21 November Thursday
● സ്‌തെരച്ചിൽ നടത്തിയത്‌ ഒരു മണിക്കൂറിലധികം ● പ്രതികൾ പുഴ കണ്ടെത്തിയത് ഗൂഗിൾ മാപ്പ്‌ നോക്കികൂബാ സംഘം

മുങ്ങിയെടുത്തു തെളിവ്‌

കെ എ നിധിൻ നാഥ്Updated: Monday Oct 7, 2024

എടിഎം കവർച്ചക്കേസിലെ പ്രതികൾ താണിക്കുടം പുഴയിൽ ഉപേക്ഷിച്ച തൊണ്ടിമുതലുകൾ അഗ്നിരക്ഷാസേന കണ്ടെടുത്തപ്പോൾ

തൃശൂർ
താണിക്കുടം പുഴയിൽ ഒരു മണിക്കൂറിലധികം മുങ്ങിത്തപ്പിയ അഗ്നിരക്ഷാ ശമന സേന സ്‌കൂബാ ഡൈവിങ്‌ സംഘത്തിന്‌ ലഭിച്ചത്‌ എടിഎം കവർച്ചാക്കേസിലെ നിർണായക തെളിവുകൾ. പി കെ പ്രജീഷ്, വി വി ജിമോദ് എന്നീ മുങ്ങൽ വിദഗ്‌ധരാണ്‌ തെളിവ്‌ തേടി പുഴയിലിറങ്ങിയത്‌. എടിഎം കൊള്ളയുടെ സൂത്രധാരൻ മുഹമ്മദ് ഇക്ര ആയുധങ്ങളും എടിഎം ഭാഗങ്ങളും പുഴയിലേക്ക്‌ വലിച്ചെറിഞ്ഞ സ്ഥലം  പൊലീസിന്‌ കാണിച്ചു കൊടുത്തു. ഇതിനു പിന്നാലെ പുഴയിൽ തെരച്ചിൽ നടത്താൻ അഗ്നിരക്ഷാസേനയുടെ സഹായം തേടി. ഡിങ്കി ബോട്ട്‌ അടക്കമുള്ള സംവിധാനങ്ങളുമായി സ്‌കൂബാ സംഘം എത്തി. വലിയ പൊലീസ്‌ സംഘം പ്രദേശത്ത്‌ എത്തിയതറിഞ്ഞ്‌ പ്രദേശവാസികളും യാത്രക്കാരും പാലത്തിന്‌ മുകളിൽ തമ്പടിച്ചു. പകൽ 12.30ഓടെ പുഴയിൽ ഇറങ്ങിയ സ്‌കൂബാ സംഘം മിനിറ്റുകൾക്കകം വെള്ള നിറത്തിലുള്ള ചെറിയ പെട്ടി കണ്ടെത്തി.  അവിടെയുണ്ടായിരുന്ന എസ്‌ബിഐ പ്രതിനിധി എടിഎം കൗണ്ടറിലെ വീഡിയോ ദൃശ്യങ്ങൾ റെക്കോർഡ്‌ ചെയ്യുന്ന ഡിവിആറാണെന്ന്‌ സ്ഥിരീകരിച്ചു. അതിനു പിന്നാലെ  എടിഎമ്മിന്റെ ആദ്യത്തെ ട്രേ കണ്ടെത്തി. ചെളിയിൽ പൂണ്ട നിലയിലായിരുന്നു ചാര നിറത്തിലുള്ള ട്രേ. പിന്നാലെ അഞ്ച് ട്രേ കൂടി ലഭിച്ചു. ഇതിനു ശേഷമാണ്‌ ചാക്കിൽ കെട്ടിയ നിലയിൽ ഗ്യാസ്‌ കട്ടറും സിലിണ്ടറും ലഭിച്ചത്‌. കട്ടർ സിലിണ്ടറുമായി ബന്ധിപ്പിച്ച നിലയിലായിരുന്നു. കരയിലെത്തിച്ച്‌ പരിശോധിച്ചപ്പോൾ സിലിണ്ടറിൽ ഗ്യാസ്‌ ബാക്കിയുണ്ടായിരുന്നു. 10 മിനിറ്റിന്‌ ശേഷം ഒരു സിലിണ്ടർ കൂടി ലഭിച്ചു.  ഇതിനുപിന്നാലെ മൂന്നു എടിഎം ട്രേകൾ കൂടി കിട്ടി. ആകെ ഒമ്പത് ട്രേകളാണ് കിട്ടിയത്. ഇതിനിടയിൽ മഴ എത്തിയെങ്കിലും പരിശോധന തുടർന്നു. കേസുമായി ബന്ധപ്പെട്ട പ്രധാന തെളിവുകളും കവർച്ചയ്‌ക്ക്‌ ഉപയോഗിച്ച ആയുധങ്ങളും താണിക്കുടം പുഴയിൽ നിന്ന്‌  ലഭിച്ചശേഷമാണ്‌ പൊലീസ്‌ മടങ്ങിയത്‌. മോഷണശേഷം മണ്ണുത്തി ദേശീയ പാതയിലേക്ക്‌ രക്ഷപ്പെടാനുള്ള വഴി പ്രതികൾ ഗൂഗിൾ മാപ്പിൽ നോക്കിയിരുന്നു. ഈ സമയത്ത്‌ വഴിയിൽ പുഴയുള്ള കാര്യം മനസ്സിലാക്കിയാണ്‌ ആയുധങ്ങളും എടിഎം ഭാഗങ്ങളും ഇവിടെ ഉപേക്ഷിക്കാൻ തീരുമാനിച്ചത്‌. ഇക്രാം, ഷൗക്കീൻ,  സാബിർ ഖാൻ എന്നിവരാണ്‌ പുഴയിലേക്ക്‌ ആയുധങ്ങൾ വലിച്ചെറിഞ്ഞത്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top