22 December Sunday

14 പേർ ഇപ്പോഴും ചികിത്സയിൽ, 
5 പേർ ഐസിയുവിൽ

വെബ് ഡെസ്‌ക്‌Updated: Friday Dec 6, 2024
നീലേശ്വരം
നീലേശ്വരം അഞ്ഞൂറ്റമ്പലം തെരു വീരർകാവ് ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തിന് ഒരു മാസം പിന്നിട്ടപ്പോഴും 14 പേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. ഇതിൽ അഞ്ചുപേർ ഐസിയുവിലാണ്‌. കെ വി പുഷ്പവല്ലി, അലൻ, സിനോയ്, സനോജ്, എം ശ്രീഹരി, കെ അനൂപ്, രാമചന്ദ്രൻ, കെ വി അതുൽ ബാബു, ലീന, ടി കെ പ്രസാദ്, അതുൽ പ്രസാദ്, രാജേന്ദ്രൻ, പി നിതീഷ്, രവി എന്നിവരാണ് ആശുപത്രിയിൽ തുടരുന്നത്.  ഒക്ടോബർ 28ന് അർധരാത്രിയിലുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ്‌ ചികിത്സയിലിരിക്കെ ആറുപേർ  മരിച്ചു. ചോയ്യങ്കോട്‌ കിനാനൂർ റോഡിലെ സി സന്ദീപ് (38), കൊല്ലമ്പാറ മഞ്ഞളംകാട്ടെ കെ ബിജു (38), കിനാനൂർ സ്വദേശികളായ കെ വി രജിത്ത് (28),  രതീഷ്,  ചെറുവത്തൂർ ഓർക്കുളത്തെ ഷബിൻരാജ്, നീലേശ്വരം തേർവയലിലെ പി സി പത്മനാഭൻ (75) എന്നിവരാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ 154 പേർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരുടെ മുഴുവൻ ചികിത്സ ചെലവും സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സ‌ർക്കാർ നാല് ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു. 
ഇതിനുപുറമെ അഞ്ഞൂറ്റമ്പലം  ക്ഷേത്രം റിലീഫ് കമ്മിറ്റി അഞ്ച്‌ ലക്ഷം രൂപ വീതവും  നൽകി. അതേസമയം പരിക്കുപറ്റിയവരെ ആശുപത്രിയിൽ എത്തിച്ച അമ്പതോളം ആംബുലൻസ് ഡ്രൈവർമാർക്ക് ഇതുവരെ വാടക നൽകിയിട്ടില്ല.  കണ്ണൂർ, കാഞ്ഞങ്ങാട്, കോഴിക്കോട്, മംഗളൂരു തുടങ്ങിയ ആശുപത്രികളിലേക്കാണ് ആംബുലൻസിൽ പരിക്കേറ്റവരെ എത്തിച്ചത്.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top