കൊല്ലം
ഓണാഘോഷത്തിന് അടുക്കള ഉണർന്നതോടെ ഇക്കുറി വിപണി കൈപ്പിടിയിലൊതുക്കാമെന്ന പ്രതീക്ഷയിലാണ് പാവുമ്പ ചുരുളിയിലെ ഒരുകൂട്ടം വീട്ടമ്മമാർ. കുട്ടയും വട്ടിയും മുറവുമൊക്ക തയ്യാറാക്കി ഓണവിപണിയിൽ കണ്ണും നട്ടിരിക്കുകയാണിവർ. പരമ്പരാഗത തൊഴിലിനെ നെഞ്ചൊട് ചേർക്കുന്ന ഇവർ നിർമിച്ച മുറവും പറക്കൊട്ടയും പൂക്കൊട്ടയുമൊക്കെ പല ഫെസ്‌റ്റുകളിലേക്കും പോയിക്കഴിഞ്ഞു.
ബാംബൂ കോർപറേഷനിൽനിന്ന് ഈറ്റ എടുത്താണ് കരകൗശലനിർമാണം. പത്ത് ഈറ അടങ്ങുന്ന ഒരുകെട്ടിന് 500രൂപയാണ് വില. സീസണായതോടെ വിലയിൽ വ്യത്യാസമുണ്ട്. ഈറ്റ മുറിച്ച് പൊളിയാക്കി വെയിലത്ത് തോർത്തിയെടുത്താണ് നെയ്‌ത്ത്. മികച്ച ഇനം ഈറകൊണ്ട് രണ്ടു കുട്ട ചെയ്യാമെന്ന് പാവുമ്പതെക്ക് ചുരുളി കൃഷ്‌ണാലയത്തിൽ ഓമന കൃഷ്‌ണൻ (61)പറയുന്നു. രണ്ടര മണിക്കൂർ വേണം ഒരു കുട്ട നെയ്യാൻ. മുറം, വട്ടി, പൂക്കുട്ട എന്നിവയ്ക്ക് ഇഴയടുപ്പം കൂടുതലായതിനാൽ സമയവും കൂടും. 350രൂപ മുതലാണ് വില. സ്‌പെഷ്യൽ മുറത്തിന് 500രൂപയാണ്. മഴ സീസണായതിനാൽ ഇക്കുറി നേരത്തെ നെയ്തുവയ്ക്കാനായില്ല. പൂപ്പൽ പിടിച്ചാൽ വിപണിയിൽനിന്ന് ഉൽപ്പന്നങ്ങൾ പിന്തള്ളപ്പെടും. അതുകൊണ്ട് ജാഗ്രതയോടെയാണ് നെയ്‌ത്ത്. സീസണടുത്തതോടെ ദിവസം 30 കുട്ടകളാണ് ഇവർ നെയ്യുന്നത്.
ചുരുളിയിലെ പത്തോളം കുടുംബങ്ങൾ പരമ്പരാഗത തൊഴിലിൽ വ്യാപൃതരാണ്. കുട്ടിക്കാലം മുതൽ നെയ്‌ത്ത് തുടങ്ങിയ ഓമനയ്‌ക്കൊപ്പം നെയ്‌ത്തിന് കൂട്ടുകാരായ ഇന്ദിര, രാധ, കമലമ്മ, രമണി, തങ്കമ്മ എന്നിവരുമുണ്ട്. പുതിയ തലമുറയെക്കൂടി ഈ രംഗത്തേക്ക് കൊണ്ടുവരാനുള്ള തഴവ പഞ്ചായത്ത് എൽഡിഎഫ് ഭരണസമിതിയുടെ പ്രവർത്തനത്തിൽ ഷൈനി, ശോഭ, സബിത എന്നിവരും ചുവടുവച്ചുകഴിഞ്ഞു. കരകൗശല വികസന കോർപറേഷൻ ഫണ്ട് വിനിയോഗിച്ച് തൊഴിലാളികൾക്ക് മെച്ചപ്പെട്ട തൊഴിൽ സൗകര്യം ഒരുക്കി പരമ്പരാഗത തൊഴിലിനെ കൂടുതൽ മികവുറ്റതാക്കാനുള്ള ശ്രമത്തിലാണ് ഭരണസമിതി. പഞ്ചായത്ത് അംഗം ബി ബിജുവിന്റെ നേതൃത്വത്തിലാണ് പ്രവർത്തനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..