മഞ്ചേരി
സിപിഐ മലപ്പുറം ജില്ലാ അസി. സെക്രട്ടറി മഞ്ചേരി കോവിലകംകുണ്ടിലെ കെ ബാബുരാജ് (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം ഞായറാഴ്‌ച രാവിലെ എട്ടുമുതൽ പത്തുവരെ സിപിഐ മലപ്പുറം ജില്ലാ കൗൺസിൽ ഓഫീസിൽ പൊതുദർശനത്തിനുവയ്‌ക്കും. തുടർന്ന് കോവിലകംകുണ്ടിലെ വീട്ടിൽ എത്തിച്ചശേഷം പകൽ പതിനൊന്നോടെ, സംസ്‌കാരത്തിനായി തിരുവില്വാമല ഐവർമഠത്തിലേക്ക് കൊണ്ടുപോകും.
എൽഡിഎഫ് ജില്ലാ കമ്മിറ്റി അംഗമാണ്. എഐഎസ്എഫ്, എഐവൈഎഫ് എന്നിവയുടെ ജില്ലാ സെക്രട്ടറിയായിരുന്നു. യുവകലാസാഹിതി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമാണ്. കഴിഞ്ഞ എൽഡിഎഫ് മന്ത്രിസഭയിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയായിരുന്ന പി തിലോത്തമന്റെ അഡീഷണൽ പിഎയായിരുന്നു. ഏറെക്കാലം തമിഴ്‌നാട്ടിൽ കഴിഞ്ഞ ബാബുരാജ് എഐവൈഎഫ് തമിഴ്‌നാട് സംസ്ഥാന ജോയിന്റ് സെക്രട്ടറി, കോയമ്പത്തൂർ ജില്ലാ സെക്രട്ടറി എന്നീ നിലയിൽ പ്രവർത്തിച്ചു. സിപിഐ കോയമ്പത്തൂർ ജില്ലാ എക്‌സിക്യൂട്ടീവ് അംഗവുമായിരുന്നു. ശങ്കരൻകുട്ടി നായരുടെയും കൊക്കയിൽ വസന്തകുമാരിയുടെയും മകനാണ്. ഭാര്യ: രജനി. മക്കൾ: അഭിനന്ദ, അനുമഹരി.
സിപിഐ സംസ്ഥാന അസി. സെക്രട്ടറി പി പി സുനീർ, മന്ത്രി കെ രാജൻ, സിപിഐ ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ് എന്നിവർ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..