22 December Sunday

കാർഷിക സർവകലാശാലയിൽനിന്ന്‌ വിത്ത് എത്തിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2024
തിരുവല്ല
അപ്പർ കുട്ടനാട്ടിൽ നാഷണൽ സീഡ് കോർപ്പറേഷൻ കർഷകർക്ക് നൽകിയ കിളിർക്കാത്ത നെല്ല് തിരികെ കൊണ്ടുപോകാൻ കൃഷി വകുപ്പും പെരിങ്ങര പഞ്ചായത്തും പെരിങ്ങര സർവീസ് സഹകരണ ബാങ്കും എൻ എസ് സി ക്ക് നിർദേശം നൽകി. 
ചൊവ്വാഴ്ച കൃഷി വകുപ്പ് വിളിച്ച അടിയന്തര യോഗത്തിൽ കിളിർക്കാത്തതിന് പകരം വിത്ത് വേണമെന്ന്  കർഷകർ ആവശ്യമുന്നയിച്ചു. ഇതേ തുടർന്ന് കാർഷിക സർവകലാശാലകളിൽ നിന്നും വിത്ത് എത്തിക്കാനുള്ള നടപടി ആരംഭിച്ചു.
കർഷകരുടെ ആവശ്യത്തെ തുടർന്ന് ഉദ്യോഗസ്ഥർ എൻ എസ് സിയുമായി ചർച്ച നടത്തി. വിത്ത് തിരികെ കൊണ്ടുപോകണമെന്ന കാര്യത്തിൽ തൊട്ടടുത്ത ദിവസം തന്നെ തീരുമാനം അറിയിക്കാമെന്ന് എൻ എസ് സി അധികൃതർ അറിയിച്ചിട്ടുണ്ട്. കൊടുത്തയച്ച വിത്ത് കിളിർക്കാത്തതാണോയെന്ന് പരിശോധിക്കാൻ സാമ്പിളുകൾ എൻ എസ് സി ശേഖരിച്ചു കൊണ്ടുപോയി. 15 ദിവസത്തിനകം ഇതിന്റെ പരിശോധനാ ഫലം അറിയിക്കും.
അതേസമയം കൃഷി വകുപ്പും സാമ്പിളുകൾ ശേഖരിച്ച് കളർകോട്‌ സംസ്ഥാന വിത്ത് പരിശോധനാലാബിലേക്ക് അയച്ചു. പരാതി ഉയർന്ന സാഹചര്യത്തിൽ നാഷണൽ സീഡ് കോർപ്പറേഷനിൽ നിന്നും ഇനി വരാനുള്ള 30 ടൺ വിത്ത് ഇനി അയയ്‌ക്കേണ്ടന്നും കൃഷിവകുപ്പ് കർശന നിർദേശം നൽകി. ഇതിന്റെ തുക കർഷകരിൽ നിന്നും ശേഖരിച്ച് മുൻകൂറായടച്ച പെരിങ്ങര സർവീസ് സഹകരണബാങ്കും വിത്ത് വേണ്ടെന്നും തുക മടക്കി തരണമെന്നും എൻ എസ് സിയോട് ആവശ്യപ്പെട്ടു.
യോഗത്തെ തുടർന്ന് സംസ്ഥാന സീഡ് ഡവലപ്പ്മെന്റ്‌ അതോറിറ്റിയിൽനിന്നും വിത്തെടുക്കാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും ഇവിടെയും വിത്ത് എത്തിക്കുന്നത് എൻ എസ് സിയാണെന്നതിനാൽ കാർഷിക സർവകലാശാലയിൽനിന്നും വിത്ത് കൊണ്ടുവരാനാണ് പൊതു തീരുമാനം.
എവിടെനിന്ന് വിത്ത് എത്തിച്ചാലും ഉത്തരവാദിത്വത്തോടെ ഇവ കിളിർക്കുന്നതാണെന്ന് ഉറപ്പാക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. അപ്പർ കുട്ടനാട്ടിലെ കാർഷികമേഖലയിലെ പ്രതിസന്ധി ചൊവ്വാഴ്ച ദേശാഭിമാനിയാണ് പ്രസിദ്ധീകരിച്ചത്. ഇതേ തുടർന്നാണ് കൃഷിവകുപ്പ് അടിയന്തിര യോഗം വിളിച്ചത്.
കൃഷി ഓഫീസിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ്‌ ഏബ്രഹാം തോമസ് അധ്യക്ഷനായി. കൃഷി ഓഫീസർ അൻജു മറിയം ജോസഫ്, പാടശേഖരസമിതി പ്രസിഡന്റ്‌ ചെറിയാൻ കെ മാത്യു, സെക്രട്ടറി അനു എം പുല്ലുവേലിൽ, കൺവീനർ മാത്തൻ ജോസഫ്, കർഷക പ്രതിനിധികളായ തങ്കച്ചൻ കോയിക്കളം, സോണിച്ചൻ ഇടിഞ്ഞില്ലം, സുനിൽ സഖറിയ, ജോർജ്കുട്ടി വലിയവീട്ടിൽ, അനുരാജ് പുല്ലുവേലിൽ, രാജൻ കോലത്ത്, സണ്ണി തോമസ്, ബാങ്ക് സെക്രട്ടറി അനിത എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top