24 August Saturday

ടൂറിലൂടെ 25 കോടി ലക്ഷ്യമിട്ട്‌ 
കെഎസ്‌ആർടിസി

സുനീഷ്‌ ജോUpdated: Friday Apr 7, 2023
തിരുവനന്തപുരം 
ഒരു വർഷത്തിനിടെ 12 കോടി വരുമാനം കണ്ടെത്തിയ കെഎസ്‌ആർടിസിയുടെ ബജറ്റ്‌ ടൂറിസം സെൽവഴി കൂടുതൽ വിനോദയാത്രകളൊരുങ്ങുന്നു. വരുമാനം ഇരട്ടിയാക്കാൻ ലക്ഷ്യമിട്ടാണ്‌ പുതിയ യാത്രകൾ. വരുമാനം ഇനത്തിൽ ഏഴുമാസത്തിനകം ലക്ഷ്യമിടുന്നത്‌ 25 കോടിയാണ്‌. 2021 നവംബറിലാണ്‌ വിനോദയാത്രകൾ കെഎസ്‌ആർടിസി സംഘടിപ്പിച്ചു തുടങ്ങിയത്‌. ഒരുവർഷത്തിനകം 12 കോടി വരുമാനവും കണ്ടെത്താനായി. 2022 നവംബർ–- 2023 നവംബർ കാലയളവിൽ വരുമാനം ഇരട്ടിയാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. 
ഇതിനായി ഏപ്രിൽ, മെയ്‌ മാസങ്ങളിൽ നടത്തുന്നത്‌ 440 വിനോദയാത്ര. ഗവി, മൂന്നാർ, കുമരകം, നെല്ലിയാമ്പതി, മലക്കപ്പാറ, പൊന്മുടി, മൂന്നാർ ജംഗിൾ സഫാരി, വയനാട്‌ തുടങ്ങി വ്യത്യസ്‌തമായ സ്ഥലങ്ങളിലേക്കാണ്‌ യാത്ര. ജില്ലയിലെ വിവിധ ഡിപ്പോകളാണ്‌ യാത്രകൾ ആസൂത്രണംചെയ്യുന്നത്‌. സീറ്റുകൾ റിസർവ്‌ ചെയ്യാം. വ്യക്തികൾക്കും ഗ്രൂപ്പായും സീറ്റുകൾ ബുക്ക്‌ ചെയ്യാം. ഒന്നിലധികം ദിവസങ്ങൾ വരുന്ന യാത്രകൾക്ക്‌ താമസം, ഭക്ഷണം എന്നിവയും ആവശ്യാനുസരണം ഉറപ്പാക്കും. 40‌–-50 ‌വരെ ആളുകളാണ്‌ ഒരുസംഘത്തിലുണ്ടാകുക. 
 

പോകാം
നെയ്യാറ്റിൻകര 
ഡിപ്പോയിൽനിന്ന് 

 ഏപ്രിൽ 9,10 തീയതികളിൽ വണ്ടർലാ, മലക്കപ്പാറ, അതിരപ്പള്ളി, വാഴച്ചാൽ എന്നിവിടങ്ങളിലേക്കാണ്‌ യാത്ര. ഗവി 12 നും 23 നും. 12,13 തീയതികളിൽ  വേളാങ്കണ്ണി, 14, 15 തീയതികളിൽ വാഗമൺ, 16 ന് മൺറോതുരുത്ത്‌–- സാമ്പ്രാണിക്കൊടി, 17, 18 തീയതികളിൽ മാമലക്കണ്ടം–-മാങ്കുളം വഴി മൂന്നാർ. 21 ന് കാട്ടിൽ മേക്കതിൽ, പാണ്ഡവർ കാവ്, ഓച്ചിറ, ഹരിപ്പാട് ക്ഷേത്രങ്ങൾ, അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ചക്കുളത്ത് കാവ് എന്നിവിടങ്ങളിലേക്കും 23 ന് കുട്ടനാടൻ കാഴ്ചകൾ കണ്ട് കുമരകത്ത് ഹൗസ് ബോട്ട് യാത്രയുമുണ്ട്‌. 27 ന് തൃപ്പരപ്പ്, കുമാരകോവിൽ, വട്ടക്കോട്ട, ചിന്ന തിരുപ്പതി, കന്യാകുമാരി. 29 ന് എസി ബസിൽ കൊച്ചിയിലെത്തി അവിടെനിന്ന്‌ ആഢംബര കപ്പലായ നെഫർറ്റിറ്റിയിൽ യാത്ര. 8, 15, 23 തീയതികളിൽ 550 രൂപക്ക് കാപ്പുകാട്, നെയ്യാർഡാം പൊന്മുടിയാത്രയുമുണ്ട്‌.  

ക്ലബ്ബുകൾ, റസിഡന്റ്സ് അ സോസിയേഷനുകൾ, കുടുംബ കൂട്ടായ്മകൾ, ഓഫീസ് ഗ്രൂപ്പുകൾ എന്നിവർക്ക് പ്രത്യേക ബുക്കിങ് ചെയ്യാം. കൺട്രോൾറൂം:- 94470 71021‌, 0471-2463799.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top