28 December Saturday

‘സൈലൻസ്‌ ’പൂർത്തിയാകും മുമ്പേ നിശബ്ദതയിലേക്ക്‌

സ്വന്തം ലേഖകൻUpdated: Friday Sep 6, 2024

കോഴിക്കോട്ടുനിന്നുള്ള നാടകസുഹൃത്തുക്കൾ സോബി സൂര്യ​ഗ്രാമത്തോടൊപ്പം അദ്ദേഹത്തിന്റെ വീടിനുമുന്നില്‍

​ഗുരുവായൂർ 
‘സൈലൻസ്‌ ’ അരങ്ങിലെത്തും മുമ്പേ നിശബ്‌ദതയിലേക്ക്‌ ആണ്ടു പോയി സോബി സൂര്യഗ്രാം. നാടകത്തിന്റെ സമരമുഖം തെളിഞ്ഞു തന്നെ നിലനിൽക്കണമെന്ന് എപ്പോഴും ഉറക്കെ പറഞ്ഞു കൊണ്ടിരുന്ന നാടകക്കാരൻ. തന്റെ ഏറ്റവും പ്രശസ്‌തമായ അവതരണങ്ങളിലൊന്നായ സക്കീർ ഹുസൈന്റെ  ‘മ്യൂസിക്‌ ഓഫ്‌ ഡെസേർട്ട്‌’ രംഗഭാഷ്യത്തിന്റെ തുടർച്ച എന്ന നിലയിലാണ്‌ ‘സൈലൻസ്‌’ സോബി സ്വപ്‌നം കണ്ടിരുന്നത്‌.    
 സൂര്യഗ്രാമത്തിലെ വീട് അക്ഷരാർഥത്തിൽ നാടകത്തിന്റെ വീടു തന്നെയായിരുന്നു. നാട്ടകങ്ങളും​ ഗ്രാമവീഥികളും അരങ്ങാക്കിയ അതുല്യനടനായിരുന്നു സോബി സൂര്യ​ഗ്രാമം. തെരുവ് നാടകങ്ങളെ എക്കാലവും ഓർക്കുന്ന കലാസൃഷ്ടികളായി രൂപപ്പെടുത്തിയതിൽ പ്രധാന പങ്കുവഹിച്ചു. പ്രശസ്‌ത നാടകരചയിതാവും  സംവിധായകനുമായിരുന്ന പരേതനായ പയ്യൂർ ഭാസിയുടെ മകന്‌ നാടകം ബാല്യത്തിലേ രക്തത്തിലലിഞ്ഞിരുന്നു. 1959ൽ പുറത്തിറങ്ങിയ  നാടകം യൂജിൻ  അയനസ്കോയുടെ കണ്ടാമൃഗം, സന്തോഷ് എച്ചിക്കാനത്തിന്റെ ബിരിയാണി,  കാക്കാലൻ, വെള്ളരിക്കാപട്ടണം, പെൺകുട്ടികളെ അണിനിരത്തിക്കൊണ്ട് സവിശേഷ രംഗഭാഷയിൽ ഒരുക്കിയ കുതിരപ്പൊറാട്ട്‌, കണ്ണൂർ മയ്യിൽ നാടകക്കൂട്ടത്തിന്റെ ഇരുൾവഴിയിലെ കനൽനക്ഷത്രം തുടങ്ങി ശ്രദ്ധേയങ്ങളായ  നാൽപ്പതോളം നാടകങ്ങളും നിരവധി തെരുവുനാടകങ്ങളും ചെയ്തിട്ടുണ്ട്. സിപിഐ എം, ഡിവൈെഫ്ഐ എന്നിവയ്‌ക്ക് വേണ്ടി നിരവധി തെരുവുനാടകങ്ങളും കലാസംഘങ്ങളും സംവി​ധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തു. 
 പ്രവാസിസംഘടനകൾക്ക് വേണ്ടിയും നാടകങ്ങൾ ചെയ്തു. നാടകത്തിനായി സമർപ്പിച്ച വീട്ടിൽ കുട്ടികളുടെ നാടകാഭിരുചി വർധിപ്പിക്കുന്നതിന് തുടർച്ചയായി ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു. അരങ്ങിനെ ആഘോഷമാക്കിയ പ്രതിഭയാണ്‌ അരങ്ങൊഴിഞ്ഞത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top