07 November Thursday
ഒരാളുടെ കാൽ മുറിച്ചുമാറ്റി

കാട്ടുപന്നികളുടെ ആക്രമണത്തിൽ 
2 സ്ത്രീകൾക്ക് ​ഗുരുതര പരിക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2024

പരിക്കേറ്റ സുലോചന

 

കുളത്തൂപ്പുഴ/ കടയ്‌ക്കൽ 
കുളത്തൂപ്പുഴ കടമാൻകോട് ശിവപുരത്തും കടയ്‌ക്കൽ പെരിങ്ങാടും കാട്ടുപന്നികളുടെ ആക്രമണത്തിൽ രണ്ടുസ്‌ത്രീകൾക്ക്‌ ഗുരുതര പരിക്ക്‌. ഒരാളുടെ കാൽ മുറിച്ചുനീക്കി. 
കുളത്തൂപ്പുഴ കടമാൻകോട് ശിവപുരം കണ്ടൻചിറ ഓയിൽഫാം തോട്ടത്തിൽ കാട് വെട്ടിക്കൊണ്ടിരുന്ന സാം നഗർ സ്വദേശിനി ബേബി(65), പെരിങ്ങാട് ആർ എസ് വിലാസത്തിൽ സുലോചന ( 60) എന്നിവർക്കാണ്‌ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്‌. ബേബിയുടെ കാലാണ്‌ മുറിച്ചത്‌. 
ബുധൻ പകൽ മൂന്നിനായിരുന്നു സംഭവം. കാട് വെട്ടുന്നതിനിടെ പന്നി ആക്രമിക്കാനെത്തുന്നത്‌ ശ്രദ്ധയിൽപ്പെട്ട മറ്റ് തൊഴിലാളികൾ ഓടിമാറി. ഓടിമാറുന്നതിനിടെ നിലത്തുവീണ  ഇവരെ പന്നി ആക്രമിക്കുകയായിരുന്നു. ബേബിയുടെ കാലിലെ മാംസം പന്നി കടിച്ചെടുത്തു. എല്ല് തെളിഞ്ഞ നിലയിലായിരുന്നു. ഒപ്പമുണ്ടായിരുന്നവർ കല്ലെറിഞ്ഞാണ്‌ പന്നിയെ ഓടിച്ചത്. ബേബിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി കാൽ മുറിച്ചുമാറ്റുകയായിരുന്നു.  
ശിവപുരം, കടമാൻകോട് ഭാഗങ്ങളിൽ കാട്ടുപന്നിശല്യം രൂക്ഷമാണ്. കൃഷിനശിപ്പിക്കലും നാട്ടുകാരെ ആക്രമിക്കലും പതിവാണ്‌. പന്നിശല്യം ഒഴിവാക്കാൻ വനംവകുപ്പോ ബന്ധപ്പെട്ട അധികൃതരോ നടപടി സ്വകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ഹെക്ടർ കണക്കിന് എണ്ണപ്പന ഉള്ളതിനാൽ ചൂട് അകറ്റാൻ കിടന്നതായിരുന്നു ഒറ്റയാൻ പന്നിയെന്നാണ് ലഭിക്കുന്ന വിവരം. ഏഴംകുളം ഫോറസ്റ്റ് അധികൃതർ ബേബിയുടെ മൊഴിയെടുത്തു. കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റ ബേബിക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.  തുടയെല്ല് പൊട്ടിയതിനാൽ വീണ്ടും ശസ്ത്രക്രിയ നടത്തണമെന്ന്‌ ആശുപത്രി അധികൃതർ അറിയിച്ചു. കുളത്തൂപ്പുഴ പൊലീസ്‌ മേൽനടപടികൾ സ്വീകരിച്ചു. 
ആടിന് തീറ്റ ശേഖരിക്കുന്നതിനിടെയാണ്‌ കടയ്‌ക്കൽ പെരിങ്ങാട് ആർ എസ് വിലാസത്തിൽ സുലോചനയെ ( 60) കാട്ടുപന്നി ആക്രമിച്ചത്‌. ബുധൻ വൈകിട്ട് എണ്ണപ്പന തോട്ടത്തിനോട് ചേർന്ന പുരയിടത്തിലായിരുന്നു സംഭവം.  വലതുകൈയ്ക്ക് ഗുരുതര പരിക്കേറ്റ ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട്  കടയ്ക്കൽ താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു.  കൈക്ക് ഒടിവുള്ളതിനാൽ മുറിവുണങ്ങിയ ശേഷം ശസ്ത്രക്രിയ ചെയ്യണമെന്നാണ് ഡോക്ടർമാരുടെ നിർദേശം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top