21 November Thursday

മുണ്ടക്കൈ–ചൂരൽമല ദുരന്തം ഒരാളെയും സർക്കാർ കൈവിടില്ല: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2024

 

കൽപ്പറ്റ
മുണ്ടക്കൈ –-ചൂരൽമല ദുരന്തബാധിതരായ ഒരാളെയും സർക്കാർ കൈവിടില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൽപ്പറ്റയിൽ എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ റാലി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 
പുനരധിവാസം എല്ലാ മികവോടെയും നടപ്പാക്കും. ആർക്കും ആശങ്ക വേണ്ട.  ആഗ്രഹിക്കുംവിധം പുനരധിവാസം പൂർത്തിയാക്കും. ടൗൺഷിപ്പ്‌ മാത്രമല്ല, ആധുനിക സമൂഹം ജീവിക്കുമ്പോൾ പൊതുവായ സൗകര്യങ്ങൾ എന്തെല്ലാം ഉണ്ടാകണമോ അതെല്ലാമുള്ള ടൗൺഷിപ്പാകും. ജീവസന്ധാരണ മാർഗങ്ങളുമുണ്ടാകും. കേന്ദ്രസഹായം  ലഭിച്ചിട്ടില്ലെങ്കിലും പ്രതീക്ഷയിലാണ്‌. അതിന്റെ ഭാഗമായാണ്‌ പ്രധാനമന്ത്രി ഇവിടെ വന്നപ്പോഴും ഡൽഹിയിൽ പോയും നിവേദനം നൽകിയത്‌. മന്ത്രിസഭ പ്രത്യേകമായി ആവശ്യപ്പെട്ടു. നിയമസഭ ഏകകണ്ഠമായി ആവശ്യപ്പെട്ടു.
ഒന്നും തരാത്ത അനുഭവം കഴിഞ്ഞ കാലത്തുണ്ട്‌. സഹായം വൈകുന്നതിനെക്കുറിച്ച്‌  കോൺഗ്രസോ യുഡിഎഫോ പറയുന്നത്‌ കേട്ടില്ല. അത്‌ പറയണ്ടേ. നാടിന്റെ ആവശ്യമല്ലേ. 
തെറ്റായ രീതിയിൽ കാര്യങ്ങൾ വക്രീകരിക്കുകയാണ്‌. അതാണ്‌ മെമ്മോറാണ്ടത്തിലെ കാര്യങ്ങൾ വല്ലാത്ത രീതിയിൽ അവതരിപ്പിച്ചത്‌. ആ വാർത്ത നൽകിയ മാധ്യമങ്ങൾക്കുനേരെ കടുത്ത വിമർശനമാണ്‌ ഹൈക്കോടതി നടത്തിയത്‌. ചെയ്യാൻ പാടില്ലാത്ത കാര്യം ചെയ്‌തിട്ടും തെറ്റുപറ്റിയെന്ന്‌ പറഞ്ഞില്ല. രാഷ്‌ട്രീയത്തിൽ വ്യത്യസ്‌ത ചേരികളുണ്ട്‌. എന്നാൽ മാധ്യമങ്ങൾ ഇങ്ങനെയാണോ അവതരിപ്പിക്കേണ്ടത്‌. എത്‌ ഗണത്തിലാണ്‌ ഈ ദുരന്തം ഉൾപ്പെടുത്തുന്നതെന്ന്‌ പറയണമെന്ന്‌ കേന്ദ്രസർക്കാരിനോട്‌ ഹൈക്കോടതി ആവശ്യപ്പെട്ടു. 
സംസ്ഥാന സർക്കാർ ചെയ്യുന്ന കാര്യങ്ങൾ നിഷ്‌പക്ഷതയുള്ള എല്ലാവർക്കും ബോധ്യമാകും. പക്ഷപാതിത്വത്തിന്റെ കണ്ണിലൂടെ നോക്കുമ്പോൾ തെറ്റായി അവതരിപ്പിക്കാൻ താൽപ്പര്യമുണ്ടാകും. ദുരന്തനിവാരണ നിധിയിലേക്ക്‌ നൽകിയ തുക ചൂരൽമല സഹായമായി വ്യഖ്യാനിക്കുന്നവർ കേന്ദ്രസർക്കാരിനെ ന്യായീകരിക്കുകയാണ്‌. ദുരന്തത്തിൽ ലോകത്തിന്‌ മാതൃകയാകുംവിധം നാട്‌ ഒന്നിച്ചുനിന്നു. ഈ യോജിപ്പാണ്‌ കേരളത്തെ രാജ്യത്തിനും ലോകത്തിനും മുമ്പിൽ മാതൃകയാക്കി തീർക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top