19 December Thursday

സംസ്ഥാനത്തെ ആദ്യ ഇ–സ്‌പോർട്‌സ്‌ കേന്ദ്രം തലശേരിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Dec 6, 2024

തലശേരി മണ്ഡലത്തിൽ ഇ–സ്‌പോട്‌സ്‌ കേന്ദ്രം ആരംഭിക്കുന്നത് സംബന്ധിച്ച്‌ ചർച്ച ചെയ്യാൻ 
തിരുവനന്തപുരത്ത്‌ ചേർന്ന യോഗത്തിൽ സ്‌പീക്കർ എ എൻ ഷംസീർ, മന്ത്രി വി അബ്ദുറഹ്മാൻ എന്നിവർ

തലശേരി

സംസ്ഥാനത്തെ ആദ്യത്തെ ഇ –- സ്‌പോർട്‌സ്‌ കേന്ദ്രം ഏപ്രിലിൽ തലശേരിയിൽ പ്രവർത്തനം തുടങ്ങും.  പുതിയ കായിക നയത്തിന്റെ ഭാഗമായാണിത്‌. വി ആർ കൃഷ്‌ണയ്യർ മുനിസിപ്പൽ സ്‌റ്റേഡിയത്തിലെ നവീകരിച്ച ജിംനേഷ്യവും ഇതോടൊപ്പം തുറക്കും.  മണ്ഡലത്തിലെ, കായികവകുപ്പുമായി ബന്ധപ്പെട്ട പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താൻ തിരുവനന്തപുരത്ത്‌ മന്ത്രി വി അബ്ദുറഹ്മാനുമായി സ്പീക്കർ എ എൻ ഷംസീർ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. 
മുനിസിപ്പൽ സ്റ്റേഡിയം കോംപ്ലക്സ് കെട്ടിടത്തിലെ അറ്റകുറ്റപ്പണിയും സിന്തറ്റിക്‌ ട്രാക്കിലെ വിള്ളൽ പരിഹരിക്കുന്നതിനുള്ള പ്രവൃത്തിയും ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കും. സ്പോർട്സ് കേരള ഫൗണ്ടഷനാണ്‌ ജിംനേഷ്യം നവീകരിക്കുന്നത്‌. ഡ്രെയിനേജ് പ്രവൃത്തിക്കും ഉത്തരവായി. ‘ഒരു പഞ്ചായത്ത് ഒരു കളിക്കളം’ പദ്ധതിയിൽ മണ്ഡലത്തിലെ കതിരൂർ, പന്ന്യന്നൂർ, ചൊക്ലി പഞ്ചായത്തുകളെ  ഉൾപ്പെടുത്തി  ആദ്യഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചതായും തലശേരി ക്രിക്കറ്റ് സ്റ്റേഡിയത്തിനുസമീപം സ്വിമ്മിങ്‌ പൂൾ നിർമിക്കണമെന്ന സ്‌പീക്കറുടെ ആവശ്യവും  പരിഗണിക്കുമെന്നും  മന്ത്രി അറിയിച്ചു.  മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം നഗരസഭക്ക്‌ കൈമാറുന്ന ചടങ്ങും  ഇ-–-സ്പോർട്സ് കേന്ദ്രം, ജിംനേഷ്യം, സ്പോർട്സ് കോംപ്ലസ് നവീകരണ പ്രവൃത്തികളുടെ പൂർത്തീകരണം എന്നിവയുടെ ഉദ്ഘാടനവും ഏപ്രിൽ ആദ്യവാരം നടത്താൻ യോഗത്തിൽ ധാരണയായി.  
   ജനുവരി അഞ്ചിന്‌  നടക്കുന്ന തലശേരി ഹെറിറ്റേജ് റണ്ണിൽ പങ്കെടുക്കാനുള്ള സ്പീക്കറുടെ ക്ഷണം മന്ത്രി സ്വീകരിച്ചു. ‘ഹെൽത്തി തലശേരി’യുടെ പ്രവർത്തനങ്ങൾക്ക്‌ ശക്തിപകരുന്നതാണ്‌ കായികവകുപ്പ്‌ മണ്ഡലത്തിന്‌ അനുവദിച്ച പദ്ധതികളെന്ന്‌ സ്‌പീക്കർ എ എൻ ഷംസീർ പറഞ്ഞു. യോഗത്തിൽ കായിക ഡയറക്ടർ വിഷ്ണുരാജ്, ജോയിന്റ് സെക്രട്ടറി കെ ജയറാം, സ്പോർട്സ് കേരള ഫൗണ്ടേഷൻ സിഇഒ  കെ അജയൻ, എം അഷ്റഫ്,  ടി മനോഹരൻനായർ, എസ്‌ കെ അർജുൻ, അരുൺ പ്രതാപ് തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top