18 November Monday

മറയൂരിലേക്ക്‌ ട്രിപ്പിൾ 
വെങ്കല നേട്ടവുമായി അലീന

വെബ് ഡെസ്‌ക്‌Updated: Monday Dec 6, 2021

അലീന തോമസ്

മറയൂർ > ഹൈറേഞ്ചിന്റെ ഉന്നതങ്ങളിൽനിന്ന്‌ കയാക്കിങ്ങ് ആൻഡ്‌ കനോയിങ്ങിൽ ട്രിപ്പിൾ വെങ്കലം നേടി ദേശീയതാരമായി അലീന തോമസ്‌. ഡ്രാഗൺ ബോട്ട് ജൂനിയർ വിഭാഗത്തിൽ 200 മീറ്റർ, 500 മീറ്റർ, 2000 മീറ്റർ എന്നീ ഇനങ്ങളിലാണ് വെങ്കല മെഡൽ കരസ്ഥമാക്കിയത്. അത്‌ലറ്റിക്‌സിൽ ഷൈനി വിത്സൺ, കെ എം ബീനമോൾ, പ്രീജ ശ്രീധരൻ തുടങ്ങി ഒട്ടേറെ ദേശീയ, അന്തർദേശീയ താരങ്ങളുണ്ടെങ്കിലും ജില്ലയിൽനിന്ന്‌ ഒരു തുഴച്ചിൽകാരി ദേശീയതാരമാകുന്നത്‌ അപൂർവമാണ്‌.
 
കാന്തല്ലൂർ ദണ്ഡുകൊമ്പിലെ മാമലയിൽ തോമസിന്റെയും ബിൻസിയുടെയും ഇളയ മകളാണ്‌ ഈ പ്ലസ്‌ടു വിദ്യാർഥിനി. കയാക്കിങ്‌ ആൻഡ്‌ കനോയിങ്‌ എന്ന പേരും വള്ളംകളിയോടുമുള്ള ചെറുപ്പത്തിലേയുള്ള ഇഷ്ടവുമാണ്‌ ദേശീയതലത്തിലേക്ക്‌ എത്തിച്ചതെന്ന്‌ അലീന പറയുന്നു. ഹിമാചൽപ്രദേശിലെ ചമ്പ ജില്ലയിൽ ചമേര തടാകത്തിൽ നടന്ന ദേശീയ ടൂർണമെന്റിൽ ഡ്രാഗൺ ബോട്ട് ഇനത്തിലാണ്‌ കേരള ടീമിനെ പ്രതിനിധികരിച്ച്‌ അലീന വെങ്കല മെഡൽ കരസ്ഥമാക്കിയത്‌. ഒന്നാംസ്ഥാനം ഹരിയാനയും രണ്ടാംസ്ഥാനം മധ്യപ്രദേശും കരസ്ഥമാക്കി. ഡ്രാഗൺബോട്ടിൽ ഡ്രമ്മിസ്റ്റും അമരക്കാരനുമുൾപ്പെടെ 12 പേരാണുള്ളത്‌. അലീനയുൾപ്പെടെ 10 പേരാണ് തുഴച്ചിൽ വിഭാഗത്തിലുണ്ടായിരുന്നത്. ജോമോൾ അൽജോ, ജി നന്ദന, ശ്രേയ കാർത്തിക, ഇഷ, ലക്ഷ്‌മി, ശ്രീപാർവതി, ആനി, ടിനു, എസ്‌ അഭിഷേക്‌, കെ ആർ കണ്ണൻ എന്നിവരായിരുന്നു മറ്റുള്ളവർ. ഡ്രാഗൺ ബോട്ട്‌ അസോസിയേഷന്റെ പരിശീലകനായ കെ എസ്‌ റെജിയായിരുന്നു കേരള ടീമിന്റെ പരിശീലകൻ.
 
കൊല്ലം പെരിങ്ങാലം സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയായ അലീനയ്‌ക്ക്‌ സ്‌പോർട്‌സ്‌ കൗൺസിലാണ്‌ പരിശീലനത്തിന്‌ സൗകര്യങ്ങളൊരുക്കിയത്‌. അലീനയുടെ നേട്ടത്തിൽ സർക്കാർ ചീഫ് വിപ്പ്‌ ഡോ. എൻ ജയരാജ് എംഎൽഎ നേരിട്ടെത്തിയും ഫെയ്‌സസ്‌ബുക്കിൽ കുറിപ്പിട്ടും അഭിനന്ദിച്ചിരുന്നു. കോവിഡ്‌ സാഹചര്യത്തിൽ മറയൂർ സർക്കാർ സ്കൂളിലേക്ക് പഠനം മാറ്റണമെന്ന ആഗ്രഹം ഡോ. എൻ ജയരാജിനെ അറിയിക്കുകയും വകുപ്പ് മന്ത്രിയുമായി ബന്ധപ്പെട്ട് വേണ്ട സാധ്യതകൾ പരിശോധിക്കാമെന്ന് ഉറപ്പുനൽകിയതായും രക്ഷകർത്താക്കൾ പറയുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top