21 November Thursday
വയനാടിന്റെ വീണ്ടെടുപ്പ്

ഡിവൈഎഫ്‌ഐ 
സമാഹരിച്ചത്‌ 1.15 കോടി

സ്വന്തം ലേഖകൻUpdated: Saturday Sep 7, 2024
 
കൊല്ലം
ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ വയനാട്ടിലെ ദുരിതമനുഭവിക്കുന്നവർക്ക്‌ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച ഇരുപത്തിയഞ്ച്‌ വീടുകളുടെ നിർമാണച്ചെലവിലേക്ക്‌ ജില്ലയിൽനിന്ന് വെള്ളിയാഴ്‌ച വരെ സമാഹരിച്ചത്‌ 1.15 കോടി രൂപ. ഡിവൈഎഫ്ഐ റീബിൽഡ് വയനാടിലേക്ക്‌ ജില്ലയിൽ പതിനെട്ട്‌ ബ്ലോക്ക്‌ കമ്മിറ്റികളിൽ മേഖലാ–-യൂണിറ്റ്‌ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന വിവിധ ചലഞ്ചുകളിലൂടെയും  ആക്രി പെറുക്കിയുമാണ്‌  തുക സമാഹരിച്ചത്‌. മുണ്ട്‌, കൈലി, മീൻ, ബിരിയാണി, ഉണ്ണിയപ്പം, പായസം തുടങ്ങിയ ചലഞ്ചുകളിലൂടെയും തട്ടുകട, ചായക്കട എന്നിവയിലൂടെയുമാണ്‌ തുക സമാഹരിച്ചത്‌. ഈ പ്രവർത്തനം ഏല്ലാ മേഖലയിലുമായി ഞായറാഴ്‌ചയോടെ പൂർണമാകുമെന്നും ആകെ ഒന്നേകാൽ കോടി രൂപ സമാഹരിക്കാനാണ്‌ ലക്ഷ്യമെന്നും ജില്ലാ പ്രസിഡന്റ്‌ ടി ആർ ശ്രീനാഥും സെക്രട്ടറി ശ്യാം മോഹനും പറഞ്ഞു. തിങ്കൾ രാവിലെ 10ന്‌ പോളയത്തോട്‌ ഡിവൈഎഫ്‌ഐ ജില്ലാ യൂത്ത്‌ സെന്ററിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ്‌ തുക ഏറ്റുവാങ്ങും. വിവിധ ചലഞ്ചുകളിലൂടെ യൂണിറ്റ്‌, മേഖലാ കമ്മിറ്റികൾ സമാഹരിച്ച തുക ഞായറാഴ്‌ച പതിനെട്ട്‌ ഏരിയകളിൽനിന്നും ജില്ലാ സംസ്ഥാന നേതാക്കൾ ഏറ്റുവാങ്ങും. ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറർ എസ്‌ ആർ അരുൺബാബു, ജില്ലാ സെക്രട്ടറി ശ്യാം മോഹൻ എന്നിവരും കേന്ദ്ര കമ്മിറ്റി അംഗം ചിന്താ ജറോം, ജില്ലാ പ്രസിഡന്റ്‌ ടി ആർ ശ്രീനാഥ്‌ എന്നിവരും രണ്ട്‌ ടീമായി തിരിഞ്ഞ്‌ വിവിധ ബ്ലോക്ക്‌ കമ്മിറ്റി യോഗങ്ങളിൽ പങ്കെടുത്താണ്‌ തുക ഏറ്റുവാങ്ങുന്നത്‌. ശൂരനാട് വൈകിട്ട്‌ മൂന്ന്‌, കരുനാഗപ്പള്ളി 3.30, ചവറ നാല്‌, അഞ്ചാലുംമൂട് 4.30, കൊല്ലം 5.30, കൊല്ലം ഈസ്റ്റ് 6.30, കൊട്ടിയം ഏഴ്‌, ചാത്തന്നൂർ 7.30നും യോഗം നടക്കും. കുണ്ടറ വൈകിട്ട്‌ മൂന്ന്‌, നെടുവത്തൂർ 3.30, കൊട്ടാരക്കര നാല്‌, കുന്നിക്കോട് 5.30, പത്തനാപുരം ആറ്‌, പുനലൂർ 6.30, അഞ്ചൽ ഏഴ്‌, ചടയമംഗലം 7.30നും യോഗംചേരും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top