തലശേരി
ചെമ്പേരി ലൂർദ് മാതാ ബസലിക്കയിലേക്ക് വിവിധ ഫൊറോന കേന്ദ്രങ്ങളിൽനിന്നുള്ള മരിയൻ തീർഥാടനം വെള്ളി രാത്രി ആരംഭിക്കും. ജപമാല ചൊല്ലി കാൽനടയായുള്ള തീർഥാടനത്തിൽ പതിനായിരത്തിലേറെ പേർ പങ്കെടുക്കുമെന്ന് തലശേരി അതിരൂപത അറിയിച്ചു. തീർഥാടനത്തിന് മുന്നോടിയായി ദിവ്യകാരുണ്യ ആരാധനയും കുർബാനയും വിവിധ ഫൊറോന കേന്ദ്രങ്ങളിൽ നടക്കും. വൈകിട്ട് 6,30ന് നടക്കുന്ന കുർബാനയിൽ എടൂർ സെന്റ് മേരീസ് ഫൊറോന ദേവാലയത്തെ എപ്പിസ്കോപ്പൽ തീർഥാടനകേന്ദ്രമായി തലശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി പ്രഖ്യാപിക്കും.
വിവിധ ഫൊറോനകളിൽ മരിയൻ നൈറ്റിന് പരിയാരം മദർ ഹോം ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ജെയിംസ് പുത്തൻനടയിൽ, അതിരൂപത പ്രോക്യൂറേറ്റർ ഫാ. ജോസഫ് കാക്കരമറ്റത്തിൽ, അതിരൂപത ചാൻസലർ ഫാ. ജോസഫ് മുട്ടത്തുകുന്നേൽ, അതിരൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി എന്നിവർ നേതൃത്വംനൽകും. ചെമ്പേരി ഇടവകയിലെ വിവിധ വാർഡുകളിൽനിന്നും ജപമാല പ്രദക്ഷിണമായി ഇടവകാംഗങ്ങൾ ബസിലിക്കയിൽ എത്തിച്ചേരും. ശനി രാവിലെ അഞ്ചിന് ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ കാർമികത്വത്തിൽ തീർഥാടകർക്കായി ദിവ്യബലിയുണ്ടാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..