25 November Monday
ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്

തുടരന്വേഷണത്തിന് 
അപേക്ഷ നൽകി പൊലീസ്‌

സ്വന്തം ലേഖികUpdated: Saturday Sep 7, 2024
കൊല്ലം
ഓയൂർ ഓട്ടുമലയിൽനിന്നും ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ വിചാരണ നടപടികൾ ആരംഭിക്കാനിരിക്കെ പൊലീസ് തുടരന്വേഷണത്തിന് അപേക്ഷ നൽകി. കുട്ടിയുടെ അച്ഛൻ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ നാലുപേർ കുറ്റകൃത്യത്തിൽ ഉണ്ടായിരുന്നുവെന്ന്‌ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ തുടരന്വേഷണത്തിന്‌ കൊല്ലം ഫസ്‌റ്റ്‌ അഡീഷണൽ സെഷൻസ്‌ കോർട്ടിൽ അന്വേഷണ ഉദ്യോഗസ്ഥനായ കൊല്ലം റൂറൽ ജില്ല ക്രൈംബ്രാഞ്ച് മേധാവി എം എം ജോസ് അപേക്ഷ നൽകിയത്‌. ഇത്തരത്തിൽ കുട്ടിയുടെ അച്ഛൻ പറയാൻ ഇടയായ സാഹചര്യവും മറ്റും അന്വേഷിക്കണമെന്ന്‌ റിപ്പോർട്ടിൽ പറയുന്നു. കുട്ടിയുടെ സഹോദരൻ നാലുപേരെ കണ്ടിരുന്നുവെന്ന്‌ പറഞ്ഞുവെങ്കിലും പൊലീസ് അന്വേഷിച്ചില്ലെന്നും   കുട്ടിയുടെ അച്ഛന്റെ സംഭാഷണത്തിലുണ്ട്‌. എന്നാൽ, തട്ടിക്കൊണ്ടുപോയ കുട്ടി മൂന്നുപേരെ ഉണ്ടായിരുന്നുള്ളൂവെന്ന് മൊഴി നൽകിയിരുന്നു. ഈ സാഹചര്യത്തിൽ കുട്ടിയുടെ അച്ഛന്റെ അഭിപ്രായത്തെ സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുന്നതിനായി നൽകിയ അപേക്ഷ ശനിയാഴ്‌ച കോടതി പരിഗണിക്കും.  
അന്വേഷണത്തിൽ 
തൃപ്‌തിയെന്ന് അച്ഛൻ 
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ നാലാമതൊരാൾ കൂടിയുണ്ടെന്നു താൻ ഒരു മാധ്യമത്തോട് പറഞ്ഞിട്ടില്ലെന്ന് കുട്ടിയുടെ അച്ഛൻ റെജി ജോൺ. സംഭവത്തിന്‌ ദൃക്‌സാക്ഷിയായിരുന്ന മകനാണ് അന്നു നാലുപേർ കാറിലുണ്ടായിരുന്നതായി പറഞ്ഞത്. അക്കാര്യമാണ് ചാനൽ റിപ്പോർട്ടറോട് പങ്കുവച്ചത്‌. മകൾ പറഞ്ഞതും കാറിൽ മൂന്നുപേർ മാത്രമായിരുന്നുവെന്നാണ്. അന്വേഷണത്തിൽ  പൂർണതൃപ്തിയുണ്ട്‌. ഒരു വീഴ്ചയുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top