മുഹമ്മ
രാജ്യത്തെ ആദ്യ സിന്തറ്റിക് സാനിറ്ററി പാഡ് രഹിത ഗ്രാമമായി മുഹമ്മയെ വെള്ളിയാഴ്‌ച പ്രഖ്യാപിക്കും. വൈകിട്ട് നാലിന് ഹരിതമിഷൻ ചെയർപേഴ്സൺ ഡോ. ടി എൻ സീമയാണ് ചരിത്രപ്രഖ്യാപനം നടത്തുക. പഞ്ചായത്തും പരിസ്ഥിതി സംരക്ഷണ സംഘടനയായ അശോക ട്രസ്‌റ്റ് ഫോർ റിസർച്ച് ഇൻ ഇക്കോളജി ആൻഡ് ദി എൻവയോൺമെന്റ് (ഏട്രീ)യും ചേർന്ന് നടപ്പാക്കുന്ന ‘മുഹമ്മോദയം’ ക്യാമ്പയിനിന്റെ ഭാഗമായാണ് പ്രഖ്യാപനം. ആരോഗ്യസൗഹൃദ തുണിപ്പാഡുകൾ, മെൻസ്ട്രുവൽ കപ്പ് എന്നിവ പ്രചരിപ്പിക്കുന്ന ക്യാമ്പയിൻ ഒരുവർഷമായി മുഹമ്മയിൽ നടക്കുന്നുണ്ട്. പൂർണമായും ഈർപ്പം വലിച്ചെടുക്കുന്ന ഫ്ലാനൽ തുണികൊണ്ടാണ് തുണിപ്പാഡുകൾ നിർമിക്കുന്നത്. മറ്റ് പാഡുകൾ പോലെ ആറ് മണിക്കൂർവരെ ഉപയോഗിക്കാം. ഉപയോഗശേഷം തണുത്ത വെള്ളത്തിൽ കഴുകി വെയിലത്ത് ഉണക്കിയാൽ നാലു വർഷത്തോളം ഉപയോഗിക്കാമെന്നതാണ് പ്രത്യേകത. 50 രൂപയ്‌ക്കാണ് നൽകുക. സിലികോൺ മെൻസ്ട്രുവൽ കപ്പുകൾ എട്ടുമുതൽ 10 വർഷംവരെ ഉപയോഗിക്കാം. 100 രൂപയ്‌ക്കാണ് നൽകുക. മെഡിക്കൽ സ്‌റ്റോറുകളിലും കടകളിലും ഇവ ലഭ്യമാണ്. ഒരുമാസം കൂടി ഡിസ്‌കൗണ്ട് നിരക്കിൽ ലഭിക്കും. ഇതുവരെ 6000 തുണിപ്പാഡുകളും 600 മെൻസ്ട്രുവൽ കപ്പും വിതരണംചെയ്‌തതായി പഞ്ചായത്ത് പ്രസിഡന്റ് ജെ ജയലാൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..