കല്ലൂപ്പാറ
അത്തപ്പൂക്കളം ഒരുക്കാൻ കല്ലൂപ്പാറകാർക്ക് ഇക്കുറി തമിഴ്നാട്ടിലെ പൂക്കൾ വേണ്ട. പൂക്കളുടെ കാര്യത്തിലും സ്വയം പര്യാപ്തത നേടാനുള്ള ആദ്യ ചുവട് ഇവർ വിജയകരമായി പൂർത്തിയാക്കി. കല്ലൂപ്പാറ പഞ്ചായത്തും കൃഷിഭവനും ആറ് കുടുംബശ്രീ യൂണിറ്റുകളും ചേർന്നാണ് ബന്തിപ്പൂ കൃഷിചെയ്തത്. അത്തം വിപണി ലക്ഷ്യമാക്കിയ കൃഷി പ്രതീക്ഷൾക്ക് ഒപ്പം മൊട്ടിട്ടു വിരിഞ്ഞു. മഞ്ഞയും ചുവപ്പും നിറത്തിലുള്ള പൂക്കൾ അത്തപൂക്കളക്കാരുടെ കാൽ പെരുമാറ്റത്തിന് കാതോർത്തു നിൽക്കുന്നു.
ആവശ്യക്കാരെ വരവേൽക്കാൻ കൃഷിഭവനും തയ്യാറെടുത്തു കഴിഞ്ഞു. ജൂലൈ പകുതിയോടെ കൃഷിഭവനിലൂടെയാണ് ആറ് കുടുംബശ്രീ യൂണിറ്റുകൾക്ക് ബന്തിതൈകൾ വിതരണം ചെയ്തത്. അഞ്ഞൂറു മുതൽ ആയിരം തൈകൾ വരെയാണ് നൽകിയത്. തൈകൾക്കൊപ്പം ആവശ്യമായ വളംകിറ്റും വിതരണം ചെയ്തു. കൃഷി ഓഫീസർ എ പ്രവീണയുടെ നേതൃത്വത്തിലുള്ള കൃഷിവകുപ്പ് ഉദ്യോഗസ്ഥർ ആവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകി. തണ്ടുചീയൽപോലെയുള്ള ചെറിയ രോഗബാധ ഒഴിച്ചാൽ കാര്യമായ കീടബാധയൊന്നും ഉണ്ടായില്ല. വിപണി ലഭിച്ചാൽ അടുത്തവർഷം കൂടുതൽ കുടുംബശ്രീ യൂണിറ്റുകൾ കൃഷിയിലേക്ക് ഇറങ്ങാൻ താൽപര്യം പ്രകടിപ്പിച്ചു കഴിഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..