30 December Monday
പൊതുമേഖലയിലെ തരിശുഭൂമി

കൃഷിക്ക്‌ 738 ഏക്കർ

സ്വന്തം ലേഖകൻUpdated: Friday Sep 6, 2024
കൊല്ലം
ജില്ലയിൽ കൃഷിക്ക് 738.5 ഏക്കർ തരിശുഭൂമി പൊതുമേഖലയിൽ കണ്ടെത്തി. പൊതുമേഖല –-സ്വകാര്യമേഖലകളിൽ ഉപയോഗശൂന്യമായി കിടക്കുന്ന ഭൂമി കണ്ടെത്തി കൃഷി ചെയ്യാൻ താൽപ്പര്യമുള്ളവർക്ക്‌ നിശ്ചിതകാലത്തേക്ക്‌ നൽകാൻ സർക്കാർ പദ്ധതിയിട്ടിരുന്നു. ഇതിന്റെ ഭാഗമായി കൃഷിവകുപ്പ്‌ നടത്തിയ ആദ്യഘട്ട സർവേയിലാണ്‌ ഭൂമി കണ്ടെത്തിയത്‌.  കരഭൂമിയും പാടശേഖരവുമുണ്ട്‌. കുളത്തൂപ്പുഴയിലെ ഓയിൽപാം ഇന്ത്യ, പുനലൂരിലെ സ്റ്റേറ്റ്‌ ഫാമിങ്‌ കോർപറേഷൻ എന്നിവ സ്ഥലം വിട്ടുനൽകാൻ സന്നദ്ധത അറിയിച്ചു. ശാസ്താംകോട്ടയിൽ ദേവസ്വം ബോർഡിന്റെയും കുണ്ടറയിൽ കെല്ലിന്റെയും ഭൂമി വിട്ടുനൽകുന്നതിനുള്ള നടപടി പുരോഗമിക്കുന്നു. 
ന്യൂ അഗ്രികൾച്ചർ വെൽത്ത്‌ ഓപ്പർച്യൂണിറ്റീസ്‌–-ഡ്രൈവിങ്‌ ഹോർടികൾച്ചർ ആൻഡ്‌ അഗ്രി ബിസിനസ്‌ നെറ്റ്‌വർക്കിങ്‌ (നവോ–-ധാൻ)എന്ന പേരിലാണ്‌ പദ്ധതി. കേരള അഗ്രോ ബിസിനസ്‌ കമ്പനി (കാബ്‌കോ)യാണ്‌ നിർവഹണ ഏജൻസി. കൃഷിഭവന്‍ വഴിയാണ്‌ ഭൂമി കണ്ടെത്തുന്നത്‌. വൈദ്യുതി, ജലസേചന സൗകര്യങ്ങൾ ഉറപ്പാക്കിയാണ്‌ സ്ഥലം കൈമാറുന്നത്‌. സ്ഥാപനങ്ങളിൽ നിന്നോ വ്യക്തികളിൽ നിന്നോ കാബ്‌കോ ഏറ്റെടുക്കുന്ന ഭൂമി കൃഷിചെയ്യാൻ സന്നദ്ധരായവർക്ക്‌ നിശ്ചിത കാലത്തേക്ക്‌ കൈമാറും. കർഷക ഗ്രൂപ്പുകൾക്കാണ്‌ മുൻഗണന. സ്ഥലത്തിന്റെ പ്രത്യേകത അനുസരിച്ചാണ്‌ കൃഷി ഏതെന്ന്‌ തീരുമാനിക്കുന്നത്‌. പാടശേഖരങ്ങളിൽ നെല്ല്‌, വാഴക്കൃഷികളും പയർ വർഗങ്ങൾക്കുമാണ്‌ പ്രാധാന്യം. ഹൈടെക്‌ കൃഷിക്ക്‌ ഉതകുന്ന ഫാമുകൾ നവോ–ധാനിന്റെ ഭാഗമായി സൃഷ്‌ടിക്കപ്പെടും. പച്ചക്കറിയിൽ സംസ്ഥാനം സ്വയം പര്യാപ്തത കൈവരിക്കുകയാണ്‌ നവോ–ധാനിന്റെ ലക്ഷ്യം. നവോ–- ധാൻ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട്‌ ആദ്യ യോഗം കാബ്‌കോ കഴിഞ്ഞ ദിവസം വിളിച്ചുചേർത്തിരുന്നു. സ്വകാര്യമേഖലയിലെ തരിശുഭൂമി കണ്ടെത്താനുള്ള സർവേ ഉടൻ ആരംഭിക്കും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top