തിരുവനന്തപുരം
ഓണത്തിരക്കിൽ നഗരത്തിലെ പ്രധാന മാർക്കറ്റുകളെല്ലാം ഉഷാറായി. രാവിലത്തെ മഴ കച്ചവടക്കാരിൽ അൽപ്പം നിരാശ ഉണ്ടാക്കിയെങ്കിലും ഉച്ചവെയിലിൽ അങ്ങിങ്ങായി ജനതിരക്കായി. ഓണമൊരുങ്ങാൻ വാഴയില ഉൾപ്പെടെ ആവശ്യമുള്ളതെല്ലാം മാർക്കറ്റിലുണ്ട്.
തൂത്തുക്കുടി, തിരുനെൽവേലി, മധുര എന്നിവിടങ്ങളിൽനിന്നെത്തിയ തമിഴ്‌നാടൻ വാഴയിലയാണ് സദ്യയുണ്ണാനായി എത്തിച്ചത്. എട്ടുരൂപ വില ഉണ്ടായിരുന്ന ഇല അത്തമായതോടെ പത്തുരൂപയായി. വയനാട്, തമിഴ്‌നാട് എന്നിവിടങ്ങളിലെ നേന്ത്രക്കായയുമുണ്ട്. നേന്ത്രക്കായക്ക് വില കുറവാണ്.
നാടന് കിലോയ്ക്ക് 90 രൂപയും മറുനാടന് 55രൂപയും. എന്നാൽ എണ്ണയിൽ വറുത്ത് കോരിയപ്പോൾ വില കുത്തനെ കൂടി. ഏത്തയ്ക്കാ ഉപ്പേരിക്ക് 250–- 300 വരെയാണ് വില.
ശർക്കര വരട്ടിക്ക് 350 മുതൽ 400ൽ എത്തി. ഓണത്തോട് അടുക്കുന്നതോടെ വില ഇനിയും കൂടും.
പച്ചക്കറിക്കുട്ടകൾ നിറഞ്ഞു
പച്ചക്കറി കടകളിൽ കുട്ടകൾ നിറഞ്ഞു. പച്ചക്കറി വില കുറഞ്ഞെങ്കിലും പഴയൊരു തള്ളിക്കയറ്റമില്ല. "ഹൈപ്പർ മാർക്കറ്റുകൾ കൂടിയതോടെ ഒന്നോ രണ്ടോ എണ്ണമായി ആവശ്യത്തിനുള്ളത് മാത്രമെടുത്ത് ആ തൂക്കത്തിനനുസരിച്ചുള്ള വില കൊടുക്കാൻ അവസരമുള്ളപ്പോൾ വില കുറവാണെങ്കിലും ഇവിടെ വന്ന് വാങ്ങാൻ ആരെങ്കിലും തയ്യാറാകുമോയെന്ന ആശങ്ക പങ്കുവയ്ക്കുകയാണ് ചാല മാർക്കറ്റിലെ എൽഎൽ വെജിറ്റബിൾസ് ജീവനക്കാരൻ ജയകുമാർ. വിലക്കുറവിൽ പച്ചക്കറി സുലഭമായി എത്തിക്കാൻ കുടുംബശ്രീയും കൃഷി വകുപ്പും അടുത്ത ആഴ്‌ചയോടെ രംഗത്തിറങ്ങും. തക്കാളി 25, പച്ചമുളക് -70, സവാള- 36, വെണ്ട 15 എന്നിങ്ങനെയാണ് വിപണിയിലെ വില.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..