കൊല്ലം
വിദേശത്ത് തൊഴിൽവാഗ്‌ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കോൺഗ്രസ് നേതാവടക്കം നാലു പേർക്കെതിരെ വീണ്ടും പൊലീസ് കേസ്. കൊല്ലം വെണ്ടർമുക്കിൽ പ്രവർത്തിച്ചിരുന്ന കാലിബ്രീ കൺസൾട്ടൻസി സ്ഥാപനത്തിന്റെ പാർട്‌ണർമാരായ പള്ളിമുക്ക് പുത്തൻപുരയിൽ ആസാദ് അഷ്‌റഫ്, ഇരവിപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗവും മുൻ വൈസ് പ്രസിഡന്റുമായ എ കെ അഷ്‌റഫ്, ഇരവിപുരം തോപ്പിൽമുക്ക് ഷീബാ മൻസിലിൽ ഷമീം ജാഫർ, തിരുവനന്തപുരം ഊരുട്ടമ്പലം കൂവളശേരി ഹൗസിൽ ശ്രീക്കുട്ടി എന്നിവർക്കെതിരെയാണ്‌ചാത്തന്നൂർ പൊലീസ് കേസെടുത്തത്. ചാത്തന്നുർ മീനാട് സ്വദേശി ഐശ്വര്യസൂര്യൻ നൽകിയ പരാതിയിലാണ് കേസ്. ഭർത്താവ് ശിവയ്‌ക്കും പണം നഷ്‌ടമായി. ഇതേ വിഷയത്തിൽ ഒന്നു മുതൽ മൂന്നുവരെ പ്രതികൾക്കെതിരെ ഇരവിപുരം പൊലീസ് സ്റ്റേഷനിൽ ആറു കേസും കുണ്ടറയിൽ ഒരു കേസും നിലവിലുണ്ട്. രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയാണ് കാലിബ്രീ കൺസൾട്ടൻസിയുടെ പ്രചാരകനായി പരസ്യത്തിലുള്ളത്. വിദേശരാജ്യങ്ങളിലേക്ക് വിശ്വാസയോഗ്യമായി എംബിബിഎസ് അഡ്‌മിഷനുവേണ്ടിയും കാലിബ്രി കൺസൾട്ടൻസിയെ സമീപിക്കാമെന്ന് എംപി പരസ്യത്തിൽ പറയുന്നു.
യുകെയിലേക്ക് കുറഞ്ഞ നിരക്കിൽ തൊഴിൽവിസ നൽകാമെന്ന് വാഗ്‌ദാനം ചെയ്‌ത് ഐശ്വര്യയിൽ നിന്ന് 2,67,000 രൂപയും ശിവയിൽനിന്ന് അഞ്ചുലക്ഷം രൂപയും തട്ടിയെടുത്തെന്ന് പരാതിയിൽ പറയുന്നു. ഐശ്വര്യ ബാങ്ക് അക്കൗണ്ട് വഴി തവണകളായും ശിവ ഒറ്റത്തവണയായി അഞ്ചു ലക്ഷവും നൽകി. ഒടുവിൽ ഇവർക്ക് ലഭിച്ച വർക്ക് പെർമിറ്റ് പരിശോധനയിൽ വ്യജമാണെന്ന് കണ്ടെത്തുകയായിരുന്നു. ഏറെ ദിവസം കഴിയുംമുമ്പ് സ്ഥാപനം പൂട്ടി. സ്ഥാപന ഉടമകളിൽ രണ്ടുപേർ വിദേശത്തേക്ക് കടന്നു. കാലിബ്രിക്ക് വേണ്ടി കാൻവാസ് നടത്തുന്നത് നാലാം പ്രതി ശ്രീക്കുട്ടിയാണ്.
കൊല്ലം ജില്ലയ്‌ക്കു പുറമെ തിരുവനന്തപുരം, കാസർകോഡ് ജില്ലകളിൽനിന്നുള്ളവരും പരാതി നൽകിയിട്ടുണ്ട്. ആസാദും ഷെമീമും മാനേജിങ് പാർട്‌ണർമാരാണെന്നുമാണ് പറഞ്ഞിരുന്നത്. ആസാദിന്റെ ബാപ്പയാണ് എ കെ അഷ്‌റഫ്. പണത്തിനൊപ്പം വിദേശത്ത് പോകാനുള്ള രേഖകളും പലർക്കും നഷ്‌ടപ്പെട്ടിട്ടുണ്ട്. തട്ടിപ്പിനിരയായ 25 പേർ അടുത്തിടെ എ കെ അഷ്‌റഫിന്റെ വീടിനു മുന്നിൽ പ്രതിഷേധം നടത്തിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..