22 December Sunday

പി രാഘവൻ ട്രസ്‌റ്റ്‌ ഉദ്‌ഘാടനം നാളെ

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2024
കാസർകോട്‌
സിപി ഐ എമ്മിന്റെ സമുന്നത നേതാവും മുൻ എംഎൽഎയും പ്രമുഖ സഹകരിയുമായ പി രാഘവന്റെ സ്‌മരണ നിലനിർത്താൻ  സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് രൂപം നൽകിയ പി രാഘവൻ സ്‌മാരക ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾക്ക്‌ ഞായറാഴ്‌ച തുടക്കമാകും. കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ രാവിലെ 10 ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യുമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 
 ജീവ കാരുണ്യ, സാമൂഹ്യ, സാംസ്‌കാരിക പ്രവർത്തനങ്ങളാണ് ട്രസ്റ്റ് ലക്ഷ്യമിടുന്നത്. ചാരിറ്റബിൾ സൊസൈറ്റി നിയമ പ്രകാരം രജിസ്റ്റർ ചെയ്‌ത ട്രസ്റ്റിന്റെ ഓഫീസ് പ്രവർത്തിക്കുന്നത്  മുന്നാടാണ്. ജയപുരത്ത്‌ ഭവനരഹിതരായ ഒരു കുടുംബത്തിന്, ട്രസ്റ്റ്‌ ഇതിനകം വീടുനിർമിച്ചുനൽകി.  
ഉദ്‌ഘാടന ചടങ്ങിൽ പി രാഘവന്റെ ആത്മകഥ "കനലെരിയും ഓർമകൾ" മുൻ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് പി വി കെ പനയാലിന് നൽകി പ്രകാശനം ചെയ്യും. പി രാഘവനെക്കുറിച്ച് നിർമിച്ച  ഡോക്യുമെന്ററി "ജീവിതം സാക്ഷി' സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ പ്രകാശിപ്പിക്കും.  വാർത്താസമ്മേളനത്തിൽ ട്രസ്‌റ്റ്‌ ചെയർമാൻ എ മാധവൻ, വൈസ്‌ ചെയർമാൻ എ ജി നായർ, സെക്രട്ടറി പി രാഘവൻ, സണ്ണി ജോസഫ്‌ എന്നിവർ പങ്കെടുത്തു. 
 
ഓർമകളുടെ കനൽ എരിയുന്നുണ്ട്‌ 
ചിന്ത പബ്ലിഷേഴ്‌സ്‌ പുറത്തിറക്കുന്ന പി രാഘവന്റെ ആത്മകഥയായ ‘കനലെരിയും ഓർമകൾ' പ്രകാശിപ്പിക്കുന്നതിന്‌ മുമ്പു തന്നെ വിൽപന സജീവം. 440 രൂപയാണ് മുഖവില. 290 രൂപയ്ക്ക് ട്രസ്റ്റ് മുഖേന ലഭ്യമാകും. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായും പുസ്തകം വാങ്ങാൻ കിട്ടും. എം വി ഗോവിന്ദൻ അവതാരിക എഴുതിയ പുസ്‌തകത്തിൽ ഡോ. സി ബാലന്റെ ആസ്വാദനകുറിപ്പുമുണ്ട്‌. 
പി രാഘവൻ രോഗാവസ്ഥയിൽ എഴുതിവച്ച കുറിപ്പുകളും മാധ്യമ പ്രവർത്തകൻ സണ്ണി ജോസഫുമായി പങ്കുവെച്ച ഓർമകളുമാണ് ആത്മകഥയുടെ അടിസ്ഥാനം. സണ്ണി ജോസഫാണ് എഡിറ്റ് ചെയ്തത്. പഴയ കാസർകോട് താലൂക്കിൽ സിപിഐ എമ്മും ട്രേഡ് യൂണിയൻ സംഘടനകളും ശക്തിപ്പെട്ടതിന്റെ  സാക്ഷ്യപ്പെടുത്തലും ഈ പുസ്‌തകത്തിലുണ്ട്‌.  വരദരാജ പൈയുടെ രക്തസാക്ഷിത്വവും 1969 ഡിസംബർ 23 ന് ബന്തടുക്ക തലപ്പള്ളത്ത് നടന്ന പൊലീസ് അതിക്രമവും വിശദമായി ആത്മകഥയിൽ പറയുന്നു. വിനോദ് അമ്പലത്തറയുടേതാണ്‌ വരകൾ. നിരവധി ചിത്രങ്ങളുമുണ്ട്‌.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top