05 December Thursday

അപകട മരണമല്ല
അരുംകൊല

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2024

കൊലപാതകത്തിനുശേഷം സുമിൽഷാദ്‌ ജീപ്പിനരികിൽ നിൽക്കുന്ന ഫോട്ടോ. സുമിൻഷാദിന്റെ ഫോണിൽ നിന്നും പൊലീസ് കണ്ടെടുത്തത്

കൽപ്പറ്റ
ചുണ്ടേലിൽ ഓട്ടോ ഡ്രൈവർ മരിച്ച വാഹനാപകടത്തിന്റെ  ചുരുളഴിഞ്ഞപ്പോൾ പുറത്തുവന്നത്‌ മനഃസാക്ഷിയെ ഞെട്ടിക്കുന്ന അരുംകൊല. ചുണ്ടേൽ അമ്മാറ–--ആനോത്ത് റോഡിലെ എസ്റ്റേറ്റ് ഫാക്ടറിക്ക് സമീപം തിങ്കൾ രാവിലെ വാഹനാപകടം സൃഷ്ടിച്ച്‌ ഓട്ടോഡ്രൈവർ ചുണ്ടേൽ കുന്നത്ത് പീടികയിൽ അബ്ദുൽ നവാസിനെ കൊലപ്പെടുത്തിയതാണെന്ന്‌ തെളിഞ്ഞു. 
 വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ പ്രതികളായ സഹോദരങ്ങൾ ഗൂഢാലോചന നടത്തി ഓട്ടോയിൽ ഥാർ ജീപ്പ്‌ ഇടിച്ചുകയറ്റി കൊല്ലുകയായിരുന്നു. അമ്മാറ–--ആനോത്ത് റോഡിലെ എസ്റ്റേറ്റ് ഫാക്ടറിക്ക് സമീപം തിങ്കൾ രാവിലെ 8.24 ഓടെയായിരുന്നു കൊലപാതകം. ഒന്നാംപ്രതി സുമിൽഷാദ്‌ ഫാക്ടറിക്ക് സമീപത്തുനിന്ന്‌ അരക്കിലോമീറ്റർ അകലെ ജീപ്പിൽ ഒരു മണിക്കൂർ നവാസിനായി കാത്തിരുന്നു. 
പുലർച്ചെ ഓട്ടോയുമായി ടൗണിൽ ജോലിക്കെത്തിയ നവാസിന്റെ ചലനങ്ങൾ രണ്ടാംപ്രതി അജിൻഷാദ്‌ നിരീക്ഷിച്ചു. ചുണ്ടേൽ ടൗണിൽനിന്ന്‌  നവാസ്‌ എസ്റ്റേറ്റ് ഭാഗത്തേക്ക് പോയപ്പോൾ അജിൻഷാദ്‌  ഫോണിലൂടെ വിവരം സുമിൽഷാദിനെ അറിയിച്ചു.  ജീപ്പ് സ്റ്റാർട്ടാക്കി അതിവേഗത്തിൽ എതിർദിശയിൽ കുതിച്ചുപാഞ്ഞ്‌ ഒരു മിനിറ്റുകൊണ്ട്‌ ഓട്ടോയ്‌ക്ക്‌ അടുത്തെത്തി  ഇടിച്ചുതെറിപ്പിച്ചു.  അമിതവേഗത്തിൽ ജീപ്പ്‌ വരുന്നതുകണ്ട്‌ നവാസ്‌ ഓട്ടോ അരികിലേക്ക്‌ മാറ്റിയെങ്കിലും ഇടിച്ചുകയറ്റി. ജീപ്പ്‌ എസ്‌റ്റേറ്റ്‌ റോഡിൽ നിർത്തിയിട്ടിരിക്കുന്നതിന്റെയും പിന്നീട്‌ അമിതവേഗത്തിൽ വരുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പൊലീസിന്‌ ലഭിച്ചു. അജിൻഷാദ്‌ ഫോണിൽ സുമിൽഷാദിനെ  ബന്ധപ്പെട്ടതിന്റെ  റെക്കോർഡുകളും തെളിവായുണ്ട്‌. 
ഓട്ടോയിലേക്ക്‌ ജീപ്പ്‌ ഇടിച്ചുകയറ്റുന്നതിന്‌ ദൃക്‌സാക്ഷികളുമുണ്ട്‌.  ചൊവ്വാഴ്‌ച പതിനഞ്ചുപേരെ പൊലീസ്‌ ചോദ്യംചെയ്‌തു. ചോദ്യം ചെയ്യലിൽ അജിൻഷാദ്‌ കുറ്റസമ്മതം നടത്തി. കൊലപാതകത്തിനുശേഷം മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്ന സുമിൽഷാദിനെ ഡിസ്‌ചാർജിനുശേഷം ബുധനാഴ്‌ചയാണ്‌ പൊലീസ്‌ ചോദ്യംചെയ്‌തത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top