22 December Sunday

ആറാം വാർഷികം 9ന്‌ പറന്നുയർന്ന്‌ കണ്ണൂർ

വെബ് ഡെസ്‌ക്‌Updated: Friday Dec 6, 2024
കണ്ണൂർ
കേന്ദ്ര അവഗണന സൃഷ്ടിച്ച  പ്രതിസന്ധികൾക്കിടയിലും പറന്നുയർന്ന്‌ കണ്ണൂർ അന്താരാഷ്ട വിമാനത്താവളം.  വിമാനത്താവളത്തിന്‌ ആറ്‌ വയസ്‌ തികയുമ്പോൾ സംസ്ഥാന സർക്കാരിനും കിയാലിനും ജനങ്ങൾക്ക്‌ മുന്നിൽ നിരത്താൻ നേട്ടങ്ങളുടെ പട്ടികയുണ്ട്‌. വർഷം 15 ലക്ഷം യാത്രക്കാരെന്ന സുപ്രധാന നേട്ടത്തോടെ  ഈ സാമ്പത്തിക വർഷാവസാനം 180 കോടി രൂപയുടെ വരുമാനം കൈവരിക്കുകയെന്ന ലക്ഷ്യത്തിലേക്കാണ്‌ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള കമ്പനി (കിയാൽ) നീങ്ങുന്നത്‌.    
    2018 ഡിസംബർ ഒമ്പതിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ  ഉദ്‌ഘാടനംചെയ്‌ത വിമാനത്താവളം ആദ്യവർഷം 10 ലക്ഷം യാത്രക്കാരെന്ന നേട്ടം കൈവരിച്ചു. ഗോ എയറിന്റെ 10 സർവീസുകൾ നിലച്ചതിലും വിദേശ വിമാന സർവീസിനുള്ള പോയിന്റ്‌ ഓഫ്‌ കോൾ പദവി ലഭിക്കാത്തതിലുമുണ്ടായ  പ്രതിസന്ധികളെല്ലാം അതിജീവിച്ചാണ്‌ നേട്ടം. എയർ ഇന്ത്യ എക്‌സ്‌പ്രസ്‌, ഇൻഡിഗോ സർവീസ്‌ മാത്രമേ ഉള്ളുവെങ്കിലും വളർച്ചയ്‌ക്ക്‌ വേഗം പകരാൻ പ്രവർത്തനമേഖല  വിപുലീകരിച്ച്‌ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തി.
നിലവിൽ 3,500 കോടി രൂപയുടെ അംഗീകൃത മൂലധനം കണ്ണൂർ വിമാനത്താവളത്തിനുണ്ട്‌. പുതിയ നിക്ഷേപകരെ ആകർഷിച്ച്‌  കൂടുതൽ ധനാഗമന, തൊഴിലവസരങ്ങൾ കണ്ടെത്തുന്ന വ്യോമയാന സർവീസിനുപരിയായുള്ള വൈവിധ്യവൽക്കരണത്തിലേക്കാണ്‌ നീങ്ങുന്നത്‌.  
മൂലധന ഓഹരികൾക്കൊപ്പം പൊതുമേഖലാ സ്ഥാപനങ്ങളുമായി സഹകരിച്ച്‌  കടം പുനഃക്രമീകരിക്കാനുള്ള പദ്ധതിയും വിജയംകണ്ടു. അപ്രോച്ച്‌ ലൈറ്റ്‌നിങ് കാറ്റഗറി ഒന്നിലേക്കുയർത്തി ഏത്‌ പ്രതികൂല കാലാവസ്ഥയിലും വിമാനങ്ങൾക്കിറങ്ങാനും പറന്നുയരാനും കഴിയുന്ന വിമാനത്താവളമായി മാറ്റുകയാണ്‌ ലക്ഷ്യം. അനുബന്ധ സംരംഭങ്ങളിലൂടെ അധിക വരുമാനമുണ്ടാക്കുന്നതിന്‌ ഹോട്ടൽ, കൺവൻഷൻ സെന്റർ എന്നിവ ആരംഭിക്കാൻ  ടെൻഡർ നടപടികളുമായി മുന്നോട്ടു പോകുന്നു.
 ആറാം വാർഷികം കലാ കായിക മത്സരങ്ങളോടെ ആഘോഷിക്കും. വിമാനത്താവള കമ്പനിയിലെ ജീവനക്കാർക്കൊപ്പം വ്യത്യസ്ത ഏജൻസികളിലെ ജീവനക്കാരും പങ്കാളികളാകും. എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ യാത്രാനിരക്കിൽ 15 ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്‌. ദമാം, അബുദാബി, ദോഹ, റിയാദ്, ബഹ്‌റൈൻ, കുവൈറ്റ്, റാസൽഖൈമ, മസ്കറ്റ്, ഷാർജ എന്നിവിടങ്ങളിലേക്കുള്ള യാത്രയ്‌ക്ക് തിങ്കൾവരെ ടിക്കറ്റ് ബുക്കുചെയ്യുന്നവർക്കാണ്‌ ഇളവ്‌.
ബംഗളൂരു സർവീസ്‌ 
13ന്‌ തുടങ്ങും
കണ്ണൂർ–- ബംഗളൂരു എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ സർവീസ്‌ 13ന്‌ പുനരാരംഭിക്കും. രാവിലെ 6.10ന്‌ കണ്ണൂരിൽനിന്ന്‌ പുറപ്പെടുന്ന വിമാനം 7.10ന്‌ ബംഗളൂരുവിലെത്തും. തുടർന്ന്‌ ബംഗളൂരുവിൽനിന്ന്‌ 8.10ന്‌ പുറപ്പെടുന്ന വിമാനം 9.10ന്‌ കണ്ണൂരിലെത്തുന്ന രീതിയിലാണ്‌ സർവീസ്‌ പുനഃക്രമീകരിച്ചത്‌. എല്ലാ വെള്ളിയാഴ്‌ചയിലുമാണ്‌ സർവീസ്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top