക്ക്‌ അനുവദിച്ചതാണ്‌ അരി. പൊതുവിതരണ ഉപഭോക്തൃകാര്യ കമീഷണറുടെ നിർദേശാനുസരണം കൊല്ലം, കരുനാഗപ്പള്ളി എഫ്‌സിഐ ഗോഡൗണുകളിൽ സപ്ലൈകോ ക്വാളിറ്റി അഷ്വറൻസ്‌ മാനേജർ, റേഷൻ കൺട്രോളർ എന്നിവർ ചേർന്ന്‌ നടത്തിയ പരിശോധനയിലാണ്‌ മോശം അരിയാണെന്ന്‌ തെളിഞ്ഞത്‌. ഡിപ്പോകളിൽ സൂക്ഷിച്ചിരുന്ന പച്ചരിയിൽ പുഴുക്കളും പ്രാണികളും നിറഞ്ഞതാണ്‌.  പഴക്കമേറി നിറവ്യത്യാസമുള്ള അരിയിൽനിന്ന്‌ ദുർഗന്ധം വമിക്കുന്നു. 2022-–-23 ലെ സ്റ്റോക്ക്‌ അരിയാണ്‌ വിതരണത്തിന്‌ എത്തിച്ചത്‌. സാമ്പിൾ പാക്കറ്റ് തുടർ നടപടികൾക്കായി ശേഖരിച്ചിട്ടുണ്ട്. ഒരുവർഷമായി ഓപ്പൺ മാർക്കറ്റ് സെയിൽസ് പദ്ധതിയിൽ കേരളത്തിന്‌ എഫ്സിഐ മുഖേന നൽകിവന്നിരുന്ന ഭക്ഷ്യധാന്യവിതരണം കേന്ദ്രസർക്കാർ നിർത്തിവച്ചിരുന്നു. 
ഓണക്കാലത്ത്‌ ഉത്സവച്ചന്തകളിലും മാവേലി, സപ്ലൈകോ ഔട്ട്‌ലെറ്റിലേക്കുമായി 200 ടൺ അരി വേണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ സർക്കാർ വീണ്ടും കേന്ദ്രത്തെ സമീപിച്ചത്‌. എന്നാൽ, സപ്ലൈകോയ്‌ക്ക്‌ ടെൻഡറിൽ പങ്കെടുക്കാൻ ആദ്യം അനുമതി നിഷേധിച്ചു. കേന്ദ്ര ഭക്ഷ്യമന്ത്രിയെ നേരിൽക്കണ്ടും കത്തുകൾ മുഖേനയുമുള്ള വലിയ സമ്മർദത്തെ തുടർന്നാണ്‌ അരി അനുവദിച്ചത്‌. അരി എടുക്കുന്നതിന്‌ സപ്ലൈകോ അധികൃതർ ഗോഡൗണുകളിൽ എത്തി പരിശോധിച്ചപ്പോഴാണ്‌ അരി വിതരണയോഗ്യമല്ലെന്ന് കണ്ടെത്തിയത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top