കൊല്ലം
കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ 11 കെവി ലൈനിലെ വൈദ്യുതി തടസ്സത്തിനു പരിഹാരം കണ്ടെത്താൻ കൊല്ലത്ത് ആരംഭിക്കുന്ന സ്കാഡ കൺട്രോൾ റൂം (സൂപ്പർവൈസറി കൺട്രോൾ ആൻഡ് ഡേറ്റ അക്യൂപേഷൻ- സതേൺ കൺട്രോൾ റൂം)സ്ഥാപിക്കുന്നതിനുള്ള ടെന്‍ഡർ നടപടി ആരംഭിച്ചു. അയത്തിൽ സബ്‌സ്റ്റേഷൻ വളപ്പിലാണ് ദക്ഷിണ മേഖലാ കൺട്രോൾ റൂം കൂടിയായ സ്‌കാഡാ കൺട്രോൾ റൂം സ്ഥാപിക്കുക. ആർഡിഎസ്‌എസിൽ(റീവാമ്പ്ഡ് ഡിസ്ട്രിബ്യൂഷൻ സെക്ടർ സ്കീം)ഉൾപ്പെടുത്തി 89.02 കോടി രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിൽ 1.83 കോടി രൂപ വിനിയോഗിച്ച് 2800 ചതുരശ്ര അടി വിസ്തൃതിയുള്ള കൺട്രോൾ സെന്റർ സ്ഥാപിക്കും.
നിലവിൽ 11 കെവി ലൈനിൽ തടസ്സം നേരിട്ടാൽ സബ് എൻജിനിയർ സ്ഥലത്തെത്തി ട്രാൻസ്‌ഫോർമർ പരിശോധിച്ചാണ് പ്രശ്‌നം പരിഹരിക്കുക. ഇതിന് കൂടുതൽ സമയമെടുക്കും. എന്നാൽ, സ്കാഡ കൺട്രോൾ റൂമിൽ ഇരുന്നു തന്നെ ജീവനക്കാർക്ക് ലൈനിലെ എല്ലാ നെറ്റ്‌വർക്കുകളും പരിശോധിച്ച് വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനാകും. ഇതിന്റെ ഭാഗമായി നഗരത്തിലെ 1220 ട്രാൻസ്‌ഫോർമർകള്‍ക്കും ഇരുവശത്തുനിന്ന് സപ്ലൈ കൊടുക്കത്തക്ക വിധമുള്ള സംവിധാനമാണ് ഒരുക്കുന്നത്. 24 മണിക്കൂറും തടസ്സരഹിത വൈദ്യുതി വിതരണം ഉറപ്പാക്കാനുള്ള എൽഡിഎഫ് സർക്കാരിന്റെ ലക്ഷ്യമാണ് ഇവിടെ യാഥാർഥ്യമാകുന്നത്.
കൊല്ലം നഗരത്തിനു പുറമെ ജില്ലയിലെ എ ഗ്രേഡ് നഗരങ്ങളായ പുനലൂർ, പരവൂർ പ്രദേശങ്ങളും തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളും ഇതിന്റെ പിരിധിയിൽ വരും. ഇവിടങ്ങളിൽ ഒരു ഫീഡറിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടാൽ മറ്റൊരു ഫീഡറിൽനിന്ന് വൈദ്യുതി എത്തിക്കാനുള്ള റിങ് മെയിൻ യൂണിറ്റ് പദ്ധതിക്ക് (ആർഎംയു)പകരം ഫാൾട്ട് പാസ് ഇൻഡിക്കേറ്റർ (എഫ്പിഐ)ഉപകരണം സ്ഥാപിച്ചാകും തടസ്സം പരിഹരിക്കുക. ഇൻഡിക്കേറ്ററിൽനിന്ന് ലഭിക്കുന്ന പൾസ് അനുസരിച്ച് 11കെവി ലൈനിലെ പ്രശ്‌നം പരിശോധിച്ച് പരിഹരിക്കാനാകും. വ്യവസായ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ തടസ്സമില്ലാതെ വൈദ്യുതി ഉറപ്പാക്കാൻ നേരത്തെ കൊല്ലത്ത് സ്ഥാപിച്ച ജിഐ സബ് സ്റ്റേഷനിലേക്ക് കൊട്ടിയത്തുനിന്ന് കൂടി കേബിൾ സ്ഥാപിച്ചതോടെ നഗരത്തിൽ വൈദ്യുതി വിതരണം കൂടുതൽ സുഗമമായിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..