21 November Thursday

സ്നേഹരഥമേറി

സിബി ജോർജ്‌Updated: Thursday Nov 7, 2024
പാലക്കാട്‌
എല്ലാവരെയും അറിഞ്ഞും അടുത്തിടപഴകിയും ജനപഥങ്ങളിൽ ഡോ. പി സരിന്റെ ജൈത്രയാത്ര. പേരെടുത്തുവിളിച്ചും തോളിൽ കൈയിട്ടും തലകുനിച്ചും കാൽപ്പാദങ്ങളിൽ തൊട്ടും മാനവസ്‌നേഹത്തിന്റെ ഊടുംപാവും നെയ്‌ത പ്രിയസ്ഥാനാർഥി നാട്ടുമനസ്സുകളിൽ ആഴത്തിൽ പതിഞ്ഞു. പാലക്കാടൻ സംസ്‌കാരത്തിന്റെ മുഖമുദ്ര പതിഞ്ഞ കൽപ്പാത്തി തെരുവുകളിലൂടെയായിരുന്നു ബുധൻ രാവിലെ മുതലുള്ള പ്രയാണം. വീട്ടകങ്ങളിൽ സ്‌നേഹത്തിന്റെ പൂച്ചെണ്ടുകളുമായി കൽപ്പാത്തി ജനത സ്വാഗതമേകി. 
രഥോത്സവ നാളുകളെ വരവേൽക്കാൻ ഒരുങ്ങിയ പുതിയ കൽപ്പാത്തിയിലും പഴയകൽപ്പാത്തിയിലും വീട്ടുകാരനായി അദ്ദേഹം ഹൃദയംചേർത്തു. ഉത്സവവിശേഷങ്ങളും നാട്ടുകാരോട്‌ ചോദിച്ചറിഞ്ഞു. 
ബന്ധങ്ങളും സൗഹൃദങ്ങളും പങ്കുവച്ച പലരും മാറുന്ന കൽപ്പാത്തിയുടെ മനസ്സ്‌ തുറന്നു. ‘‘പഠിപ്പും വിദ്യാഭ്യാസവുമുള്ള ആൾ വരട്ടെ’’–-ഗുരുകൃപയിൽ കൃഷ്‌ണൻ നാടിന്റെ വികാരം പ്രകടമാക്കി. വൈദ്യനാഥപുരം, ഗോവിന്ദരാജപുരം, വെങ്കിടേശ്വര നഗർ, ചാത്തപുരം, തോണിപ്പാളയം, വലിയപാടം  എന്നിവിടങ്ങളിലും വൈകിട്ട്‌ മാത്തൂർ പഞ്ചായത്തിലും സരിൻ വോട്ടർമാരെ കണ്ടു. 
നിറയെ പ്രതീക്ഷ
മഴക്കാലത്ത്‌ പ്രദേശത്തുണ്ടാകുന്ന വെള്ളക്കെട്ടിന്‌ പരിഹാരം കാണണമെന്നായിരുന്നു പ്രശാന്ത്‌ നഗറിലെ വീട്ടുകാരുടെ ആവശ്യം. വോട്ടുചോദിച്ചെത്തിയ ഡോ. പി സരിനോട്‌ പ്രശ്‌നം അവതരിപ്പിച്ചത്‌ റസിഡന്റ്‌സ്‌ അസോസിയേഷൻ സെക്രട്ടറി സുബ്രഹ്മണ്യൻ.  
നഗറിലെ താമസക്കാരനായ ചെറുകഥാകൃത്ത്‌ ടി കെ ശങ്കരനാരായണനും കാര്യങ്ങൾ വിശദീകരിച്ചു. നാടിനുവേണ്ടി പ്രവർത്തിക്കാൻ ഒരവസരം തന്നാൽ ശാശ്വത പരിഹാരം കാണുമെന്ന്‌ സരിൻ വ്യക്തമാക്കി.  പ്രദേശത്തെ വീടുകളും സന്ദർശിച്ചു.  
രക്ഷകരെ മറക്കുന്നതെങ്ങനെ 
അഗ്നിരക്ഷാസേനയുടെ ഡിങ്കി ബോട്ടുകളിൽ രക്ഷപ്പെട്ട മഹാപ്രളയകാലം തോണിപ്പാളയം, ചാലക്കടവ്‌ മേഖലകൾക്ക്‌ മറക്കാനായിട്ടില്ല. 
ഇനിയുമൊരു പ്രളയമുണ്ടായാലും മുങ്ങുന്ന ഈ പ്രദേശങ്ങളെ രക്ഷിക്കാൻ നിലവിലുണ്ടായിരുന്ന എംഎൽഎയും പാലക്കാട്‌ നഗരസഭയും ഒന്നുംചെയ്തില്ലെന്ന അമർഷത്തിലാണ്‌ ജനങ്ങൾ. പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന്‌ സരിനോടും നാട്ടുകാർ ആവശ്യപ്പെട്ടു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top