കിളിമാനൂര്‍
നഗരൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആര്‍ സുരേഷ് കുമാര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പീഡന കേസില്‍ പ്രതിയായതിനെത്തുടര്‍ന്ന് ഒളിവിൽപ്പോയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബി ശ്രീരാജിനെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയിരുന്നു. ഇതേത്തുടര്‍ന്നുള്ള ഒഴിവിലാണ് ആര്‍ സുരേഷ് കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടത്.
തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുന്നതിനായി ആര്‍ സുരേഷ് കുമാർ ഉൾപ്പെടെയുള്ള ആറു കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് കോണ്‍ഗ്രസ് വിപ്പ് നൽകിയിരുന്നു. എന്നാല്‍, വിപ്പ് ലംഘിച്ച് ആര്‍ സുരേഷ് കുമാറും പി ബി അനശ്വരിയും തെരഞ്ഞെടുപ്പിനെത്തി. ഇതിനു പുറമെ എല്‍ഡിഎഫിന്റെ ഏഴ് അംഗങ്ങളും പങ്കെടുത്തു.
കോണ്‍ഗ്രസിന്റെ മറ്റു നാലംഗങ്ങളും ബിജെപിയുടെ രണ്ട് അംഗങ്ങളും വിട്ടുനിന്നു. നഗരൂര്‍ കോണ്‍ഗ്രസില്‍ കെപിസിസി മുന്‍ അംഗത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ജനദ്രോഹ നടപടിയിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് അംഗങ്ങൾ വിപ്പ് ലംഘിച്ച് തെരഞ്ഞെടുപ്പിനെത്തിയത്. ഈ കോൺഗ്രസ് നേതാവ് തുടർച്ചയായി 50 വർഷം പ്രസിഡന്റായിരുന്ന സഹകരണ സ്ഥാപനത്തിലെ ക്രമക്കേടുകളെക്കുറിച്ച് മുന്‍ മണ്ഡലം പ്രസിഡന്റ് ഡിസിസിക്ക് പരാതി നൽകിയിരുന്നു. പരാതിയിന്മേൽ കോണ്‍ഗ്രസ് പഞ്ചായത്ത് അംഗങ്ങളെ അടക്കം ഉള്‍പ്പെടുത്തി ഒരു സമിതി രൂപീകരിക്കാന്‍ ഡിസിസി നിര്‍ദേശിച്ചു. എന്നാല്‍, ഈ സമിതിയില്‍ നഗരൂര്‍ പഞ്ചായത്ത് അംഗം സുരേഷ് കുമാറിനെ ഉള്‍പ്പെടുത്തിയില്ലെന്നും ആക്ഷേപമുണ്ട്.
പീഡന കേസില്‍ പ്രതിയായി വൈസ് പ്രസിഡന്റ് സ്ഥാനം നഷ്ടമായ അബി ശ്രീരാജ് കോണ്‍ഗ്രസുമായി സഹകരിച്ചാണ് പ്രവർത്തിച്ചത്. എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോള്‍ പീഡന കേസിലെ പ്രതിയെ സംരക്ഷിക്കണമെന്ന നിലാപാടാണ് കോൺഗ്രസ് എടുത്തതെന്നും നഗരൂർ കോണ്‍ഗ്രസിലെ ഭൂരിപക്ഷം പേരും തന്നോടൊപ്പമാണെന്നും അവരുടെ പിന്തുണയിലാണ് എല്‍ഡിഎഫിനോട് സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്നും ആര്‍ സുരേഷ് കുമാര്‍ അറിയിച്ചു.
അതേസമയം, വിപ്പ് ലംഘിച്ച് എൽഡിഎഫിനൊപ്പംനിന്ന സുരേഷ് കുമാർ, അനശ്വരി എന്നിവരെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് പാലോട് രവി വാർത്താക്കുറിപ്പിൽ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..