കൊല്ലം
കലക്ടറേറ്റ് വളപ്പിലുണ്ടായ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ പ്രതിഭാഗത്തിന് കൂടുതൽ തെളിവുകൾ ഹാജരാക്കാൻ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ജി ഗോപകുമാർ സമയം അനുവദിച്ചു. കേസിൽ 10ന് വാദം തുടരും. ക്രിമിനൽചട്ടം 313 വകുപ്പ് അനുസരിച്ച് പ്രതികളുടെ മൊഴിയെടുക്കാൻ മധുര സ്വദേശികളുമായ അബ്ബാസ് അലി, ഷാംസൻ കരീം രാജ, ദാവൂദ് സുലൈമാൻ, ഷംസുദീൻ എന്നീ പ്രതികളെ ബുധനാഴ്‌ച ഹാജരാക്കി. മധുരയിലെ വീട്ടിൽനിന്ന് തെളിവുകളും ചിക്കൻകടയിൽനിന്ന് ലാപ്‌ടോപ്പും കണ്ടെടുത്തത് ഉൾപ്പെടെ പ്രോസിക്യൂഷൻ ഉന്നയിച്ച പത്ത് ചോദ്യങ്ങൾക്കും അറിയില്ലെന്നായിരുന്നു പ്രതികളുടെ മറുപടി. പ്രതികളിലൊരാളുടെ ചിക്കൻകടയിൽനിന്നു കണ്ടെടുത്ത ലാപ്ടോപിൽ 2016ൽ സ്ഫോടനത്തിനു മുമ്പായി പകർത്തിയ കലക്ടറേറ്റ് വളപ്പുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ ഉണ്ടായിരുന്നു. കേസിൽ തനിക്കൊരു ബന്ധവുമില്ലെന്നായിരുന്നു ഒന്നാം പ്രതി അബ്ബാസ് അലി നൽകിയ മൊഴി. വീട്ടിലോ തങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലോ റെയ്ഡുകൾ നടന്നിട്ടില്ലെന്ന് മറ്റു പ്രതികളും മൊഴിനൽകി. മൈസൂർ കോടതി വളപ്പിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ മധുരയിൽ നടത്തിയ റെയ്ഡിനിടെയാണ് ലാപ്ടോപ് ഉൾപ്പെടെയുള്ളവ പിടിച്ചെടുത്തത്. പിടിച്ചെടുത്ത ലാപ്ടോപ്പിലാണ് കൊല്ലം കലക്ടറേറ്റിന്റെയും മറ്റും ദൃശ്യങ്ങൾ കണ്ടെത്തിയത്. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് കൊല്ലത്തെ സ്ഫോടനത്തിലും പ്രതികളുടെ പങ്കുതെളിഞ്ഞത്. 2016 ജൂണിലാണ് കൊല്ലം കലക്ടറേറ്റ് വളപ്പിൽ സ്ഫോടനം നടത്തിയത്. മെയ് 22നു പകർത്തിയ കൊല്ലം കലക്ടറേറ്റിന്റെ ദൃശ്യങ്ങളാണ് ലാപ്ടോപിൽ എൻഐഎ സംഘം കണ്ടെത്തിയത്. രണ്ടാം പ്രതി ഷാംസൻ കരീം രാജയാണ് കൊല്ലത്ത് എത്തി ദൃശ്യങ്ങൾ പകർത്തിയത്. പ്രോസിക്യൂഷനുവേണ്ടി ആർ സേതുനാഥ് ഹാജരായി. പ്രതികൾക്കായി പ്രോസിക്യൂഷൻ ചോദ്യങ്ങൾ അഡ്വ. രേഖ ദീപു തമിഴിലേക്ക് മൊഴിമാറ്റി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..