ആലപ്പുഴ
എ സി റോഡ് നവീകരണത്തിന്റെ ഭാഗമായി നിർമിച്ച പണ്ടാരക്കളം മേൽപ്പാലം ബുധനാഴ്‌ച തോമസ് കെ തോമസ് എംഎൽഎ ഗതാഗതത്തിന് തുറന്നുകൊടുത്തു. ഓണത്തിന് മുമ്പ് ഗതാഗതയോഗ്യമാക്കുമെന്നായിരുന്നു ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് കോ–-ഓപ്പറേറ്റീവ് സൊസൈറ്റി അധികൃതർ അറിയിച്ചത്. എന്നാൽ പറഞ്ഞ ദിവസത്തിനും ആറുദിവസം മുമ്പ് മേൽപ്പാലം തുറക്കുകയായിരുന്നു. വൈദ്യുതി ട്രാൻസ്‌മിഷൻ വിഭാഗത്തിന്റെ ഹൈടെൻഷൻ ടവർ ഉയർത്തുന്നതിനെ തുടർന്നാണ് മേൽപ്പാലം തുറക്കാൻ വൈകിയത്.
ആദ്യം നിശ്ചയിച്ചതിനേക്കാൾ ഉയരത്തിൽ മേൽപ്പാലം പണിയേണ്ടി വന്നതോടെയാണ് കെഎസ്ഇബി ടവർലൈനിൽനിന്നുള്ള ക്ലിയറൻസ് ലഭിക്കാഞ്ഞത്. പുതിയ ഹൈടെൻഷൻ വൈദ്യുതി ടവറിനായി 2.7 കോടി രൂപ അനുവദിച്ചിരുന്നു. പുതിയ ടവർ നിർമിച്ചശേഷം തിങ്കളാഴ്‌ചയോടെ ലൈനുകൾ ഉയർത്തുന്ന പ്രവൃത്തി കെഎസ്‌ഇബി പൂർത്തിയാക്കി. പഴയ ടവർ പൊളിച്ചുനീക്കിയശേഷമാണ് ലൈനിലൂടെ വൈദ്യുതി കടത്തിവിടുക. ഇത് 12നകം പൂർത്തിയാക്കും.
നിർമാണം
ദ്രുതഗതിയിൽ
2022ലാണ് പണ്ടാരക്കളം മേൽപ്പാലത്തിന്റെ നിർമാണം ആരംഭിച്ചത്. 2023ൽ പ്രവർത്തനം പൂർത്തിയായി. എ സി റോഡിലെ ഏറ്റവും നീളം കൂടിയ മേൽപ്പാലമാണ് (628 മീറ്റർ) പണ്ടാരക്കളത്തേത്. 24 മീറ്റർ നീളമുള്ള 24 സ്‌പാനുകളുണ്ട്.
28 തൂണുകളിലാണ് മേൽപ്പാലം പണിഞ്ഞത്. ഇതിനായി 55 മീറ്റർ മുതൽ 78 മീറ്റർ വരെ ആഴവും നാലടി വ്യാസവുമുള്ള 118 പൈലുകൾചെയ്‌തിരുന്നു. 24 മീറ്റർ നീളമുള്ള 96 ഗർഡറുകളിലാണ് പണി പൂർത്തിയാക്കിയത്. പാലം തുറന്നതോടെ എ സി റോഡ് നവീകരണം 88 ശതമാനം പൂർത്തിയായി. പള്ളാത്തുരുത്തി പാലത്തിന്റെ നിർമാണം 48 ശതമാനം പൂർത്തിയായി. 2025ഓടെ പാലം പണി പൂർത്തിയാക്കും.
മങ്കൊമ്പ്, ജ്യോതി, പണ്ടാരക്കളം മേൽപ്പാലങ്ങളുടെ ടാറിങ് ജോലികൾ പൂർത്തിയാകാനുണ്ട്. കുട്ടനാട് കുടിവെള്ള പദ്ധതിയുടെ പൈപ്പ്‌ലൈൻ ജോലികൾ ഇതിനൊപ്പം പുരോഗമിക്കുകയാണ്. ഇത് പൂർത്തിയായശേഷമാകും നടപ്പാതകളും ഇന്റർലോക്കും നിർമിക്കുക. ബസ് ഷെൽട്ടറുകളും തെരുവുവിളക്കുകളും നിർമിക്കാനുള്ള നടപടി ഉടൻ ആരംഭിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..