10 September Tuesday
42 കുടുംബങ്ങൾ നാളെമുതൽ സ്വന്തം ഫ്ലാറ്റിൽ

ദുരിതകാലമൊഴിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Friday Apr 7, 2023

വിജയപുരം പഞ്ചായത്തിൽ പൊൻപള്ളി ചെമ്പോല കോളനിയിൽ 42 കുടുംബങ്ങൾക്കായി നിർമ്മിച്ച ലൈഫ് ഭവന സമുച്ചയം

കോട്ടയം
സ്വന്തമായി ഭൂമിയും വീടും ഇല്ലാതിരുന്ന 42 കുടുംബങ്ങൾ സർക്കാരിന്റെ പിന്തുണയിൽ പുതുജീവിതത്തിലേക്ക് കുടിയേറുന്നു. ഇവരുടെ സ്വപ്‌ന സാക്ഷാത്‌കാരത്തിന്‌ ലൈഫ് ഭവനപദ്ധതിയിൽ വിജയപുരം പഞ്ചായത്തിൽ ഏഴര കോടിയോളം രൂപ മുടക്കി നിർമിച്ച ഫ്ലാറ്റ് സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച ഗുണഭോക്താക്കൾക്ക് കൈമാറും. മുഖ്യമന്ത്രി ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും. ഫ്ലാറ്റ് സമുച്ചയ വളപ്പിൽ നടക്കുന്ന ചടങ്ങിൽ സഹകരണ മന്ത്രി വി എൻ വാസവൻ താക്കോൽ കൈമാറും. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ അധ്യക്ഷനാകും. തോമസ്‌ ചാഴികാടൻ എംപി മുഖ്യപ്രഭാഷണം നടത്തും. രാവിലെ 10.30നാണ്‌ ചടങ്ങ്.
 വിജയപുരം പഞ്ചായത്ത് പതിനേഴാം വാർഡ്‌ പൊൻപള്ളി ചെമ്പോലയിലാണ്‌ 42 കുടുംബങ്ങൾക്ക് വീട് ഒരുക്കിയത്. 44 ഫ്ലാറ്റുകളിൽ ഒന്ന്‌ അങ്കണവാടിയും ഒരെണ്ണം വയോജന കേന്ദ്രവുമാണ്‌. രണ്ട് കിടപ്പുമുറികളും അടുക്കളയും ഹാളും ശുചിമുറിയും അടങ്ങുന്നതാണ് ഓരോന്നും. ശരാശരി 512 ചതുരശ്ര അടിയാണ് വലിപ്പം. നാല് നിലകളിൽ 2446 ചതുരശ്ര മീറ്ററിലാണ് ഫ്ലാറ്റ് സമുച്ചയം. പൊതുസ്ഥലങ്ങളിലെ തറയിൽ വെട്രിഫൈഡ്‌ ടൈലും മുറികളിൽ സെറാമിക്‌ ടൈലുകളുമാണ്‌ വിരിച്ചത്‌. വാഷ്‌ബേസിൻ കിച്ചൺസിങ്ക്‌, യൂറോപ്യൻ ക്ലോസറ്റ്‌, സീലിങ്‌ ഫാനുകൾ, എൽഇഡി ലൈറ്റുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്‌.  കുഴൽ കിണർ, മഴവെള്ള സംഭരണി,  മാലിന്യ സംസ്‌കരണ സംവിധാനം, ചുറ്റുമതിൽ, ഗേറ്റ്‌ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്‌. 
രണ്ടുവർഷംകൊണ്ട് ജില്ലയിൽ മാത്രം 3228 വീടുകളാണ്‌ ലൈഫ് മിഷൻ നിർമിച്ചു ഗുണഭോക്താക്കൾക്ക് കൈമാറിയത്‌. ലൈഫ്‌ പദ്ധതി ആരംഭിച്ചതുമുതൽ ഇതുവരെ 12,638 വീടുകൾ പൂർത്തിയാക്കി. 1300ൽ ഏറെ വീടുകളുടെ നിർമാണം വിവിധ ഘട്ടങ്ങളിലാണ്‌. ഇത്തവണ 4867 വീടുകൾ കൂടി നിർമിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. ഇതിൽ 2500ൽ ഏറെ  ഗുണഭോക്താക്കളുമായി കരാർ ഒപ്പിട്ടുകഴിഞ്ഞു. അതിദാരിദ്ര്യ നിർമാർജന പ്രക്രിയയുടെ ഭാഗമായി കണ്ടെത്തിയ ഭൂരഹിത ഭവനരഹിതരായ 40 പേർക്ക് വീടിനുള്ള കരാറും ഒപ്പിട്ടു. ഭൂരഹിതർക്ക്‌ വീട് നിർമിക്കാൻ ‘മനസ്സോട്‌ ഇത്തിരി മണ്ണ്’ ക്യാമ്പയിനിലൂടെ 110 സെന്റ്‌ സ്ഥലം ജില്ലയിൽ സ്വരൂപിച്ചു. ഇത്തരത്തിൽ ലഭിച്ച വെള്ളൂർ പഞ്ചായത്തിലെ 100 സെന്റ്‌ സ്ഥലവും കോട്ടയം നഗരസഭയിലെ 10 സെന്റ്‌ സ്ഥലവും ലൈഫ് മിഷന് കൈമാറി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top