കൊല്ലം
ചവറ കെഎംഎംഎല്ലിലെ രാസമാലിന്യം ഇനി മൂല്യവർധിത ഉൽപ്പന്നമായി മാറും. ഇതിനായി കമ്പനിയിൽ അയൺ ഓക്‌സൈഡ് റസിഡ്യൂ പ്രോസസിങ് പ്ലാന്റും ഇടിപി സ്ലഡ്ജ് പ്രോസസിങ് പ്ലാന്റും സ്ഥാപിക്കും. സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത ടെട്രാബിക് എന്ന ജൻമൻ കമ്പനിയാണ് പ്ലാന്റുകൾ സ്ഥാപിക്കുന്നത്. ഇതിലേക്കായി കെഎംഎംഎല്ലിന്റെ അഞ്ച് ഏക്കർ ഭൂമി 10 വർഷത്തേക്ക് ടെട്രാബിക്കിന് പാട്ടത്തിനു നൽകും. ഇതുസംബന്ധിച്ച കരാറിൽ ഏർപ്പെടാൻ കെഎംഎംഎൽ ഡയറക്ടർക്ക് ബുധനാഴ്‌ച ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗം അനുമതിനൽകി. സ്ഥാപിക്കാൻ ടെട്രാബിക് കമ്പനിക്ക് പ്ലാന്റുകൾ പൂർണമായും ടെട്രാബികിന്റെ ചെലവിലാണ് നിർമിക്കുന്നത്. നടത്തിപ്പും കമ്പനിക്കാണ്. ഭൂമി വിട്ടുനൽകുന്നതിന്റെ പാട്ടത്തുകയും രാസമാലിന്യം ടൺ കണക്കാക്കി നൽകുന്നതിന്റെ വിലയും കെഎംഎംഎല്ലിന് സാമ്പത്തിക നേട്ടമാകും. രാസമാലിന്യമായ അയൺ ഓക്‌സൈഡ് സ്ലറി ഏറെക്കാലമായി കോൺക്രീറ്റ് ടാങ്കിൽ കെട്ടിക്കിടക്കുകയാണ്. കുഴമ്പുപരുവത്തിൽ കിടക്കുന്ന അയൺ ഓക്‌സൈഡ് സ്ലറി പ്ലാന്റിൽ പ്യൂരിഫൈ ചെയ്‌ത് പൗഡറാക്കി മാറ്റിയാണ് മൂല്യവർധിത ഉൽപ്പന്നമാക്കുന്നത്. ഇത് പെയ്‌ന്റ്, റെഡ് ഓക്‌സൈഡ് തുടങ്ങിയവയുടെ ഉൽപ്പാദനത്തിനായി ഉപയോഗിക്കാവുന്നതാണ്. ടൈറ്റാനിയം ഡയോക്‌സൈഡ് ഉൽപ്പാദിപ്പിക്കുമ്പോൾ വരുന്ന മാലിന്യം സൂക്ഷിക്കുന്ന മറ്റൊരു ടാങ്കും കമ്പനിയിലുണ്ട്. ഈ ടാങ്കും നിറഞ്ഞനിലയിലാണ്. ഇത് ഇടിപി സ്ലഡ്ജ് പ്രോസസിങ് പ്ലാന്റിൽ സിന്തറ്റിക് റൂട്ടൈലായും പെട്രോളിയം കോക്കായും മാറ്റിയശേഷം മൂല്യവർധിത ഉൽപ്പന്നമാക്കി മാറ്റും. അടുത്തഘട്ടത്തിൽ ഈ രാസമാലിന്യത്തിൽനിന്ന് ടൈറ്റാനിയം ടെട്രാ ക്ലോറൈഡ് ഉൽപ്പാദിപ്പിക്കാനും കഴിയും. പ്ലാന്റുകളിൽ ഉൽപ്പാദിപ്പിക്കുന്ന മൂല്യവർധിത ഉൽപ്പന്നങ്ങൾ പലതും കെഎംഎംഎല്ലിൽ ടൈറ്റാനിയം പിക്‌മെന്റ്, ടൈറ്റാനിയം സ്‌പോഞ്ച് എന്നിവയുടെ ഉൽപ്പാദനത്തിന് ഉപയോഗിക്കാവുന്നവയാണെന്ന പ്രത്യേകതയുമുണ്ട്. ടെട്രാബിക്കിന്റെ ഇന്ത്യയിലെ ഓഫീസ് ഹൈദരാബാദിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..