18 November Monday

മങ്കി മലേറിയ: ആശങ്ക വേണ്ട ആറളത്ത്‌ ആരോഗ്യവകുപ്പിന്റെ പരിശോധന

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2024

ആറളത്ത്‌ ആരോഗ്യസംഘം പരിശോധന നടത്തുന്നു

കണ്ണൂർ
മങ്കി മലേറിയ രോഗം ബാധിച്ച്‌ കുരങ്ങുകൾ ചത്ത  ആറളത്ത്‌ ആരോഗ്യവകുപ്പ്‌ പരിശോധന നടത്തി. ജില്ലാ സർവേലൻസ് ഓഫീസർ  കെ സി സച്ചിന്റെ  നേതൃത്വത്തിൽ  ജില്ലാ മെഡിക്കൽ ഓഫീസിൽനിന്നുള്ള സംഘമാണ്‌ പരിശോധന നടത്തിയത്‌. ആറളം റേഞ്ച് ഫോറസ്റ്റ് ഓഫീസർ രമ്യ രാഘവനിൽനിന്ന്‌ സംഘം വിവരം ശേഖരിച്ചു. തുടർന്ന് ചീങ്കണ്ണിപ്പുഴയുടെ തീരങ്ങളിലും  ജീവനക്കാരുടെ താമസ സ്ഥലങ്ങളിലെ വെള്ളക്കെട്ടുകളിലും കൊതുകുകളുടെ ലാർവയെ കണ്ടെത്തുന്നതിന്‌ പരിശോധന നടത്തി. ആറളം വന്യജീവി സങ്കേതത്തിന്റെ ഭരണകാര്യ കെട്ടിടത്തിനടുത്ത് കഴിഞ്ഞാഴ്ചയാണ് നാല്‌ കുരങ്ങുകളെ ചത്തനിലയിൽ  കണ്ടെത്തിയത്‌. വയനാട് കുപ്പാടിയിലെ വനം വകുപ്പിന്റെ ലാബിൽ നടന്ന പരിശോധനയിലാണ് മങ്കി മലേറിയ സ്ഥിരീകരിച്ചത്‌. രോഗ സ്ഥിരീകരണം നടത്തുന്നതിന് വനം വകുപ്പ് സ്വീകരിച്ച ക്രിയാത്മക ഇടപെടലിനെ ഡിഎംഒ അഭിനന്ദിച്ചു. 
   മങ്കി മലേറിയ മനുഷ്യരിലേക്ക് പകരാൻ സാധ്യത കുറവാണ്. കൊതുക് വഴിയാണ് രോഗം പകരുന്നത്.  സ്ഥലത്തു ജോലി ചെയ്യുന്ന ആർക്കും  പനിയോ മറ്റു ലക്ഷണങ്ങളോ റിപ്പോർട്ട്‌ ചെയ്‌തിട്ടില്ലെന്നും  ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും  ഡിഎംഒ അറിയിച്ചു.  
   ആറളം വന്യജീവി സങ്കേതത്തിന് സമീപം താമസിക്കുന്നവരിൽ പനി റിപ്പോർട്ട്‌ ചെയ്യുന്നവർക്ക് മലേറിയ പരിശോധന നടത്താൻ ആരോഗ്യവകുപ്പ്‌ തീരുമാനിച്ചു.  രാത്രി പട്രോളിങ്ങിനായി വനത്തിലേക്ക് പോകുന്ന  ഉദ്യോഗസ്ഥർ കൊതുകുകടി കൊള്ളാത്തവിധത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച്‌ മുൻകരുതലെടുക്കണം.    വീടും പരിസരവും ശുചിയാക്കി  കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കണം. വെക്ടർ ബോൺ ഡിസീസ് ടീമിന്റെ നേതൃത്വത്തിൽ മലേറിയ പരത്തുന്ന കൊതുകിന്റെ സാനിധ്യം കണ്ടെത്തുന്നതിന്‌  പരിശോധന തുടരുമെന്നും അറിയിച്ചു. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top